'കഠിന കഠോരമീ അണ്ഡകടാഹവുമായി ' ബേസിൽ ജോസഫ്; ചിത്രീകരണം ആരംഭിച്ചു
|കോഴിക്കോട് പശ്ചാത്തലമായുള്ള സിനിമയാണ് 'കഠിന കഠോരമീ അണ്ഡകടാഹം'
ബേസില്‍ ജോസഫിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ മുഹാഷിന്‍ ഒരുക്കുന്ന ചിത്രമാണ് 'കഠിന കഠോരമീ അണ്ഡകടാഹം'. ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം കോഴിക്കോട് നടന്നു. സംവിധായകൻ മുഹാഷിന്റെ പിതാവ് മജീദാണ് സ്വിച്ച് ഓൺ കർമം നിർവഹിച്ചത്. തിരക്കഥകൃത്ത് ഹർഷദിന്റെ ഉമ്മ ഹഫ്സയും നിർമ്മാതാവ് നൈസാം സലാമിന്റെ മകൻ റൈഹാനും ചേർന്നാണ് ക്ലാപ്പടിച്ചത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
കോഴിക്കോട് പശ്ചാത്തലമായുള്ള സിനിമയായിരിക്കുമെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. കടലും കോയിക്കോട് എന്ന് എഴുതി വെച്ചിരിക്കുന്നതും ലൈറ്റ് ഹൗസുമെല്ലാം പോസ്റ്ററിലുണ്ട്. ഗള്‍ഫ് കറി പൗഡറിന്റെ പരസ്യത്തില്‍ നില്‍ക്കുന്ന ജാഫര്‍ ഇടുക്കിയെയും കടലിലേക്ക് നോക്കിനില്‍ക്കുന്ന ബേസിലിനെയും പോസ്റ്ററിൽ കാണാം.
കോഴിക്കോടുകാര്‍ക്ക് വായിച്ചെടുക്കാനാവുന്ന കാര്യങ്ങള്‍ ചേര്‍ത്താണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. നൈസാം സലാമാണ് 'കഠിന കഠോരമീ അണ്ഡകടാഹം' നിര്‍മ്മിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതം. മുഹ്‌സിന്‍ പരാരിയും ഷറഫും ചേര്‍ന്നാണ് പാട്ടിന് വരികള്‍ എഴുതുന്നത്.
ബേസിലിനെ കൂടാതെ ഇന്ദ്രൻസ്, ജോണി ആൻ്റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിർമ്മൽ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിൻ, പാർവതി കൃഷ്ണ, ഫറ ഷിബ്‌ല, ശ്രീജ രവി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.