ഐഎംഡിബി റേറ്റിങ്ങിൽ 'ജയ് ഭീം' ഒന്നാമത്; എക്കാലത്തെയും ഉയർന്ന റേറ്റിംഗ്
|നവംബർ രണ്ടിന് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വഴിയാണ് ജ്ഞാനവേൽ സംവിധാനം ചെയ്ത ജയ് ഭീം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മികച്ച പ്രതികരണം നേടിയ ചിത്രം സൂര്യയുടെ കരിയറിൽ തന്നെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചു.
ഐഎംഡിബി പട്ടികയിൽ ഒന്നാമതെത്തി തമിഴ് ചിത്രം ജയ്ഭീം. എക്കാലത്തെയും മികച്ച റേറ്റിങ് നേടിയാണ് സൂര്യ ചിത്രം മുന്നിലെത്തിയത്. ഹോളിവുഡ് ചിത്രമായ ഷോഷോങ്ക് റിഡംപ്ഷനെ പിന്തള്ളിയാണ് ജയ് ഭീമിന്റെ നേട്ടം. ഷോഷോങ്ക് റിഡംപ്ഷന് 9.3 ആണ് റേറ്റിങ് എങ്കിൽ ജയ് ഭീമിന് 9.6 ഉണ്ട്.
ലോക സിനിമകളെ റേറ്റ് ചെയ്യുന്ന വെബിസൈറ്റാണ് ഐഎംഡിബി എന്ന ചുരുക്ക പേരിൽ വിളിക്കുന്ന ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്. സിനിമകൾക്ക് പുറമെ ടിവി- വെബ് സീരീസുകൾ, ഗെയിമുകൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങളും ഐഎംഡിബിയിലുണ്ട്. ദി ഷോഷാങ്ക് റിഡംപ്ഷൻ (9.3), ദി ഗോഡ്ഫാദർ (9.2), മറ്റൊരു മികച്ച സൂര്യ ചിത്രമായ സൂരറൈ പൊട്ട്രു (9.1), ദ ഡാർക്ക് നൈറ്റ് (9.0) തുടങ്ങിയ ചിത്രങ്ങളാണ് ഐഎംഡിബിയിൽ മികച്ച റേറ്റിങ്ങുള്ള മറ്റു ചിത്രങ്ങൾ.
നവംബർ രണ്ടിന് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വഴിയാണ് ജ്ഞാനവേൽ സംവിധാനം ചെയ്ത ജയ് ഭീം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മികച്ച പ്രതികരണം നേടിയ ചിത്രം സൂര്യയുടെ കരിയറിൽ തന്നെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചു. സൂര്യയോടപ്പം ലിജോ മോൾ ജോസ്, മണികണ്ഠൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം കോർട്ട് റൂം ഡ്രാമയാണ്. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിന് നീതി നേടിക്കൊടുക്കുന്ന അഭിഭാഷകനായി ചന്ദ്രു എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സൂര്യ അവതരിപ്പിക്കുന്നത്.
2ഡി എന്റർടെയിൻമെന്റിന്റെ ബാനറിൽ സൂര്യ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രജിഷ വിജയൻ, പ്രകാശ് രാജ്, റാവു രമേഷ്, ഗുരു സോമസുന്ദരം, എംഎസ് ഭാസ്‌ക്കർ, ഇളവരസ്, ജയപ്രകാശ്, തമിഴ് എന്നിങ്ങനെ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. യുഗഭാരതിയുടെ വരികൾക്ക് സീൻ റോൾദാനാണ് സംഗീതം നൽകിയത്. എസ് ആർ കതിർ ആണ് ഛായഗ്രാഹകൻ. ഫിലോമിൻ രാജ് എഡിറ്റിങ് നിർവഹിച്ചു.