എല്ലാവരെയും കരയിപ്പിച്ച് ജോണി ആന്റണി! 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'യിലെ വേറിട്ട റോൾ
|ഇത്രയും കാലം നർമം ചാലിച്ച കഥാപാത്രങ്ങളാണ് ചെയ്തിരുന്നതെങ്കിൽ ഇത്തവണ കരിയറിൽ തന്നെ വേറിട്ട വേഷത്തിലാണ് ജോണി ആന്റണി എത്തിയിരിക്കുന്നത്.
സിനിമാ ലോകത്തേക്ക് എത്തുന്നത് സംവിധാന സഹായിയായി, പിന്നീട് ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായി...അവിടെ നിന്ന് നടന്റെ റോളിലേക്ക്. രണ്ട് പതിറ്റാണ്ടായി സിനിമാ ലോകത്തുള്ള ജോണി ആന്റണി സിനിമയുടെ പലതലങ്ങൾ തൊട്ടുവന്ന ആളാണ്.
സിനിമ സംവിധാനം ചെയ്തപ്പോഴും നടനായപ്പോഴും പ്രേക്ഷകരെ രസിപ്പിച്ച ആളാണ് ജോണി ആന്റണി. സിഐഡി മൂസ, കൊച്ചി രാജാവ്, തുറുപ്പുഗുലാൻ തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റ് സിനിമകളുടെ സൂപ്പർഹിറ്റ് സംവിധായകനാണ് ജോണി ആന്റണി.
വരനെ ആവശ്യമുണ്ട്, ഹോം, പൂക്കാലം, നെയ്മർ, വോയിസ് ഓഫ് സത്യനാഥൻ, തോൽവി എഫ്സി, പവി കെയർ ടേക്കർ തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ കൈയ്യടിയും വാങ്ങിയിട്ടുണ്ട്.
ഇത്രയും കാലം നർമം ചാലിച്ച കഥാപാത്രങ്ങളാണ് ചെയ്തിരുന്നതെങ്കിൽ ഇത്തവണ കരിയറിൽ തന്നെ വേറിട്ട വേഷത്തിലാണ് ജോണി ആന്റണി എത്തിയിരിക്കുന്നത്.
റാഫിയുടെ തിരക്കഥയിൽ നാദിര്‍ഷയുടെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തിയിരിക്കുന്ന 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' എന്ന സിനിമയിൽ ജയൻ എന്ന കഥാപാത്രത്തെയാണ് ജോണി ആന്റണി അവതരിപ്പിച്ചിരിക്കുന്നത്. നായികയുടെ കാഴ്ച ശക്തിയില്ലാത്ത അച്ഛനാണ് ജയൻ.
ഇമോഷണൽ രംഗങ്ങളിൽ അച്ചടക്കത്തോടെയുള്ള അഭിനയത്തോടെ പ്രേക്ഷകരെ പിടിച്ചിരുത്താൻ ജോണി ആന്റണിക്ക് സാധിക്കുന്നുണ്ട്.
ജയൻ എന്ന കഥാപാത്രം കടന്നുപോകുന്ന മാനസിക സംഘർഷങ്ങൾ പ്രേക്ഷകരിലേക്കും എത്തുന്നു. റൊമാന്റിക് ത്രില്ലറായി എത്തിയ ചിത്രത്തിൽ എല്ലാ കഥാപാത്രങ്ങളും ചിരിപ്പിച്ചപ്പോള്‍ ഏവരേയും കരയിപ്പിക്കുന്ന പ്രകടനമാണ് ജോണി ആന്റണിയുടേത്. അര്ജുൻ അശോകനും മുബിൻ റാഫിയും ദേവികയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹിഷാം അബ്ദുൽ വഹാബിന്റേതാണ് സംഗീതം. ഛായാഗ്രഹണം ഷാജികുമാർ.