Movies
24 മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ; പാൻ ഇന്ത്യ ഹിറ്റിലേക്ക് കിഷ്കിന്ധാ കാണ്ഡം
Movies

24 മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ; പാൻ ഇന്ത്യ ഹിറ്റിലേക്ക് കിഷ്കിന്ധാ കാണ്ഡം

Web Desk
|
20 Sep 2024 11:06 AM GMT

90,000 ല്‍‌ അധികം ടിക്കറ്റുകളാണ് അവസാന 24 മണിക്കൂറിനിടെ വിറ്റുപോയത്

ആസിഫ് അലി നായകനായ ‘കിഷ്കിന്ധാ കാണ്ഡം’ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട്. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ടിക്കറ്റ് പോലും കിട്ടാത്ത അവസ്ഥയാണ് കേരളത്തിന്‌ അകത്തും പുറത്തും ഇപ്പോൾ. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ചിത്രമാണ് ‘കിഷ്കിന്ധാ കാണ്ഡം’.

90,000 ല്‍‌ അധികം ടിക്കറ്റുകളാണ് അവസാന 24 മണിക്കൂറിനിടെ വിറ്റുപോയത്. ഇതോടെ ഇന്ത്യയില്‍ എല്ലാ ഭാഷകളിലുമായി നിലവില്‍ തിയറ്ററുകളിലുള്ള ചിത്രങ്ങളുടെ ബുക്കിംഗില്‍ ‘കിഷ്കിന്ധാ കാണ്ഡം’ ഒന്നാമത് എത്തി. ആളുകള്‍ തമ്മില്‍ പറഞ്ഞാണ് ചിത്രത്തിന് കൂടുതലും പ്രൊമോഷന്‍ കിട്ടുന്നത് എന്നതാണ് ശ്രദ്ധേയം. റിലീസായി രണ്ടാം വാരത്തിലും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം ഓടിക്കൊണ്ടിരിക്കുന്നത്.

പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും വ്യത്യസ്തമായ ചിത്രമാണിത്. ആസിഫ് അലിക്കൊപ്പം അപര്‍ണ ബാലമുരളിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയരാഘവന്‍, ജഗദീഷ്, നിഷാന്‍, അശോകന്‍, മേജര്‍ രവി, വൈഷ്ണവി രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കിഷ്കിന്ധാ കാണ്ഡം’. ബാഹുല്‍ രമേഷിന്റേതാണ് സിനിമയുടെ തിരക്കഥ. ഛായാഗ്രഹണവും ബാഹുല്‍ രമേഷിന്റേതാണ്. ഗുഡ്‌വിൽ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Related Tags :
Similar Posts