ഹിഗ്വിറ്റ എന്ന പേരില്‍ സിനിമ; ഏറെ ദുഃഖകരമെന്ന് എന്‍.എസ് മാധവന്‍
|''ഒരു എഴുത്തുകാരനും എന്റെ ദുരവസ്ഥ ഉണ്ടാവാതിരിക്കട്ടെ''
സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമ ഹിഗ്വിറ്റക്കെതിരെ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. തലമുറകൾ സ്‌കൂളിൽ പഠിച്ച തന്‍റെ കഥയുടെ തലക്കെട്ടില്‍ തനിക്കുള്ള അവകാശം മറി കടന്നാണ് ഈ സിനിമ ഇറങ്ങുന്നതെന്നും മറ്റൊരാള്‍ക്കും ഈ ദുരവസ്ഥ ഉണ്ടാവാതിരിക്കട്ടെ എന്നും എന്‍.എസ് മാധവന്‍ കുറിച്ചു. ഹിഗ്വിറ്റ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് എന്‍.എസ് മാധവന്‍റെ പ്രതികരണം.
''മലയാള സിനിമ എന്നും എഴുത്തുകാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട്. തലമുറകൾ സ്‌കൂളില്‍ പഠിച്ച എന്‍റെ കഥയുടെ തലക്കെട്ടില്‍ എനിക്കുള്ള അവകാശം മറി കടന്നാണ് ഈ സിനിമ ഇറങ്ങുന്നത്. ഒരു ഭാഷയിലും ഒരു എഴുത്തുകാരനും എന്റെ ദുരവസ്ഥ ഉണ്ടാവാതിരിക്കട്ടെ.. ഒന്നേ പറയാനുള്ളൂ.. ഇത് ഏറെ ദുഖകരമാണ്''- എന്‍.മാധവന്‍ ട്വീറ്റ് ചെയ്തു.
ഹേമന്ത് .ജി.നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ഹിഗ്വിറ്റ' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നാണ് പുറത്തിറങ്ങിയത്. ശശി തരൂർ എം.പി.യുടെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. സെക്കൻ്റ് ഹാഫ് പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് മാംഗോസ് എൻ കോക്കനട്ട് സിസിൻ്റെ ബാനറിൽ ബോബി തര്യൻ - സജിത് അമ്മ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
ആലപ്പുഴയിലെ ഫുട്ബോൾ പ്രേമിയായ ഒരു ഇടതു പക്ഷ യുവാവിന് സ്പോർട്സ് ക്വാട്ടയിൽ കണ്ണൂരിലെ ഒരു ഇടതു നേതാവിൻ്റെ ഗൺമാനായി നിയമനം ലഭിക്കുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ധ്യാൻ ശ്രീനിവാസൻ ഗൺമാനേയും സുരാജ് വെഞ്ഞാറമൂട് ഇടതുപക്ഷ നേതാവിനേയും പ്രതിനിധീകരിക്കുന്നു.