'ഇനി സൂപ്പർമാൻ കുപ്പായത്തിൽ ഇല്ല'- ഹെൻറി കാവിൽ
|70 വർഷങ്ങൾക്ക് മുൻപാണ് സൂപ്പർമാൻ ആദ്യമായി ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്
ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ ഒരേസമയം അമ്പരപ്പിക്കുകയും ആവേശത്തിലാഴ്ത്തുകയും ചെയ്ത പേരാണ് സൂപ്പർമാൻ. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള സൂപ്പർ ഹീറോ 70 വർഷങ്ങൾക്ക് മുൻപാണ് ആദ്യമായി ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. നിരവധി താരങ്ങൾ സൂപ്പർമാൻ കുപ്പായത്തിൽ ഈ കാലയളവിൽ വന്നുപോയി. അവസാനമായി എത്തിയത് ഹെൻറി കാവിൽ ആയിരുന്നു. ഇപ്പോഴിതാ ഇനി സൂപ്പർമാൻ ആകാൻ താനില്ല എന്ന് താരം അറിയിച്ചിരിക്കുന്നു. പുതിയ സൂപ്പർമാൻ കുപ്പായത്തിൽ ഹെൻറി കാവിൽ വരുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ആരാധകരെ നിരാശപ്പെടുത്തുന്നതാണ് പ്രഖ്യാപനം.
ഹെൻറി തന്നെയാണ് സങ്കടകരമായ വാർത്ത ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഡിസി ഫിലിംസിന്റെ നേതൃത്വം വഹിക്കുന്ന ജയിംസ് ഗൺ, പീറ്റർ സഫ്രൻ എന്നിവരുമായി നടത്തിയ ചർച്ചയ്ക്കു ശേഷമായിരുന്നു ഈ കാര്യം തീരുമാനമായതെന്ന് താരം പറയുന്നു.
''ജയിംസ് ഗണ്ണുമായും പീറ്റർ സഫ്രാനുമായുള്ള ചർച്ച ഇപ്പോൾ കഴിഞ്ഞു. എല്ലാവരെയും സങ്കടപ്പെടുത്തുന്ന വാർത്തയാണ് പറയുവാനുള്ളത്. സൂപ്പർമാനായി ഇനി എന്റെ തിരിച്ചുവരവ് ഉണ്ടാകില്ല. ഒക്ടോബറിൽ സ്റ്റുഡിയോ തന്നെ എന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നതാണ്. അതുകൊണ്ട് തന്നെ ഈ വാർത്ത എന്നെ തളർത്തുന്നു. പക്ഷേ ജീവിതം ഇങ്ങനെയൊക്കെയാണ്. ഞാനവരുടെ തീരുമാനത്തെ അംഗീകരിക്കുന്നു. ജയിംസിനും പീറ്ററിനും പുതിയൊരു യൂണിവേഴ്‌സ് സൃഷ്ടിക്കണം. അവരുടെ ഭാവി പരിപാടികൾക്ക് എല്ലാ ആശംസകളും നേരുന്നു.
എന്റെ ഒപ്പം നിന്ന ആളുകളോട് സൂപ്പർമാൻ ഇപ്പോഴും നിങ്ങൾക്കൊപ്പമുണ്ട്. അയാൾ സൃഷ്ടിച്ച ഉദാഹരണങ്ങളും നിലപാടുകളും എന്നും അവിടെതന്നെ ഉണ്ടാകും.''ഹെൻറി കുറിച്ചു.
ഡിസിയുടെ ഏറ്റവും പുതിയ ചിത്രമായ ബ്ലാക് ആദത്തിന്റെ പോസ്റ്റ് ക്രെഡിറ്റ് സീനിൽ സൂപ്പർമാനായി ഹെൻറി കാവിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സൂപ്പർമാന്റെ ചെറുപ്പകാലത്തെക്കുറിച്ചുള്ള കഥ സിനിമയാക്കാനാണ് ഡിസി പദ്ധതിയിടുന്നത്. ഇതിലേക്ക് പുതിയ താരത്തെ പരിഗണിക്കാനാണ് ഡിസിയുടെ തീരുമാനം.
2013ൽ സാക്ക് സ്‌നൈഡർ സംവിധാനം ചെയ്ത മാൻ ഓഫ് സ്റ്റീൽ എന്ന ചിത്രത്തിലൂടെയാണ് ഹെൻറി ആദ്യമായി സൂപ്പർമാന്റെ കുപ്പായമണിയുന്നത്. പിന്നീട് ബാറ്റ്മാൻ വേഴ്‌സസ് സൂപ്പർമാൻ, ജസ്റ്റിസ് ലീഗ് എന്നീ സിനിമകളിലൂടെയും സൂപ്പർമാനായി ഹെൻറി തിളങ്ങി.
സൂപ്പർമാൻ-ഏഴുപതിറ്റാണ്ടിന്റെ തിളക്കം
ലോകത്തിലെ ഏറ്റവും പ്രശസ്തനും ജനപ്രിയവുമായി കണക്കാക്കപ്പെടുന്ന അമാനുഷിക കഥാപാത്രമാണ് സൂപ്പർമാൻ. ജെറി സീഗൽ, ജോ ഷുസ്റ്റർ എന്നിവർ ചേർന്ന് 1932 ലാണ് കഥാപാത്രത്തിന് ജന്മം നൽകുന്നത്. സൂപ്പർമാൻ ആദ്യമായി പ്രത്യക്ഷപ്പെട്ടത് 1938ൽ ജൂണിൽ പുറത്തിറങ്ങിയ ആക്ഷൻ കോമിക്സ് പുസ്തകത്തിലാണ്.
ക്രിപ്റ്റ എ ഗ്രഹത്തിൽ കാൽ-എൽ എ പേരിൽ ജനിച്ചതെന്നാണ് സൂപ്പർമാന്റെ ആരംഭത്തേക്കുറിച്ചുള്ള കഥ. ക്രിപ്റ്റ ഗ്രഹം നശിക്കുതിന് അൽപ നിമിഷങ്ങൾ മുമ്പ്, ശിശുവായ കാൽ-എലിനെ പിതാവ് ജോർ-എൽ ഒരു റോക്കറ്റിൽ കയറ്റി ഭൂമിയിലേക്കയക്കുന്നു. കാനസിലെ ഒരു കർഷക കുടുംബം അവനെ കണ്ടെത്തുകയും ക്ലാർക്ക് കെന്റ് എന്ന പേരിൽ വളർത്തുന്നു. വളരെ ചെറുപ്പത്തിൽ തന്നെ കെന്റ് അമാനുഷിക ശക്തികൾ പ്രകടിപ്പിക്കാൻ തുടങ്ങി. മുതിർന്ന ശേഷം, തന്റെ ശക്തികൾ മാനവരാശിയുടെ നന്മക്കായി ഉപയോഗിക്കുവാൻ കെന്റ് തീരുമാനിക്കുന്നു.
റേഡിയോ പരമ്പരകൾ, ടെലിവിഷൻ പരിപാടികൾ, ചലച്ചിത്രങ്ങൾ, വീഡിയോ ഗെയിമുകൾ എിവയിലെല്ലാം സൂപ്പർമാൻ പ്രത്യക്ഷപ്പെട്ടു. സൂപ്പർമാന്റെ വിജയം സൂപ്പർഹീറോ എന്നൊരു സാഹിത്യ വിഭാഗത്തിന്റെ ഉദ്ഭവത്തിനും അമേരിക്കൻ കോമിക് പുസ്തക പ്രസാധക മേഖലയിൽ ആധിപത്യം സ്ഥാപിക്കുന്നതിനും കാരണമായി.
1951 ൽ പുറത്തിറങ്ങിയ സൂപ്പർമാൻ ആൻഡ് ദി മോൾ മെൻ ആണ് ആദ്യത്തെ സൂപ്പർ മാൻ ഫീച്ചർ ഫിലിം. ലീ ഷോലെം സംവിധാനം ചെയ്ത ചിത്രത്തിൽ ജോർജ് റീവ്‌സ് സൂപ്പർമാൻ ആയി പ്രത്യക്ഷപ്പെടുന്നത്. ഡിസി കോമിക്സ് കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഫീച്ചർ ഫിലിം ആയിരുന്നു ഇത്. ജോർജ് റീവ്സിനെ കൂടാതെ ക്രിക്ക് ലിൻ, ക്രസ്റ്റഫർ റീവ്, ബ്രൻഡൺ റൂത്ത് ഹെൻറി കാവിൽ എന്നിവർ വിവിധ വർഷങ്ങളിൽ സൂപ്പർമാനായി എത്തി.