കഥയെഴുത്തിൽ താൻ കാരണവരാണെങ്കിലും സിനിമാ എഴുത്തിൽ നവാഗതൻ: എം മുകുന്ദൻ
|എം മുകുന്ദന്റെ ആദ്യ തിരക്കഥയിൽ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' ചിത്രീകരണം തുടങ്ങി
കഥയെഴുത്തിൽ താൻ കാരണവരാണെങ്കിലും സിനിമാ എഴുത്തിൽ നവാഗതനാണെന്നും വായിച്ച പാശ്ചാത്യ തിരക്കഥകളൊന്നും ഉപകാരപ്പെട്ടില്ലെന്നും എം മുകുന്ദൻ. ഇന്ന് ചിത്രീകരണം തുടങ്ങിയ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'യിലൂടെ നവാഗത തിരക്കഥാകൃത്താവുകയാണ് മയ്യഴിയുടെ കഥാകാരൻ. ''ദൈവത്തിന്റെ വികൃതികൾ'' എന്ന നോവൽ അടിസ്ഥാനമാക്കി പകുതി തിരക്കഥ എഴുതിയിരുന്നുവെങ്കിലും ജോലിത്തിരക്കുകളാൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് എം മുകുന്ദൻ മിഡിയവണിനോട് പറഞ്ഞു. പിന്നീട് ലെനിൻ രാജേന്ദ്രൻ തിരക്കഥ പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ വികൃതികൾ ലെനിൻ രാജേന്ദ്രന്റെ സംവിധാനത്തിൽ 1992 ലാണ് പുറത്തിറങ്ങിയത്.
ഇപ്പോൾ തിരക്കഥയെഴുതിയ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' സ്ത്രീപക്ഷ സിനിമയാണെന്നും മൂലകഥയുടെ സ്പിരിറ്റിൽ തന്നെ തയാറാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. താൻ നവാഗത തിരക്കഥാകൃത്തായതിനാൽ അഭിനയിക്കുന്നവരും നവാഗതരാകട്ടേയെന്ന് തോന്നിയിരുന്നു. സിനിമ കാണാറുണ്ടായിരുന്നെങ്കിലും ഇറങ്ങിപ്രവർത്തിക്കാൻ താൽപര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ രചനയിൽ നമുക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും തിരക്കഥ വിശ്വസനീയമായിരിക്കണമെന്നും സാങ്കേതികമായ കുറേ കാര്യങ്ങൾ ഈ രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യത്തിൽ ഫാൻറസിയടക്കം കൊണ്ടുവരാമെങ്കിൽ സിനിമയിൽ അത് സാധ്യമല്ല. എംടി വാസുദേവൻ നായരുടെ തിരക്കഥകൾ റഫർ ചെയ്തിരുന്നുവെന്നും അദ്ദേഹത്തിന്റെ സാഹിത്യ രചനയിലെ അതേ ഭംഗി അവയിലും കാണാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ സിനിമലോകത്ത് റിയലിസത്തിന്റെ കാലമാണെന്നും എന്നാൽ തിരക്കഥയിലൂടെ ഒരു നല്ല സിനിമ തയാറാക്കാനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കാലത്തിന്റെ മാറ്റം ആരെങ്കിലും ഉണ്ടാക്കിയ ശേഷം മറ്റുള്ളവർ പിന്തുടരുന്നതല്ലെന്നും എല്ലാവരും ഒന്നിച്ച് സൃഷ്ടിക്കുന്നതാണെന്നും മുകുന്ദൻ പറഞ്ഞു.
'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'ക്കായി എം മുകുന്ദൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ഹരികുമാർ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ ചടങ്ങു ഇന്നലെ നടന്നിരുന്നു. ആൻ അഗസ്റ്റിൻ, സുരാജ് വെഞ്ഞാറാംമൂട് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
M Mukundan said that although he was Expert in the writing of the story, he was a newcomer in the field of film writing and none of the Western scripts he read were useful.