'അക്ഷയ് കുമാറോ രൺദീപ് ഹൂഡയോ': ബയോപികിൽ നായകനാരെന്ന ചോദ്യത്തിന് നീരജിന്റെ മറുപടി
|2018ൽ ഏഷ്യൻ ഗെയിംസിൽ ദേശീയ റെക്കോർഡ് നേടിയതിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം. നിങ്ങളുടെ ജീവിതം സിനിമയാക്കുകയാണെങ്കിൽ ഏത് താരമാണ് അനുയോജ്യനെന്നായിരുന്നു ചോദ്യം.
ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണം നേടിയതിന്റെ അത്യാഹ്ലാദത്തിലാണ് നീരജ് ചോപ്ര. ഒളിമ്പിക്‌സിൽ വ്യക്തിഗത ഇനത്തിൽ ഇന്ത്യക്കായി സ്വർണം നേടുന്ന രണ്ടാമത്തെ താരമാകാനും നീരജിനായിരുന്നു. മിൽഖ സിങിനും പിടി ഉഷയ്ക്കും നിർഭാഗ്യത്താൽ നഷ്ടപ്പെട്ടുപോയ മെഡൽ നേട്ടമാണ് സ്വർണത്തിലൂടെ നീരജ്‌കൊണ്ടുവന്നത്. ഒളിമ്പിക്‌സിലെ അത്‌ലറ്റിക് ട്രാക്കിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ സ്വർണം കൂടിയായിരുന്നു അത്.
സമ്മാനപ്പെരുമഴയാണ് നീരജിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം സംസ്ഥാനമായ ഹരിയാന ആറുകോടിയാണ് നീരജിന് പ്രഖ്യാപിച്ചത്. ബി.സി.സി.ഐയും ഐ.പി.എൽ ടീമായ ചെന്നൈ സൂപ്പർകിങ്‌സുമൊക്കെ പാരിതോഷികം പ്രഖ്യാപിച്ചുകഴിഞ്ഞു. അതോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിൽ മറ്റൊരു ചർച്ചയും ആരംഭിച്ചിരുന്നു. നീരജിന്റെ ജീവിത കഥ സിനിമയാകുകയാണെങ്കിൽ ആരായിരിക്കും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുക എന്ന്. എന്നാൽ ആ ചോദ്യത്തിന് വർഷങ്ങൾക്ക് മുമ്പ് തന്നെ നീരജ് ഉത്തരം നൽകിയിരുന്നു.
2018ൽ ഏഷ്യൻ ഗെയിംസിൽ ദേശീയ റെക്കോർഡ് നേടിയതിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം. നിങ്ങളുടെ ജീവിതം സിനിമയാക്കുകയാണെങ്കിൽ ഏത് താരമാണ് അനുയോജ്യനെന്നായിരുന്നു ചോദ്യം. രൺദീപ് ഹൂഡ, അക്ഷയ് കുമാർ എന്നിങ്ങനെയായിരുന്നു താരത്തിന്റെ മറുപടി. ബോളിവുഡിൽ കായിക താരങ്ങളുടെ ജീവചരിത്രം പറയുന്ന നിരവധി സിനിമകള്‍ ബോക്സ്ഓഫീസില്‍ വിജയിച്ചിരുന്നു.
അതിലൊന്നായിരുന്നു ധോണിയുടെ ചിത്രം. ദംഗൽ, സൈന എന്നീ ചിത്രങ്ങളൊക്കെ ഇന്ത്യയുടെ കായിക നേട്ടങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. 1983ലെ ക്രിക്കറ്റ് ലോകകപ്പുമായി ബന്ധപ്പെട്ട രൺവീർ സിങ് ചിത്രം, വനിതാ ക്രിക്കറ്റർ മിതാലി രാജിന്റെ ജീവിത കഥയുൾപ്പെടെയുള്ള ചിത്രങ്ങൾ റിലീസിനൊരുങ്ങുന്നുണ്ട്.