![യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്; എലോൺ ടീസർ എത്തി യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്; എലോൺ ടീസർ എത്തി](https://www.mediaoneonline.com/h-upload/2022/05/21/1295874-mohanlal-new.webp)
'യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്'; എലോൺ ടീസർ എത്തി
![](/images/authorplaceholder.jpg?type=1&v=2)
12 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ചിത്രത്തിനായി ഷാജി കൈലാസും മോഹൻലാലും ഒരുമിക്കുന്നത്.
നീണ്ട ഇടവേളക്ക് ശേഷം ഷാജികൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാവുന്ന എലോണിന്റെ ടീസർ പുറത്തുവിട്ടു. ലാലിന്റെ പിറന്നാൾ ദിനനത്തിലാണ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ 45 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ പുറത്തുവിട്ടിരിക്കുന്നത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് രാജേഷ് ജയറാം തിരക്കഥ എഴുതുന്നു. ഷാജി കൈലാസിൻറെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചർ എന്നീ സിനിമകൾക്ക് രാജേഷ് ജയരാമൻ തിരക്കഥ ഒരുക്കിയിട്ടുണ്ട്. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം, എഡിറ്റിംഗ് ഡോൺ മാക്സ്. എട്ട് ദിവസമെന്ന റെക്കോർഡ് വേഗത്തിലാണ് ഷാജി കൈലാസ് ചിത്രീകരണം പൂർത്തിയാക്കിയത്.
പന്ത്രണ്ട് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ചിത്രത്തിനായി ഷാജി കൈലാസും മോഹൻലാലും ഒരുമിക്കുന്നത്. 2009ൽ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഷാജി കൈലാസ് മോഹൻലാൽ കൂട്ടുകെട്ടിൽ അവസാനം റിലീസ് ചെയ്ത ചിത്രം. ആശിർവാദിന്റെ 30-ാം ചിത്രം കൂടിയാണിത്. ഷാജി കൈലാസ്-മോഹൻലാൽ കൂട്ടുകെട്ടിൽ 2000ൽ എത്തിയ 'നരസിംഹ'മായിരുന്നു ആശിർവാദ് സിനിമാസിൻറെ ആദ്യ ചിത്രം.
അതേസമയം, ജീത്തു ജോസഫിൻറെ ട്വൽത്ത് മാൻ ആണ് മോഹൻലാലിൻറേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.