അത് നിയമവിരുദ്ധമല്ല; മല്ലു ട്രാവലറിന് മറുപടിയുമായി കുറുപ്പ് അണിയറപ്രവര്‍ത്തകര്‍
|നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് വാഹനം റോഡിൽ ഇറക്കിയത് എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്
കുറുപ്പ് കാർ വിവാദത്തിൽ മല്ലു ട്രാവലർക്ക് മറുപടിയുമായി സിനിമയുടെ അണിയറപ്രവർത്തകർ. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സിനിമയുടെ പോസ്റ്റർ പതിപ്പിച്ച കാർ രംഗത്തിറക്കിയിരുന്നു. ഇതിനെ വിമർശിച്ചാണ് മല്ലു ട്രാവലർ രംഗത്ത് വന്നത്. എന്നാൽ മല്ലുവിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ് എന്നാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പറയുന്നത്. കാറിൽ സ്റ്റിക്കറൊട്ടിച്ച് നിരത്തിൽ ഇറക്കിയത് നിയമപ്രകാരം പണം നൽകിയാണെന്നാണ് ഇവരുടെ വാദം. പാലക്കാട് ആർ.ടി.ഒ ഓഫീസിൽ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് വാഹനം റോഡിൽ ഇറക്കിയത് എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്
സാധാരണക്കാർക്ക് സ്വകാര്യ വാഹനങ്ങളിൽ സ്റ്റിക്കർ പതിപ്പിക്കാനുള്ള അവസരം നൽകാതെ ഒരു സിനിമക്ക് വേണ്ടി ഇത്തരമൊരു നീക്കം നടത്തുന്നത് നിയമവിരുദ്ധമാണെന്നും എല്ലാവർക്കും നിയമം ഒരുപോലെയാകണമെന്നുമാണ് മല്ലു ട്രാവലർ പറഞ്ഞത്. തന്റെ വിമർശനം സിനിമക്കെതിരെ അല്ല എന്നും നിയമലംഘനത്തിനെതിരെ ആണ് എന്നും മല്ലു ട്രാവലർ ചൂണ്ടിക്കാണിച്ചിരുന്നു. പ്രൈവറ്റ് വാഹനങ്ങളിൽ നിയമപ്രകാരം മുൻകൂട്ടി അനുവാദം വാങ്ങിയോ ഫീസ് അടച്ചോ സ്റ്റിക്കർ ചെയ്യാൻ അനുമതി ഇല്ലെന്നാണ് മല്ലു ട്രാവലർ പറഞ്ഞത്