![കൊച്ചിന് സ്‌കൂളിൽ കൊണ്ട് പോകാൻ ഉണ്ടാക്കിയതാ...കൊറച്ച് മോനും കഴിച്ചോ.... കൊച്ചിന് സ്‌കൂളിൽ കൊണ്ട് പോകാൻ ഉണ്ടാക്കിയതാ...കൊറച്ച് മോനും കഴിച്ചോ....](https://www.mediaoneonline.com/h-upload/2021/11/24/1260173-jaya2.webp)
''കൊച്ചിന് സ്‌കൂളിൽ കൊണ്ട് പോകാൻ ഉണ്ടാക്കിയതാ...കൊറച്ച് മോനും കഴിച്ചോ....''
![](/images/authorplaceholder.jpg?type=1&v=2)
കൊച്ചു മകനായി ഉണ്ടാക്കിയ ഭക്ഷണത്തിൽ നിന്നൊരു പങ്ക് സ്‌നേഹത്തോടെ വിളമ്പുന്ന വല്ല്യമ്മയുടെ ചിത്രം പങ്കുവെച്ച് ജയസൂര്യ
''ഇത് ഇവിടത്തെ കൊച്ചിന് സ്‌കൂളിൽ കൊണ്ട് പോകാൻ ഉണ്ടാക്കിയതാ...കൊറച്ച് മോനും കഴിച്ചോ....'' നടൻ ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിനൊപ്പമുള്ള കുറിപ്പാണിത്. 'ജോൺ ലൂതറെ'ന്ന സിനിമയുടെ ചിത്രീകരണത്തിനായി വാഗമണിലെത്തിയ താരം കൊച്ചു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയതായിരുന്നു. അപ്പോൾ കൊച്ചു മകനായി ഉണ്ടാക്കിയ ഭക്ഷണത്തിൽ നിന്നൊരു പങ്ക് വല്ല്യമ്മ നടന് നൽകുകയായിരുന്നു. സ്‌നേഹത്തോടെ അവർ ഭക്ഷണം വിളമ്പുന്ന ചിത്രമാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്.
വാഗമണ്ണിൽ ചിത്രീകരണത്തിനെത്തുമ്പോൾ ജയസൂര്യ സ്ഥിരം കയറുന്ന കടയാണിത്. എന്ന ഉണ്ടെടാ ഉവ്വേയെന്ന ചോദ്യവുമായി താരത്തെ അഭിസംബോധന ചെയ്തിരുത്തി വല്ല്യമ്മ ആദ്യം ഇഡ്ഢലിയും സാമ്പാറും വിളമ്പി. പിന്നീട് വീട്ടാവശ്യത്തിന് ഉണ്ടാക്കിയ ബീഫ് കറിയും നൽകുകയായിരുന്നു. തുടർന്ന് വല്ല്യമ്മയെയും കൊച്ചു മക്കളെയും കൂടെയിരുത്തി ഭക്ഷണം കഴിപ്പിച്ചാണ് ജയസൂര്യ മടങ്ങിയത്.
ജയസൂര്യ നായകനായി പുറത്തിറങ്ങുന്ന ജോൺലൂതർ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നടൻ മോഹൻലാൽ ഫേസ്ബുക്ക് വഴി പുറത്തിറക്കിയിരുന്നു. ഒരു ത്രില്ലിങ് ട്രീറ്റിന് കാത്തിരിക്കുന്നൂവെന്ന കുറിപ്പിനൊപ്പം ജയസൂര്യയും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ടായിരുന്നു. നവാഗതനായ അഭിജിത്ത് ജോസഫാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ആത്മീയ, ദൃശ്യ രഘുനാഥ്, ദിപക് പറമ്പോൽ, സിദ്ദീഖ്, ശിവദാസ് കണ്ണൂർ, ശ്രീലക്ഷ്മി തുടങ്ങിയവർ ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തോമസ് പി. മാത്യൂവാണ് നിർമാതാവ്. ക്രിസ്റ്റീന തോമസ് സഹനിർമാതാവാണ്. റോബി വർഗീസ് രാജ് ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ പ്രവീൺ പ്രഭാകരാണ് എഡിറ്റർ. ഷാൻ റഹ്‌മാൻ സംഗീതം- പശ്ചാത്തല സംഗീതം നിർവഹിക്കുന്നു.