എഴുതിതള്ളാൻ വരട്ടെ: ലാൽസിങ് ഛദ്ദയ്‌ക്കൊരു ബോക്‌സ്ഓഫീസ് റെക്കോർഡ്, അതും അന്താരാഷ്ട്ര മാർക്കറ്റിൽ
|സഞ്ജയ് ലീല ബൻസാലി ചിത്രം ഗംഗുഭായ് കത്തിയാവാഡി, കാർത്തിക് ആര്യൻ ചിത്രം ബൂൽ ബുലയ്യ 2 എന്നീ ചിത്രങ്ങളുടെ കളക്ഷൻ ലാൽസിങ് ഛദ്ദ പിന്നിലാക്കി
മുംബൈ: ഇന്ത്യൻ മാർക്കറ്റിൽ ആമിർഖാൻ ചിത്രം ലാൽസിങ് ഛദ്ദ തരിപ്പണമായെങ്കിലും അന്താരാഷ്ട്ര മാർക്കറ്റിൽ ചിത്രത്തിന് ഉയിർത്തെഴുന്നേൽപ്പ്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ചിത്രം അന്താരാഷ്ട്ര മാർക്കറ്റിൽ ചില കളക്ഷന്‍ റെക്കോർഡുകൾ സ്വന്തമാക്കിയെന്നാണ്. സഞ്ജയ് ലീല ബൻസാലി ചിത്രം ഗംഗുഭായ് കത്തിയാവാഡി, കാർത്തിക് ആര്യൻ ചിത്രം ബൂൽ ബുലയ്യ 2 എന്നീ ചിത്രങ്ങളുടെ കളക്ഷൻ ലാൽസിങ് ഛദ്ദ തകർത്തു.
റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്ന ദിവസം വരെ ലാൽസിങ് ഛദ്ദ നേടിയത് 59 കോടിയാണ്(7.5മില്യണ്‍) ഗംഗുഭായ് യും(7.4 മില്യണ്‍) ബൂൽബുലയ്യയും(5.88മില്യണ്‍) ഇത്രയും നേടിയിട്ടില്ല. കശ്മീർ ഫയൽസിന്റെ(5.7 മില്യണ്‍) അന്താരാഷ്ട്ര കളക്ഷൻ റെക്കോർഡും ലാൽസിങ് ഛദ്ദ പിന്നിലാക്കി. അതേസമയം വിതരണക്കാർ നഷ്ടപരിഹാരം ചോദിച്ചുവെന്ന വാർത്തകൾ ചിത്രത്തിന്റെ അണിയറക്കാർ തള്ളി. ചിത്രത്തിന് പണം നഷ്ടപ്പെട്ടിട്ടില്ലെന്നും ഇപ്പോഴും ഇന്ത്യയിലും പുറത്തും ചിത്രം പ്രദർശനം തുടരുന്നുണ്ടെന്നും അണിയറക്കാർ വ്യക്തമാക്കുന്നു. അതേസമയം ചിത്രത്തിന്റെ ഒടിടി അവകാശം ഇതുവരെ വിറ്റുപോയിട്ടില്ല. നെറ്റ്ഫ്‌ളിക്‌സ് ആണ് ചിത്രത്തിന് വേണ്ടി രംഗത്തുള്ളത്. ഇവരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
ആമിർഖാനെ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ചിത്രം രാജ്യത്ത് ശ്രദ്ധേയമായത്. ആമിർഖാൻ മുമ്പ് നടത്തിയ പ്രസ്താവനയുടെ പേരിലാണ് ചിത്രത്തിനെതിരെ ബഹിഷ്‌കരണ ക്യാമ്പയിനുകൾ സജീവമായത്. ചിത്രം ഇന്ത്യൻ പ്രേക്ഷകരെ നിരാശപ്പെടുത്തിയതോടെ ബോക്‌സ്ഓഫീസിൽ പിന്നിലായി. പല സ്ഥലത്തും പ്രദര്‍ശനങ്ങള്‍ മുടങ്ങി. എന്നാൽ തങ്ങളുടെ ബഹിഷ്‌കരണ ക്യാമ്പയിനാണ് ചിത്രത്തിന് തിരിച്ചടിയായതെന്നാണ് ബഹിഷ്കരണക്കാര്‍ അവകാശപ്പെടുന്നത്.
അതേസമയം സമാധാനം തകർക്കുന്നതിനാൽ ചിത്രം പൂർണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ ചിത്രത്തിനെതിരെ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജസ്റ്റിസ് രാജർഷി ഭരദ്വാജ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് മുമ്പാകെ സമർപ്പിച്ച ഹർജിയിൽ, പശ്ചിമബംഗാള്‍ സംസ്ഥാന ബിജെപി നേതാവും അഭിഭാഷകയുമായ നാസിയ ഇല്ലാഹി ഖാൻ, സിനിമയുടെ പ്രദർശനം സമാധാന ലംഘനത്തിന് കാരണമാകുമെന്നാണ് അവകാശപ്പെടുന്നത്. ഹരജി പിന്നീട് കോടതി പരിഗണിക്കും.