Movies
സിനിമ റിലീസായ ദിവസം ഞാന്‍ പൊട്ടിക്കരഞ്ഞു; ആരാധകര്‍ക്ക് ദുല്‍ഖറിന്‍റെ വൈകാരിക കുറിപ്പ്
Movies

'സിനിമ റിലീസായ ദിവസം ഞാന്‍ പൊട്ടിക്കരഞ്ഞു'; ആരാധകര്‍ക്ക് ദുല്‍ഖറിന്‍റെ വൈകാരിക കുറിപ്പ്

Web Desk
|
9 Aug 2022 12:43 PM GMT

കുറഞ്ഞ ദിവസം കൊണ്ട് ആഗോളതലത്തില്‍ 25 കോടിയാണ് ദുല്‍ഖര്‍ ചിത്രം സീതാരാമം വാരിക്കൂട്ടിയത്

ദുൽഖർ സൽമാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തെലുങ്കു ചിത്രം 'സീതാരാമം' മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. ആഗസ്ത് 5നാണ് ചിത്രം റിലീസ് ചെയ്തത്. സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് ഇന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. കുറഞ്ഞ ദിവസം കൊണ്ട് ആഗോളതലത്തില്‍ 25 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. 6.1 കോടി രൂപയായിരുന്നു ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍.

ചിത്രത്തിലെ ദുൽഖറിന്‍റെ പ്രകടനത്തിന് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ അഭിനന്ദന പ്രവാഹമാണ്. ഇപ്പോൾ ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിൽ പങ്കു വച്ച ദീർഘമായ കുറിപ്പിലൂടെയാണ് താരം ആരാധകർക്ക് നന്ദി അറിയിച്ചത്.

നിരവധി പ്രതിഭകളുടെ പ്രയത്‌നമാണ് 'സീതാരാമം' എന്നും അതിന്‍റെ പിന്നണിയിൽ പ്രവർത്തിച്ച ഓരോരുത്തരുമാണ് സിനിമയെ മനോഹരമാക്കിയതെന്നും ദുൽഖർ കുറിച്ചു. തന്നെ ഏറ്റെടുത്ത തെലുങ്ക് സിനിമാ പ്രേമികള്‍ക്ക് നന്ദി അറിയിച്ചാണ് താരത്തിന്‍റെ വൈകാരികമായ കുറിപ്പ് അവസാനിക്കുന്നത്.

കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

"ഓകെ ബംഗാരം" ആണ് തെലുങ്കിൽ ഡബ്ബ് ചെയ്ത് റിലീസ് ചെയ്ത എന്‍റെ ആദ്യ സിനിമ. ആ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കിയ മണി സാറിന് നന്ദി. നിങ്ങളെല്ലാവരും ചേര്‍ന്നാണ് എനിക്ക് ആ അവസരം നല്‍കിയത്. തെലുങ്കില്‍ എന്‍റെ ആദ്യ യാത്രയിൽ തന്നെ അളവറ്റ സ്നേഹമാണെനിക്ക് ലഭിച്ചത്. പിന്നീട് നാഗിയും വൈജയന്തിയും ചേർന്ന് എനിക്ക് "മഹാനടി"യിൽ ജെമിനിയായി അഭിനയിക്കാൻ അവസരം നൽകി. ആ സിനിമയിലൂടെ എനിക്ക് ലഭിച്ച സ്നേഹവും ബഹുമാനവും ഞാൻ പ്രതീക്ഷിച്ചതിലും ഏറെയായിരുന്നു. ഞാൻ പോകുന്നിടത്തെല്ലാം "അമ്മാടി" എന്ന വിളികള്‍ കേള്‍ക്കുന്നത് സ്ഥിരമായി. "കണ്ണും കണ്ണും കൊള്ളയടിത്താൽ", "കുറുപ്പ്" എന്നിവ ഡബ്ബ് ചെയ്ത സിനിമകളായിരുന്നു, എന്നിട്ടും ആ സിനിമകൾക്ക് നിങ്ങൾ നൽകിയ സ്നേഹം എനിക്ക് ഒരിക്കലും മറക്കാനാവാത്തതാണ്.

സ്വപ്‌നയും ഹനുവും "സീത രാമം" എന്ന ചിത്രവുമായി എന്നെ സമീപിച്ചപ്പോൾ, ഞാൻ സുരക്ഷിതമായ കൈകളിലാണെന്ന് എത്തിച്ചേര്‍ന്നത് എന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. അവര്‍ ഒരു മികച്ച സിനിമ തന്നെ നൽകുമെന്ന് എനിക്കറിയാമായിരുന്നു. സിനിമാ ചരിത്രത്തില്‍ എന്തെങ്കിലും വഴിത്തിരിവ് സൃഷ്ടിക്കുന്ന തെലുങ്ക് സിനിമകൾ മാത്രമേ ചെയ്യാൻ ഞാൻ ആഗ്രഹിച്ചിരുന്നുള്ളൂ. നിരവധി പ്രതിഭകളുടെ പ്രയത്‌നമാണ് സീതാരാമം. അതിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഓരോരുത്തരുമാണ് സിനിമയെ മനോഹരമാക്കിയത്. സിനിമ റിലീസായ ദിവസം ഞാൻ കരയുകയായിരുന്നു. ആളുകൾ എങ്ങനെ സിനിമയെ സ്വീകരിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. ഹനു, മൃണാൾ, രശ്മിക, സുമന്ത് അണ്ണ, വിശാൽ, പിഎസ് വിനോദ് സാർ, പിന്നെ ഞാനെല്ലാവരോടും നിങ്ങൾ കാണിക്കുന്ന സ്നേഹം വാക്കുകളിൽ വിശദീകരിക്കാൻ കഴിയുന്ന ഒന്നല്ല. തെലുങ്കിലെ സിനിമയെ പ്രേമിക്കുന്നവര്‍ക്ക് നന്ദി. സിനിമ എന്ന കലയെ മനോഹരമായി വിശ്വസിക്കുന്നവര്‍ക്ക് നന്ദി. എന്നെ നിങ്ങളുടേതാണെന്ന് തോന്നിപ്പിച്ചതിന് നന്ദി."-ദുല്‍ഖര്‍ കുറിച്ചു.


Similar Posts