Movies
സൂപ്പർ സ്ക്വാഡ്; കണ്ണൂർ സ്‌ക്വാഡ്- വീണ്ടുമൊരു മമ്മൂട്ടി മാജിക്
Movies

സൂപ്പർ സ്ക്വാഡ്; 'കണ്ണൂർ സ്‌ക്വാഡ്'- വീണ്ടുമൊരു മമ്മൂട്ടി മാജിക്

അലി കൂട്ടായി
|
30 Sep 2023 2:02 PM GMT

റോബി ഒരു നവാഗതനാണെന്ന് ഒരിടത്തും ഫീൽ ചെയ്യില്ല എന്നതാണ് കണ്ണൂർ സ്ക്വാഡിന്‍റെ പ്രത്യേകത. അത്ര പെർഫെക്ഷനോടെയാണ് ഓരോ സീനും സംവിധായകന്‍ എടുത്ത് വെച്ചിരിക്കുന്നത് | Kannur Squad Movie Review

മമ്മൂട്ടി കമ്പനിയുടെ പ്രൊഡക്ഷനിൽ ഒരു പുതിയ ചിത്രം റിലീസാവുന്നു. അതിന്റെ പ്രമോഷൻ പോരാ എന്ന തരത്തിൽ സോഷ്യൽ മീഡിയയിലടക്കം ഫാൻസിന്റെ മുറിവിളി ഉയരുന്നു. തിയറ്റർ ലിസ്റ്റ് കണ്ട പലരും മൂക്കത്ത് വിരൽ വെച്ചു. ഇത്രയേ ഉള്ളൂ. മലയാളത്തിലെ ഒരു പ്രമുഖ സ്റ്റാറിന്റെ സിനിമയാണല്ലോ ഇങ്ങനെ തിയറ്ററിലെത്തിക്കുന്നത് എന്ന പരാതി ഉയരുന്നു. പക്ഷേ അണിയറപ്രവർ‌ത്തകരുടെ ആത്മവിശ്വാസം പ്രമോഷൻ ഇന്റർവ്യൂകളിൽ വ്യക്തമായിരുന്നു. പടത്തിന് ആദ്യ ഷോ കഴിയുന്നതോടെ മൗത്ത് പബ്ലിസിറ്റി ഉണ്ടാകുമെന്ന് അത്ര ഉറപ്പായിരുന്നു അവർക്ക്. അത് അക്ഷരാത്ഥത്തില്‍ ശരി വെക്കുന്നതാണ് കണ്ണൂർ സ്ക്വാഡിന് ലഭിക്കുന്ന സ്വീകാര്യത.

ഇപ്പോഴും നിലവിലുള്ള സ്ക്വാഡായ കണ്ണൂർ സ്ക്വാഡ് എന്ന് വിളിപ്പെരുള്ള ഒരു അണ്ടർ കവർ ടീം. അവർ‌ ഒരു കേസ് ഏറ്റെടുക്കുന്നു, കൊലയാളിയെ കണ്ടെത്താനും അവരെ പിടിക്കാനുമായി തുനിഞ്ഞിറങ്ങുന്നു. കേൾക്കുമ്പോൾ തന്നെ കിട്ടുന്ന കിക്ക് സിനിമയിലുടനീളം സാധ്യമാകുന്നുണ്ട് എന്നതാണ് കണ്ണൂർ സ്‌ക്വാഡിന്‍റെ പ്രത്യേകത. ഒരു കുറ്റകൃത്യം സംഭവിച്ചാൽ സാധാരണയായി പൊലീസ് ക്രൈം സ്ക്വാഡ് പിന്തുടരുന്ന അന്വേഷണരീതികൾ യഥാർഥത്തിൽ എങ്ങനെയാണോ, അതേ രീതിയിൽ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ അത് ഡോക്യുമെന്ററിയിലേക്ക് വഴിമാറുന്നില്ല. അതായത് വേണ്ട സ്ഥലങ്ങളിൽ കൃത്യമായ ഹീറോയിസം കാണിച്ചു കാണികളെ ത്രില്ലടിപ്പിച്ച് സിനിമയെ മുന്നോട്ടുകൊണ്ടുപോവുന്നതിൽ സംവിധായകനും തിരക്കഥാകൃത്തും കയ്യടിയർഹിക്കുന്നുണ്ട്.

റോബി ഒരു നവാഗതനാണെന്ന് ഒരിടത്തും ഫീൽ ചെയ്യില്ല എന്നതാണ് കണ്ണൂർ സ്ക്വാഡിന്‍റെ പ്രത്യേകത. അത്ര പെർഫെക്ഷനോടെയാണ് ഓരോ സീനും സംവിധായകന്‍ എടുത്ത് വെച്ചിരിക്കുന്നത്. എന്തിനാണ് ഇങ്ങനെ നീട്ടുന്നത് എന്ന് തോന്നുന്ന അടുത്ത ഘട്ടത്തിൽ‌ ഒരു മാസ് സീൻ കൊണ്ടുവന്ന് അതിനെ മറികടക്കാനും റോബി ശ്രമിച്ചിട്ടുണ്ട്. അതായത് പ്രേക്ഷകനെ എങ്ങനെയാണ് സിനിമയിൽ കോർത്തിടേണ്ടതെന്ന് എന്ന് സംവിധായകന് കൃത്യമായി അറിയാം. സഹോദരൻ തന്നെ തിരക്കഥ ഒരുക്കിയതിന്‍റെ ഗുണവും ഒരുവശത്തുണ്ട്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ചിത്രത്തിന് അൽപം ലാഗ് അനുഭവപ്പെടുന്നത് ക്ലൈമാക്സ് സീനുകളിൽ‌ ഒരുക്കിവെച്ചിരിക്കുന്നതിലേക്ക് എത്തിക്കാനുള്ള സമയമായി മാത്രമെ കാണേണ്ടതുള്ളൂ. ത്രില്ലർ, ഇൻവെസ്റ്റിഗേഷൻ‌, റോഡ് മൂവി, ആക്ഷൻ‌ എന്നിങ്ങനെ വിവിധ ജോണറുകളിലൂടെ കയറിയിറങ്ങി കടന്നുപോവുമ്പോഴും പ്രേക്ഷകനെ കൂടെകൂട്ടുന്നുണ്ട് സിനിമ.

ഇരുന്ന് അഭിനയിക്കുന്നു മേലനങ്ങാൻ ഇനി വയ്യ.. പ്രായം ഒരുപാടായി ഇനി ഇങ്ങനെയൊക്കെയേ നടക്കൂ.. എന്ന് മമ്മൂട്ടിയെകുറിച്ച് പറഞ്ഞവർ ഈ ചിത്രം എന്തായാലും കാണണം. ഇങ്ങനെ മമ്മൂട്ടി എന്ന നടൻ എഫേർട്ടിട്ട് അഭിനയിച്ച മറ്റൊരു ചിത്രം അടുത്തകാലത്തുണ്ടായിട്ടില്ല. മൂന്ന് ആക്ഷൻ കൊറിയോഗ്രാഫർ അണിയിച്ചൊരുക്കിയ നിരവധി ആക്ഷൻ സീനുകളിൽ സമ്പന്നമാണ് ചിത്രം. മമ്മൂട്ടിയുടെ അടുത്തകാലത്ത് കണ്ടതില്‍വെച്ച് ഏറ്റവും മികച്ച ആക്ഷന്‍ സ്വീക്വന്‍സുകളാണ് കണ്ണൂർ സ്ക്വാഡിന്‍റെ മറ്റൊരു പ്രത്യേകത. ഉണ്ടയിലെ ക്യാക്ടറിനോട് സാമ്യം ഇടക്ക് തോന്നുമെങ്കിലും ജോർജ് മമ്മൂട്ടി പോലീസ് കഥാപാത്രങ്ങളിൽ‌ വേറിട്ടുനിൽക്കും.

മമ്മൂട്ടിയോടപ്പം സഹ പോലീസുകാരനായി എത്തിയ അസീസ് , ശംഭു, റോണി എന്നിവരും മികച്ചത് പുറത്തെടുക്കുന്നുണ്ട്. അതായത് കാഥാപാത്രങ്ങളിലേക്ക് മറ്റാരേയും സങ്കൽപ്പിക്കാനാവാത്ത തരത്തിലാണത് പലപ്പോഴും. ഇപ്രാവിശ്യം വലിയ ശബ്ദത്തോടെയല്ല സുഷിൻ ശ്യാമിന്റെ വരവ്. കഥക്ക് പാകമായ മ്യൂസിക്. മാസ് സീനുകളിൽ മാത്രം സ്കെയില്‍ ഉയര്‍ത്തി, വൈകാരികതയുടേതായി പോയിന്‍റുകളില്‍ അതിന് പ്രാധാന്യം നല്‍കിയുള്ള സുഷിന്‍റെ സ്കോറിംഗ് സംവിധായകനെ ഏറെ സഹായിച്ചിട്ടുണ്ട്.

ഛായഗ്രാഹകനായിരുന്ന ഒരാൾ സംവിധായകനാവുമ്പോഴുള്ള പ്രത്യേകത എന്തായിരിക്കും? ഒരു കോംപ്രമൈസുമില്ലാത്ത വിഷ്വലുകളിൽ സമ്പന്നമായിരിക്കും സിനിമ. വിഷ്വലുകൾ കൊണ്ട് കഥ പറയാനുള്ള ഒരു വ്യഗ്രത ആ സംവിധായകനുണ്ടാവും.. ഇവിടെ റോബി അതിന് ശ്രമിച്ചിട്ടുണ്ട്. മുഹമ്മദ് റാഹിലിനെ ക്യാമറക്ക് പിന്നിൽ നിർത്തുമ്പോഴും റോബിയുടെ ഉള്ളിലെ ഛായഗ്രാഹകന്റെ ഇടപെടലുകളാണ് മനോഹര വിഷ്വലുകൾ കൊണ്ട് ചിത്രം കണ്ടിരിക്കാൻ പാകത്തിലുള്ളതാക്കി മാറ്റുന്നത്.

അതിനൊപ്പം പ്രവീൺ പ്രഭാകർ എന്ന എഡിറ്റർ കൂടിയാണ് കണ്ണൂർ സ്ക്വാഡിന്റെ ഹീറോ. കാരണം രണ്ടേമുക്കാൽ മണിക്കൂറുളള ഒരു സിനിമ അതിന്റെ സമയക്കൂടുതൽ പ്രേക്ഷന് മടുപ്പിക്കാത്ത തരത്തിലാവുന്നത് എ‍ഡിറ്റർ നല്ലതുപോലെ പണിയെടുത്തിട്ട് തന്നെയാണ്. കാടിനെ നാടിനെ, നഗരത്തെ പ്രേക്ഷന്റെ കാഴ്ചാ സുഖത്തിനനുസരിച്ച് വിഷ്വലുകളെ ചേർത്തുവെച്ചിട്ടുണ്ട് പ്രവീണ്‍. ചിത്രം ഡിമാന്റ് ചെയ്യുന്ന കളറാണ് മറ്റൊരു പ്രത്യേകത.

തീരൻ, കുറ്റവും ശിക്ഷയും, ഓപ്പറേഷൻ ജാവ എന്നീ ചിത്രങ്ങൾക്ക് സമാനമായ കളറിങ്ങും നരേറ്റിങ് ശൈലിയുമാണെങ്കിലും കണ്ണൂർ സ്ക്വാഡ് ഇതിനെ അനുകരിക്കാൻ ശ്രമിച്ചിട്ടില്ല. അതായത് ഇത് അതല്ലേ എന്ന് ഏതെങ്കിലും ഘട്ടത്തിൽ സംശയിച്ചാൽ പോലും ചിത്രം അതിന്റെ മാത്രം ശരീരത്തിലേക്ക് തിരിച്ചുവരുന്നത് കാണാം. ഒന്നിലധികം ചിത്രങ്ങളിൽ കണ്ട പ്ലോട്ട്, സംഭവ കഥ.. എന്നിട്ടും ഒരു ചിത്രം പ്രേക്ഷനെ പിടിച്ചിരുത്തണമെങ്കിൽ അതിലെ സിനിമാറ്റിക് എലമെന്റുകൾ പ്രേക്ഷകന് അങ്ങനെ വർ‌ക്കാവണം. അത് സംഭവിക്കുന്നിടത്താണ് കണ്ണൂർ സ്ക്വാഡ് മികച്ച തിയറ്റർ അനുഭവം സമ്മാനിക്കുന്നത്. പൊലീസ് സംവിധാനത്തെ റിയലിസ്റ്റിക് ആയി സമീപിക്കന്ന വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമെ മലയാളത്തിൽ ഉണ്ടായിട്ടുള്ളൂ. അതിന്റെ മുൻനിരയിൽ കണ്ണൂർ സ്ക്വാഡുണ്ടാകും ക്ലോക്ക് നോക്കി ജോലി ചെയ്യാത്ത പൊലീസുകാർക്കുള്ള മമ്മൂട്ടി കമ്പനിയുടെ ട്രിബ്യൂട്ട്.


Similar Posts