ചര്‍ച്ചകള്‍ നടത്തുന്നത് ശത്രുത വളര്‍ത്താനാകരുത്; 'ഈശോ' വിവാദത്തില്‍ കെ.സി.ബി.സി
|കല, മനുഷ്യരെ ഒരുമിപ്പിക്കാനുള്ളതാവണം, അത് അസ്വസ്ഥതകള്‍ക്ക് ഇടയാക്കുന്നതായിരിക്കരുത്.
വില കുറഞ്ഞ തമാശക്ക് വേണ്ടിയോ ജനശ്രദ്ധ ലഭിക്കാനായിട്ടോ ഏതെങ്കിലും മതവിശ്വാസങ്ങളെ വേദനിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണെന്ന് കെ.സി.ബി.സി. ഈശോ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് കെ.സി.ബി.സി പ്രതികരണവുമായി എത്തിയത്.
കല, മനുഷ്യരെ ഒരുമിപ്പിക്കാനുള്ളതാവണമെന്നും അസ്വസ്ഥതകള്‍ക്ക് ഇടയാക്കുന്നതായിരിക്കരുതെന്നും കെ.സി.ബി.സി വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഈശോ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു തലത്തില്‍ എത്തിയിട്ടുണ്ട്. അതിവൈകാരികമായി പ്രതികരിച്ച് വര്‍ഗീയ വിദ്വേഷം വിതയ്ക്കാന്‍ ശ്രമിക്കുന്ന ബാഹ്യശക്തികളുടെ ഇടപെടല്‍ സൂക്ഷിക്കണം. അത്തരക്കാരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടതുണ്ട്. സിനിമയുടെ റിലീസിനെ ബാധിക്കാത്ത ഏതുതരം ചര്‍ച്ചയും, ചിത്രത്തിന് പബ്ലിസിറ്റി നേടികൊടുക്കുകയേ ചെയ്യൂ. ചര്‍ച്ചകള്‍ തീവ്രസ്വഭാവം കൈവരിക്കുന്നത് ക്രൈസ്തവ സമൂഹം കാത്തുസൂക്ഷിക്കുന്ന സല്‍പേരിന് കോട്ടം വരുത്തും.
ഈശോ എന്ന ചിത്രത്തില്‍ ക്രൈസ്തവ വിരുദ്ധമായ ഒന്നുമില്ലെന്നുള്ള സംവിധായകന്റെ ഉറപ്പിനെ അവിശ്വസിക്കേണ്ടതില്ല. എന്നാല്‍ ചിത്രത്തിനോ, കഥാപാത്രത്തിനോ ഈശോ എന്ന പേര് നല്കാതിരുന്നാലും ത്രില്ലര്‍ കഥ പറയുന്ന സിനിമക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും ജേക്കബ് പാലയ്ക്കാപ്പള്ളി കുറിച്ചു.
എന്നാല്‍ ക്രൈസ്തവ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ പ്രതികരിക്കേണ്ടതില്ല എന്ന വാദഗതിയും ശരിയല്ല. എവ്വിധം പ്രതികരിക്കണം എന്നുള്ളതാണ് പ്രധാനം. മലയാള സിനിമയിലെ ക്രൈസ്തവ വിരുദ്ധത പുതിയ കാര്യമല്ല. എന്നാല്‍ വിഷയങ്ങളില്‍ പ്രതികരിക്കുന്നതുകൊണ്ട് ശത്രുക്കളെ സൃഷ്ടിക്കുന്ന രീതി ശരിയല്ലെന്നും കെ.സി.ബി.സി എഫ്.ബിയില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
പ്രതികരണങ്ങൾ ആവശ്യമാണ്, പക്ഷേ...
കഴിഞ്ഞ ചില ദിവസങ്ങൾക്കിടയിൽ സോഷ്യൽമീഡിയയിലെ ചില പ്രതികരണങ്ങളെപ്പറ്റിയുള്ള ചർച്ചകൾ പലയിടങ്ങളിലായി കാണുന്നുണ്ട്. ക്രൈസ്തവരുടെ പ്രതികരണരീതികളെപ്പറ്റി ആശങ്കയോടെ പ്രതികരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നു. ഏറെ വിഷയത്തിലുള്ള ഭിന്നാഭിപ്രായങ്ങൾ നമുക്കിടയിൽ വിഭാഗീയതയ്ക്ക് കാരണമാകുന്നു എന്നുള്ളതാണ് പ്രധാനപ്പെട്ട മറ്റൊരു വസ്തുത. നമുക്ക് ഹിതകരമല്ലാത്ത ഒന്ന് സംഭവിച്ചാൽ പ്രതികരിക്കേണ്ടതില്ലേ ?പ്രതികരിക്കേണ്ടതുണ്ടെങ്കിൽ എപ്രകാരമാണ് പ്രതികരിക്കേണ്ടത് ?ഈ രണ്ടു ചോദ്യങ്ങൾക്കുള്ള വ്യത്യസ്ത ഉത്തരങ്ങളാണ് നമുക്കിടയിൽ പലപ്പോഴും പരസ്പരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത്. അത്തരം ഏറ്റുമുട്ടലുകൾ ചിലപ്പോഴെങ്കിലും കൂടുതൽ ദോഷകരമാണ് എന്നുള്ള കാര്യം നാം തിരിച്ചറിയേണ്ടതുണ്ട്.
"ഈശോ" എന്ന ചലച്ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുതിയ ചർച്ചകളിലേയ്ക്ക് വഴിമാറിയിരിക്കുന്നു. ഈ വിഷയം പലകാരണങ്ങൾക്കൊണ്ടും നമുക്കിടയിൽ ചർച്ച ചെയ്യപ്പെടേണ്ടിയിരുന്നു എന്നുള്ളത് നിസ്തർക്കമാണ്. ക്രൈസ്തവരുടെ വിശ്വാസത്തിന്റെ ഭാഗമായത് എന്ന നിലയിൽ മാത്രമല്ല, ഒരു മതത്തിൽ പെട്ടവരുടെയും നിഷ്കളങ്കമായ വിശ്വാസ വിഷയങ്ങളിൽ അവർക്ക് അസ്വസ്ഥത തോന്നുന്ന രീതിയിൽ പ്രത്യക്ഷമായോ പരോക്ഷമായോ കൈകടത്തുന്നത് നല്ലതല്ല. കല ആത്യന്തികമായി മനുഷ്യരെ ഒരുമിപ്പിക്കാനുള്ളതായിരിക്കണം, അസ്വസ്ഥതകൾക്ക് അത് ഇടയാക്കിക്കൂടാ. മതങ്ങളുടെ ഭാഗമായ യാതൊന്നും ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതാണ് എന്നല്ല ഈ പറഞ്ഞതിന്റെ അർഥം. ആവിഷ്കാര സ്വാതന്ത്ര്യത്തിന് അതിന്റെതായ പ്രസക്തി ഇവിടെയുണ്ട്. എന്നാൽ, വിലകുറഞ്ഞ തമാശകൾ സൃഷ്ടിക്കാനോ, ശ്രദ്ധ കിട്ടാനോ വേണ്ടി ഒരു വിഭാഗത്തെ വേദനിപ്പിക്കുന്ന പ്രവണത ഒഴിവാക്കപ്പെടേണ്ടതാണ്.
കേവലം പൊതുജന ശ്രദ്ധ ലഭിക്കുന്നതിനായി "ഈശോ" എന്ന പേര് ഒരു സിനിമയിലെ നായകനും, ആ സിനിമയ്ക്കും നൽകിയിരിക്കുന്നു എന്നുള്ളതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. മനസിലാക്കാൻ സാധിച്ചതനുസരിച്ച്, ഒരു ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന പ്രസ്തുത ചലച്ചിത്രത്തിനും അതിലെ നായകനും "ഈശോ" എന്ന പേര് നൽകിയില്ലെങ്കിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. അതേസമയം, സിനിമയുടെ ഉള്ളടക്കത്തിൽ ക്രൈസ്തവ വിരുദ്ധമായ ആശയങ്ങളൊന്നും ഉൾപ്പെട്ടിട്ടില്ല എന്ന സംവിധായകന്റെ ഉറപ്പിനെ അവിശ്വസിക്കേണ്ട കാര്യവുമില്ല.
മലയാള സിനിമയിലെ ക്രൈസ്തവ വിരുദ്ധത
മലയാള സിനിമയിൽ ക്രൈസ്തവ വിരുദ്ധത ചിത്രീകരിക്കപ്പെടുന്നത് അപൂർവമല്ല എന്നുള്ളത് ഏവരും മനസിലാക്കിയിരിക്കുന്ന ഒരു കാര്യമാണ്. ക്രൈസ്തവ സമൂഹവും കത്തോലിക്കാ സഭയും ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ട് ക്രിസ്തീയതയ്ക്ക് തികച്ചും വ്യാജമായ മറ്റൊരു ഭാഷ്യം നൽകുന്ന സിനിമകൾ പോലും ഇവിടെ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. "പാപം ചെയ്യാത്തവർ കല്ലെറിയട്ടെ" എന്ന സിനിമ ഒരു ഉദാഹരണമാണ്. ക്രൈസ്തവർ അമൂല്യമായ കരുതുന്ന പലതിനെയും വിലകുറഞ്ഞ തമാശകൾ സൃഷ്ടിക്കുന്നതിനായി പിച്ചിച്ചീന്തുന്ന രീതിയും സമീപകാലങ്ങളിലായി പതിവായി കാണപ്പെടുന്നുണ്ട്. അത്തരം പ്രവണതകൾ തികച്ചും പ്രതിഷേധാർഹവും ഒഴിവാക്കപ്പെടേണ്ടതുമാണ്.
ഇത്തരത്തിലുള്ള പ്രവണതകൾ വർദ്ധിച്ചുവരുന്നതുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ക്രൈസ്തവ സമുദായത്തിൽ പലകോണുകളിലായി പുകഞ്ഞുകൊണ്ടിരിക്കുകയും, ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിൽ ചില ആസൂത്രിത ശ്രമങ്ങൾ ഉണ്ടെന്ന ആരോപണങ്ങൾ ശക്തിപ്പെടുകയും ചെയ്തിരിക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് ഒരേ സംവിധായകന്റെ രണ്ടു സിനിമകളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നത്. ആ രണ്ടു സിനിമകളുടെയും പേരുകൾക്ക് ക്രൈസ്തവ വിശ്വാസവുമായി ബന്ധമുണ്ടായിരുന്നു എന്നുള്ളത് കുറേപ്പേരെ പ്രകോപിതരാക്കുകയും പതിവിലേറെ പ്രതിഷേധം ആ ചിത്രങ്ങളുമായി ബന്ധപ്പെട്ട് ഉയരുകയും ചെയ്തു.
ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കേണ്ടതേയില്ല എന്ന വാദഗതി യുക്തമല്ല. എന്നാൽ, ക്രൈസ്തവ പ്രതികരണങ്ങൾ ക്രിസ്തീയവും മാതൃകാപരവുമായിരിക്കണം എന്നുള്ളതിൽ സംശയമില്ലതാനും. സോഷ്യൽമീഡിയയിലും സമൂഹത്തിലും ചില പ്രത്യേക വിഭാഗങ്ങൾ അക്രമസ്വഭാവത്തോടെ പ്രതികരിക്കുന്നു എന്നതിനാൽ, ആ രീതി ക്രൈസ്തവർ സ്വീകരിക്കുന്നത് ആശാസ്യമല്ല. ശത്രുക്കളായി കണ്ട് യുദ്ധം ചെയ്ത് തോൽപ്പിക്കാനല്ല, വിവേകത്തോടെ പ്രതികരിച്ച് ശാശ്വത പരിഹാരം നേടാനാണ് നാം പരിശ്രമിക്കേണ്ടത്. പ്രതികരണങ്ങൾക്കൊണ്ട് ശത്രുക്കളെ സൃഷ്ടിക്കുന്ന രീതി ക്രിസ്തീയമാണെന്ന് കരുതാനാവില്ല.
ബാഹ്യ ഇടപെടലുകളെ സൂക്ഷിക്കണം
ഇത്തരം വിഷയങ്ങളിൽ അതിവൈകാരികത സൃഷ്ടിച്ച് വർഗീയ വിദ്വേഷം വിതയ്ക്കാൻ ശ്രമിക്കുന്ന ബാഹ്യശക്തികളുടെ ഇടപെടലുകളുണ്ടോ എന്നും സംശയിക്കേണ്ടതുണ്ട്. രൂക്ഷപ്രതികരണങ്ങളുമായി രംഗപ്രവേശംചെയ്ത ചിലരുടെയെങ്കിലും ഉദ്ദേശ്യശുദ്ധി നല്ലതാണെന്ന് കരുതാനാവില്ല. പ്രശസ്തിക്കോ രാഷ്ട്രീയ നേട്ടങ്ങൾക്കോ ഇത്തരം അവസരങ്ങളെ ഉപയോഗിക്കാൻ കരുതിയിരിക്കുന്ന വ്യക്തികളെയും സംഘടനകളെയും തിരിച്ചറിഞ്ഞ് മാറ്റിനിർത്താനുള്ള ഉത്തരവാദിത്തവും എല്ലാവർക്കുമുണ്ട്. അതോടൊപ്പം, ഇത്തരത്തിൽ സൃഷ്ടിക്കപ്പെടുന്ന വിവാദങ്ങൾ വിപരീതമായ ഫലങ്ങൾ ഉളവാക്കുന്ന അവസ്ഥ സംജാതമാകുന്നതിനെക്കുറിച്ചും നാം ജാഗരൂകരാകണം. സിനിമയുടെ നിർമ്മാതാക്കളെ സംബന്ധിച്ചിടത്തോളം ഏതുതരത്തിലുള്ള വിവാദങ്ങൾ സൃഷ്ടിക്കപ്പെടുന്നതും, അത് സിനിമയുടെ റിലീസിന് തടസമായി മാറുന്നില്ലെങ്കിൽ പ്രചാരണത്തിന് നല്ലതാണ്. അത്തരത്തിൽ അനർഹമായ നെഗറ്റിവ് പബ്ലിസിറ്റി സമ്പാദിച്ചുകൊടുക്കുവാൻ അതിരുവിട്ട ചർച്ചകൾ കാരണമായേക്കാം. അമിതവൈകാരികത പ്രകടിപ്പിക്കുന്ന ചർച്ചകൾ തീവ്രവാദപരമായി മാറുന്നത് ക്രൈസ്തവ സമൂഹത്തിന്റെ പൊതുവായ സൽപ്പേരിനും സാമാന്യ ജനതയ്ക്കിടയിലുള്ള സ്വീകാര്യതയ്ക്കും കോട്ടം വരുത്തിയേക്കാം എന്നുള്ള അപകടവുമുണ്ട്.
പ്രതികരണങ്ങളെക്കുറിച്ചുള്ള തർക്കങ്ങൾ
ഇത്തരം പ്രതികരണങ്ങൾക്കുമേലുള്ള തുടർചർച്ചകൾ കൂടുതൽ രൂക്ഷമായി മാറുന്നതാണ് സോഷ്യൽമീഡിയയിലെ മറ്റൊരു പ്രതിഭാസം. വിഭാഗീയതയെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിയുള്ള യാഥാർഥ്യബോധത്തോടെയുള്ള സമീപനം പലപ്പോഴും നമുക്ക് കൈമോശം വന്നുപോകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രതികരണത്തിന്റെ ശൈലിയെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസം ശത്രുതയിലേക്കല്ല, സംവാദത്തിലേയ്ക്കും സമവായത്തിലേയ്ക്കുമാണ് നമ്മെ നയിക്കേണ്ടത്. തങ്ങൾ ചിന്തിക്കുന്നത് മാത്രമാണ് ശരി എന്ന വിധത്തിലുള്ള ചിന്തകളുടെ പ്രാമുഖ്യം സോഷ്യൽമീഡിയയുടെ അതിപ്രസരത്തിന്റെ പശ്ചാത്തലത്തിൽ നമുക്കിടയിൽ വളർന്നുവരുന്നുണ്ട്. ഒരു വിഷയത്തിന്റെ വിവിധ വശങ്ങൾ വിവേകപൂർവ്വം വിശകലനം ചെയ്ത് സന്തുലിതവും സ്വീകാര്യവുമായ നിലപാടുകൾ സ്വീകരിക്കാനാണ് എല്ലാവരും കൂടുതൽ ശ്രദ്ധിക്കേണ്ടത്.
ക്രൈസ്തവ സമൂഹത്തിൽ സമീപകാലങ്ങളായി വളർന്നുവന്ന സമുദായബോധത്തിന് ഒട്ടേറെ സത്ഗുണങ്ങളുണ്ട്. ഒരുമിച്ചു മുന്നേറണമെന്നും അതിക്രമങ്ങളെയും കടന്നുകയറ്റങ്ങളെയും ഒരുമിച്ചുനിന്ന് പ്രതിരോധിക്കണമെന്നുമുള്ള തിരിച്ചറിവ് മോശമല്ലാത്ത ഒരു വിഭാഗം ക്രൈസ്തവരിൽ രൂപപ്പെട്ടിരിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്. അത്തരം കാഴ്ചപ്പാടുകളുടെ നന്മയും കാലികപ്രസക്തിയും മനസിലാക്കി പ്രതികരിക്കുവാൻ എല്ലാവരും ബാധ്യസ്ഥരാണ്. അതോടൊപ്പം, ആൾക്കൂട്ടത്തിന്റെ ആക്രോശങ്ങൾക്കപ്പുറം വിവേകവും ബുദ്ധിയും വിനിയോഗിച്ചുകൊണ്ടുള്ള ക്രിസ്തീയമായ ഇടപെടലുകളിലേയ്ക്ക് സമുദായബോധവും പ്രതികരണ ശൈലിയും മാറ്റപ്പെടേണ്ടതും അത്യന്താപേക്ഷിതമാണ്.
ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗികവക്താവ്, കെ.സി.ബി.സി.
ഡയറക്ടർ, പി.ഒ.സി.