ഇന്ത്യയിൽ 300 കോടി കടന്ന് കമൽ ഹാസന്റെ 'വിക്രം'
|കോളിവുഡിന്റെ ചരിത്രത്തിൽ ആദ്യമായി 150 കോടി ക്ലബ്ബിൽ എത്തിയ സിനിമ വീണ്ടും റെക്കോഡുകൾ കണ്ടെത്തുകയാണ്
മുംബൈ: ഇന്ത്യയിൽ 300 കോടി കടന്ന് കമൽ ഹാസൻ ചിത്രം 'വിക്രം'. കോളിവുഡിന്റെ ചരിത്രത്തിൽ ആദ്യമായി 150 കോടി ക്ലബ്ബിൽ എത്തിയ സിനിമ വീണ്ടും റെക്കോഡുകൾ കണ്ടെത്തുകയാണ്. ആഗോള തലത്തിൽ 450 കോടി ചിത്രം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാർത്താ ഏജൻസിയായ എ.എൻ.ഐ അടക്കം ചിത്രം 300 കോടി കടന്നത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 'വിക്രം' ജൂലൈ എട്ടിന് ചിത്രം ഒടിടിയിൽ സ്ട്രീമിങ് തുടങ്ങുമെന്നാണ് റിപ്പോർട്ട്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രം ജൂൺ മൂന്നിനാണ് റിലീസായത്. റിലീസിന് മമ്പ് തന്നെ ചിത്രത്തിന്റെ ഡിജിറ്റൽ ഒടിടി സ്ട്രീമിങ് അവകാശം റെക്കോർഡ് തുകയ്ക്ക് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ സ്വന്തമാക്കിയിരുന്നു.
തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ പണംവാരുന്ന ചിത്രമായി വിക്രം മാറിയിരുന്നു. 155 കോടി രൂപയാണ് തമിഴ്നാട്ടിൽ നിന്ന് ബാഹുബലി നേടിയ കളക്ഷൻ. എന്നാൽ ഈ റെക്കോർഡ് വെറും 16 ദിവസം കൊണ്ട് വിക്രം മറികടക്കുകയായിരുന്നു. ഇളയദളപതി വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററായിരുന്നു മുമ്പ് ഏറ്റവും കൂടുതൽ പണംവാരിയ സിനിമ. മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. ലോകേഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ ഒന്നിച്ചെത്തിയ ക്രൈം ആക്ഷൻ ത്രില്ലർ ജോണറാണ്. എഡിറ്റിംഗ് ഫിലോമിൻ രാജ്. സംഘട്ടന സംവിധാനം അൻപറിവ്. നൃത്തസംവിധാനം ദിനേശ്.
പ്രതിഫലം വാങ്ങാതെ 'വിക്രം' ചിത്രത്തിൽ കാമിയോ റോളക്സെന്ന കഥാപാത്രമായി അഭിനയിച്ച നടൻ സൂര്യക്ക് 2856000 ന്റെ റോളക്‌സ് ഒയിസ്റ്റർ 40എംഎം യെല്ലോ ഗോൾഡ് വാച്ച് സമ്മാനിച്ചിരുന്നു. സിനിമയിൽ അതിഥി താരമായെത്തിയ തനിക്ക് കമൽഹാസൻ ഉപഹാരം നൽകിയ വിവരം തന്റെ സമൂഹ മാധ്യമ അക്കൗണ്ട് വഴി സൂര്യ തന്നെയാണ് അറിയിച്ചത്.
''ഈ നിമിഷമാണ് ജീവിതം മനോഹരമാക്കുന്നത്. നിങ്ങൾ നൽകിയ റോളക്സിന് നന്ദി അണ്ണാ'' കമൽഹാസൻ വാച്ച് കൈമാറുന്ന പടം സഹിതം സൂര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആദ്യ ദിനം തന്നെ 58 കോടി നേടിയ ചിത്രത്തിൽ അഭിനയിച്ചതിന് സൂര്യ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് വാർത്തയുണ്ടായിരുന്നു. തമിഴ്, മലയാളം, തെലങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറക്കിയ ചിത്രത്തിൽ കാമിയോ റോളിലാണ് സൂര്യ അഭിനയിച്ചിരുന്നത്. ഇത് ആരാധകരുടെ മനം കവർന്നിരുന്നു.
ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ കമൽഹാസൻ സംവിധായകൻ കനകരാജിന് ലെക്‌സസ് കാർ നൽകിയിരുന്നു. സിനിമയിൽ പ്രവർത്തിച്ച 13 അസിസ്റ്റൻറ് ഡയറക്ടർമാർക്ക് ബൈക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു. ഒരു ലക്ഷം രൂപ (ഏകദേശം) വിലയുള്ള അപ്പാച്ചെ RTR 160 ബൈക്കുകളാണ് സമ്മാനിച്ചത്. മുഴുവൻ സംവിധാന ടീമിനും അവരുടെ അർപ്പണബോധത്തിനും കഠിനാധ്വാനത്തിനും പ്രതിഫലം നൽകാൻ കമൽഹാസൻ തീരുമാനിക്കുകയായിരുന്നു. കമൽ ബൈക്കിന്റെ താക്കോൽ കൈമാറുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലിയിരുന്നു.
Kamal Haasan's 'Vikram' Crosses 300 Crores in India