Movies
ദൃശ്യം 3 ആലോചനയില്‍, നല്ല ആശയം കിട്ടിയാല്‍ ചെയ്യും- ജീത്തു ജോസഫ്
Movies

''ദൃശ്യം 3 ആലോചനയില്‍, നല്ല ആശയം കിട്ടിയാല്‍ ചെയ്യും''- ജീത്തു ജോസഫ്

Web Desk
|
7 Nov 2022 7:25 AM GMT

ദൃശ്യം മൂന്നിനെക്കുറിച്ച് ആന്റണി പെരുമ്പാവൂർ തന്നോട് സൂചിപ്പിച്ചിരുന്നതായി ജീത്തു ജോസഫ്

ദൃശ്യം മൂന്നിനെക്കുറിച്ച് ആന്റണി പെരുമ്പാവൂർ തന്നോട് സൂചിപ്പിച്ചിരുന്നതായി സംവിധായകന്‍ ജീത്തു ജോസഫ്. നല്ല ആശയം കിട്ടിയാൽ ചിത്രത്തിന്‍റെ മൂന്നാം ഭാഗം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

''ദൃശ്യം 3 നെക്കുറിച്ച് ആലോചിച്ചു നോക്കാൻ ആന്‍റണി പെരുമ്പാവൂർ സൂചിപ്പിച്ചിരുന്നു. നല്ല ആശയം കിട്ടിയാൽ ഉറപ്പായും ചെയ്യും. ത്രില്ലറുകൾ മാത്രം ചെയ്താൽ മടുപ്പാകും. വ്യത്യസ്തമായ ചില ആശയങ്ങളുണ്ട് ചെയ്തു നോക്കാൻ. എന്നാൽ നിലവിൽ ഏറ്റെടുത്ത സിനിമകളിൽ നിന്ന് മാറാനുമാവില്ല.. അതും തീർക്കണം.'' ജീത്തു പ്രതികരിച്ചു. മനോരമ ഓൺലൈനോടാണ് ജീത്തു ജോസഫിന്‍റെ പ്രതികരണം..

മോഹൻ ലാലിനെ പ്രധാന കഥാപാത്രമാക്കി ജീത്തു സംവിധാനം ചെയ്ത ദൃശ്യം ബോക്‌സ് ഓഫീസ് കീഴടക്കിയതിന് പിറകെ ചിത്രത്തിന്‍റെ രണ്ടാം ഭാഗവും എത്തിയിരുന്നു. രണ്ടാം ഭാഗവും ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. നിലവില്‍ ആസിഫ് അലി–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കൂമന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ദൃശ്യത്തിനു ശേഷം ജീത്തുവിന്‍റെ മറ്റൊരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് കൂമന്‍.

കേരള-തമിഴ്‌നാട് അതിർത്തി മേഖലയായ ഒരു മലയോര ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനിലേക്ക് കർക്കശക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ സ്ഥലം മാറി എത്തുന്നതും അവിടുത്തെ പലരുടേയും ജീവിതത്തെ കീഴ്മേൽ മറിക്കുന്നതുമാണ് കൂമന്‍റെ കഥാ ഇതിവൃത്തം. പൊലീസ് കോൺസ്റ്റബിൾ ഗിരിശങ്കർ എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സസ്പെന്‍സ് നിറച്ചുള്ള കൂമന്‍റെ ടീസര്‍ നേരത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഒന്നര മില്യന്‍ കാഴ്ചക്കാരാണ് ടീസര്‍ വീഡിയോ ഇതുവരെ കണ്ടുതീര്‍ത്തത്.

ആസിഫ് അലിക്ക് പുറമേ അനൂപ് മേനോൻ, ബാബുരാജ്, രഞ്ജി പണിക്കർ, മേഘനാഥൻ, ഹന്ന റെജി കോശി, ബൈജു സന്തോഷ്, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണൻ, രാജേഷ് പറവൂർ, പ്രദീപ് പരസ്പരം, നന്ദു ലാൽ, പൗളി വല്‍സന്‍, കരാട്ടെ കാർത്തിക്ക്, ജോർജ് മാര്യൻ, രമേഷ് തിലക്, ജയൻ ചേർത്തല, ദീപക് പറമ്പോൾ, റിയാസ് നർമ്മ കലാ, ജയിംസ് ഏല്യ, വിനോദ് ബോസ്, ഉണ്ണി ചിറ്റൂർ, സുന്ദർ, ഫെമിനാ മേരി, കുര്യാക്കോസ്, മീനാക്ഷി മഹേഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അനന്യാ ഫിലിംസ് ആൻ്റ് മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണിയും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് കൂമന്‍ നിർമ്മിക്കുന്നത്. മനു പത്മനാഭൻ, ജയചന്ദ്രൻ കല്ലടുത്ത്, എയ്ഞ്ചലീനാ ആൻ്റണി എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

രചന-കെ.ആർ.കൃഷ്ണകുമാർ. സംഗീതം-വിഷ്ണു ശ്യാം. ഗാനങ്ങൾ-വിനായക് ശശികുമാർ. ഛായാഗ്രഹണം-സതീഷ് ക്കുറുപ്പ്. എഡിറ്റിംഗ്-വി.എസ്.വിനായക്. കലാസംവിധാനം-രാജീവ് കോവിലകം. വസ്ത്രാലങ്കാരം-ലിൻഡ ജിത്തു. മേക്കപ്പ്-രതീഷ് വിജയൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-അർഫാസ് അയൂബ്. അസോസിയേറ്റ് ഡയറക്‌ടേർസ്-സോണി.ജി.സോളമൻ, എസ്.എ.ഭാസ്ക്കരൻ. പ്രൊജക്ട് ഡിസൈനർ-ഡിക്സണ്‍ പൊടുത്താസ്. പ്രൊഡക്ഷൻ കൺട്രോളർ-പ്രണവ് മോഹൻ. പി.ആര്‍.ഒ-വാഴൂര്‍ ജോസ്. കൊല്ലങ്കോട്, ചിറ്റൂർ, പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ കൂമന്‍ നവംബര്‍ നാലിന് മാജിക് ഫ്രെയിം റിലീസ് പ്രദർശനത്തിനെത്തിക്കും.

Similar Posts