ജയഭാരതിയുടെ കിക്ക് ഇനി ഒടിടിയിൽ; 'ജയ ജയ ജയ ഹേ' ഹോട്ട്സ്റ്റാറിൽ
|ഒക്ടോബർ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ കുടുംബ പ്രേക്ഷകരെയും കയ്യിലെടുത്തു
തിയറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായവും കളക്ഷനും നേടിയ ചിത്രം ജയ ജയ ജയ ഹേ ഇനി ഒടിടിയിൽ കാണാം. ബേസിൽ ജോസഫ് ദർശന എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ജയ ചിത്രം ഇന്നുമുതൽ ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിലൂടെ സ്ട്രീം ചെയ്യും. വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് തിയറ്ററുകളിലേക്ക് ആളെ കയറ്റിയത്. ഒക്ടോബർ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം കുടുംബ പ്രേക്ഷകരെയും കയ്യിലെടുത്തു.
തിയറ്ററിലെ വിജയത്തിന് ശേഷം ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് ഡിസംബറിൽ ഉണ്ടാവുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. ബേസിലിനും ദർശന രാജേന്ദ്രനുമൊപ്പം സുധീർ പറവൂർ, അജു വർഗീസ്, അസീസ് നെടുമങ്ങാട്, ആനന്ദ് മന്മദൻ എന്നിവരുടെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ അമ്മ വേഷം ചെയ്ത കനകം, ഉഷ ചന്ദ്രബാബു തുടങ്ങിയവരുടെ പ്രകടനത്തിനും ഏറെ കയ്യടി നേടി.
വിപിൻ ദാസിനൊപ്പം നാഷിദ് മുഹമ്മദ് ഫാമിയും ചിത്രത്തിന്റെ തിരക്കഥയിൽ പങ്കാളിയാണ്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്. ബാബ്‌ലു അജുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജോൺ കുട്ടിയാണ് എഡിറ്റിങ്. ചിയേഴ്‌സ് എന്റർടെയ്ൻമെന്റിന്റിന്റെ ബാനറിൽ ചിത്രത്തിന്റെ നിർമാണം ലക്ഷ്മി മേനോൻ, ഗണേഷ് മേനോൻ എന്നിവരായിരുന്നു.
പാൽതു ജാൻവറിന് ശേഷം ബേസിലിന്റെ മറ്റൊരു ഹിറ്റായിരുന്നു ജയ ജയ ഹേ സംവിധാനത്തിനൊപ്പം അഭിനയത്തിലും കഴിവ് തെളിയിക്കുന്ന ബേസിലിന് മികച്ച വർഷമായിരുന്നു 2022. താരം സംവിധാനം ചെയ്ത മിന്നൽ മുരളിയിലൂടെ സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ് 2022 ൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം ബേസിലിന് ലഭിച്ചിരുന്നു.