‘വിനായകന് ലൈനുണ്ട്, സുരാജിന് സിക്സ്പാക്കും’; തെക്ക് വടക്ക് സിനിമയുടെ വിശേഷങ്ങളുമായി പെട്ടിയും ഫ്രണ്ടും
|വിനായകനും സുരാജും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമയാണിത്
കൊച്ചി: റിലീസിന് ഒരുങ്ങുന്ന ‘തെക്ക് വടക്ക്’ സിനിമയും നായകരായ വിനായകന്റെയും സുരാജിന്റെയും പലവിധ ഭാവങ്ങളും സ്വഭാവസവിശേഷതകളും ഇതിനകം അവതരിപ്പിച്ചു കഴിഞ്ഞു. അവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുകയാണ് അണിയറപ്രവർത്തകർ. യുവ താരങ്ങളായ ഷമീർ ഖാൻ, മെൽവിൻ ജി. ബാബു എന്നിവർ സുരാജ് വെഞ്ഞാറമ്മൂടിന്റെ ശങ്കുണ്ണിയെ കുറിച്ചും വിനായകന്റെ മാധവനെ കുറിച്ചും പറയുന്ന ടീസർ പുറത്തിറങ്ങി. പെട്ടി, ഫ്രണ്ട് എന്നിങ്ങനെയാണ് ഇരുവരുടേയും പേര്.
മെൽവിൻ വിനായകനെ കുറിച്ചും ഷമീർ സുരാജിനെ കുറിച്ചും വീരവാദം പറഞ്ഞ് തർക്കിക്കുന്നതായാണ് വിഡിയോ. അടുത്ത മാസം തിയറ്ററിൽ എത്തുന്ന സിനിമയുടെ ആമുഖ വീഡിയോയുടെ ഭാഗമാണ് ഇതും. പെട്ടി, ഫ്രണ്ട് എന്നീ കഥാപാത്രങ്ങളെ കൂടി പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ് പുതിയ വിഡിയോ.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തെക്ക് വടക്കിന്റെ ആദ്യ പോസ്റ്ററിലും ആഘോഷ മൂഡാണ് നൽകിയിരിക്കുന്നത്. വിനായകനും സുരാജ് വെഞ്ഞാറമൂടും ഡാൻസ് ചെയ്യുന്ന പോസാണ് ആദ്യ പോസ്റ്ററിലേത്. #കസകസ എന്ന ഹാഷ്ടാഗ് മാത്രമാണ് പോസ്റ്ററിലൂടെ സിനിമ സംബന്ധിച്ചുള്ള സൂചന നൽകിയിരുന്നത്.
പുതിയ ടീസറിലും കസ കസ, എന്നുപയോഗിക്കുന്നുണ്ട്. എന്താണ് കസകസ എന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. പരസ്പരം മുഖത്തടിക്കുകയും അലറി വിളിക്കുകയും മുഖം തിരിക്കുകയുമൊക്കെ ചെയ്ത ആമുഖ വീഡിയോകൾ മാധവനും ശങ്കുണ്ണിയും തമ്മിലുള്ള പോരാണ് വെളിപ്പെടുത്തിയത്. സീനിയർ സിറ്റിസൺസിന്റെ വേഷത്തിലേക്ക് ഇരുവരുടേയും മേക്കോവർ ആദ്യ പോസ്റ്ററിലും വ്യക്തം.
റിട്ടയേർഡ് കെ.എസ്.ഇ.ബി എഞ്ചിനീയർ മാധവനായാണ് വിനായകൻ വേഷമിടുന്നത്. സുരാജ് അരിമിൽ ഉടമ ശങ്കുണ്ണിയും. മറ്റുതാരങ്ങൾ: കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, സ്നേഹ, ശീതൾ, മഞ്ജുശ്രീ, ബാലൻ പാറക്കൽ, ജെയിംസ് പാറക്കൽ.
നൻപകൽ നേരത്ത് മയക്കത്തിനു ശേഷം എസ്. ഹരീഷിന്റെ രചനയിൽ പ്രേം ശങ്കറാണ് സിനിമ സംവിധാനം ചെയ്യുന്നത്. അഞ്ജന ഫിലിപ്പ്, വി.എ. ശ്രീകുമാർ എന്നിവർ ചേർന്ന് രൂപീകരിച്ച അഞ്ജന- വാർസ് ആണ് നിർമാണം. വിനായകനും സുരാജ് വെഞ്ഞാറമൂടും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും തെക്കു വടക്കിനുണ്ട്.