തലൈവനാകണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുവെങ്കിൽ അങ്ങനെയാകട്ടെ: രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് വിജയ്
|10 വർഷത്തിന് ശേഷമാണ് വിജയ് ഒരു അഭിമുഖ പരിപാടിയിൽ പങ്കെടുക്കുന്നത്
രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ശുഭ സൂചനകൾ നൽകി തമിഴ് സൂപ്പർ താരം വിജയ്. 'ദൈവം ഇച്ഛിച്ചാൽ' താൻ രാഷ്ട്രീയത്തിൽ വരുമെന്ന് രജനീകാന്ത് എപ്പോഴും പറഞ്ഞിരുന്നു. ഞാൻ ദളപതിയാവണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്, തലൈവനാകണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുവെങ്കിൽ അങ്ങനെയാകട്ടെ, വിജയ് പറഞ്ഞു. സൺ ടിവിക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരത്തിന്റെ പരാമർശം. ബീസ്റ്റ് സംവിധായകൻ നെൽസൺ ദിലീപ്കുമാറാണ് അഭിമുഖം നടത്തിയത്.
ഇളയ ദളപതിയിൽ നിന്ന് 'ദളപതി' ആയി മാറി, ഇനി 'തലൈവൻ' ആയി മാറുമോ എന്നായിരുന്നു ദിലീപ് കുമാറിന്റെ ചോദ്യം. 2021ലെ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനായി പോളിങ് ബുത്തിലേക്ക് സൈക്കിളിൽ പോയതിന് പിന്നിലെ കാരണം എന്താണെന്ന ചോദ്യത്തിനും വിജയ് മറുപടി നല്കി. വോട്ടുചെയ്യാൻ സൈക്കിളിൽ പോകുന്ന വിഡിയോ താരം ഇന്ധനവില വർധനവിനെതിരായ പ്രതിഷേധിക്കുകയാണെന്ന തരത്തിൽ വിലയിരുത്തപ്പെട്ടിരുന്നു. പോളിങ് സ്റ്റേഷൻ വീടിന് തൊട്ടടുത്തായതിനാലാണ് സൈക്കിൾ ഉപയോഗിച്ചതെന്നും അതിന് മറ്റ് ലക്ഷ്യങ്ങളില്ലെന്നും വിജയ് പറഞ്ഞു.
തമിഴ് ചിത്രം ബീസ്റ്റിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികളും വിജയ് ആരാധകരും. ഒരു ദശാബ്ദത്തിന് ശേഷമാണ് വിജയ് ഒരു അഭിമുഖ പരിപാടിയിൽ പങ്കെടുക്കുന്നത്. എന്തുകൊണ്ടാണ് നിങ്ങൾ മാധ്യമങ്ങൾക്ക് അഭിമുഖം നൽകാത്തത് എന്നായിരുന്നു നെൽസന്റെ ചോദ്യം. ഒട്ടും മടികാണിക്കാതെ തമിഴ് സൂപ്പർ താരം മറുപടി നൽകി.
''ഏതാണ്ട് 10 വർഷം മുമ്പാണെന്ന് തോന്നുന്നു ഞാൻ അവസാനമായി അഭിമുഖം നൽകിയത്. ആ അഭിമുഖത്തിൽ എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ട പോലെ എനിക്ക് തോന്നി. ഞാൻ അതിൽ നിരാശപ്പെട്ടു. എന്റെ വീട്ടുകാർ പോലും എന്നോട് ചോദിച്ചു, എന്തിനാണ് ഇത്ര അഹങ്കാരത്തോടെ സംസാരിക്കുന്നതെന്ന്, ഞാൻ അയാളെ വിളിച്ചു, ഞാൻ അങ്ങനയല്ല ഉദ്ദേശിച്ചതെന്ന് ബോധ്യപ്പെടുത്തി, ഇത്തരമൊരു അനുഭവം ഉണ്ടായത് കൊണ്ടാണ് ഞാൻ അഭിമുഖങ്ങളിൽ നിന്നും വിട്ടു നിന്നത്,'' വിജയ് വിശദമാക്കി.
ഏപ്രിൽ 13 നാണ് ബീസ്റ്റ് ബിഗ് സ്ക്രീനുകളിൽ വേൾഡ് വൈഡ് പ്രദർശനത്തിനെത്തുന്നത്. ചിത്രം ബോക്സ് ഓഫീസിലെ നിരവധി റെക്കോർഡുകൾ തകർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ എത്തുന്നുണ്ട്. ശെൽവരാഘവൻ, ഷൈൻ ടോം ചാക്കോ, ജോൺ വിജയ്, ഷാജി ചെൻ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിലുണ്ട്.