ഇനി ചെകുത്താൻ്റെ വരവ്; 'എംപുരാൻ' ഡൽഹിയിൽ ചിത്രീകരണമാരംഭിച്ചു
|ആശിർവാദ് സിനിമാസ്, ലൈക പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ ആൻ്റണി പെരുമ്പാവൂരും സുഭാസ്ക്കരനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്
സിനിമാ പ്രേമികളും ആരാധകരും ഒരു പോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം. ഡൽഹിയിൽ വെച്ച് നടന്ന പൂജ ചടങ്ങിൽ മോഹൻലാൽ, പൃഥിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂർ, സുപ്രിയ മേനോൻ, ശാന്തി ആന്റണി തുടങ്ങിയവർ പങ്കെടുത്തു. ലൂസിഫറിലെ ആദ്യ ഭാഗത്ത് വരുന്ന റോബ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അലക്‌സ് ഒ നെലും പൂജയിൽ പങ്കെടുത്തിരുന്നു.
ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എംപുരാൻ ആശീർവാദ് സിനിമാസിനൊപ്പം ലൈക പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ലൈക പ്രൊഡക്ഷൻ നിർമിക്കുന്ന ആദ്യ മലയാള ചിത്രമാണ് എംപുരാൻ. ഒരു ദിവസത്തെ ചിത്രീകരണം മാത്രമാണ് ഡൽഹിയിൽ നടക്കുക. അതിന് ശേഷം ഒരു മാസത്തെ ചിത്രീകരണം ലഡാക്കിലാണ്. ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലും ചില വിദേശരാജ്യങ്ങളിലുമാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. എന്നാൽ കേരളത്തിൽ ചിത്രീകരണമുണ്ടാകുമോ എന്ന വ്യക്തമല്ല.
മുരളി ഗോപിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. സിനിമയുടെ ബജറ്റോ റീലീസ് ഡേറ്റോ പുറത്തു വിട്ടിട്ടില്ല. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം റീലീസാകും. എന്തായാലും വളരെ നല്ല സിനിമാറ്റിക് അനുഭവം നൽകുന്ന ഒരു ചിത്രമായിരിക്കും എംപുരാൻ എന്നാണ് സിനിമാ പ്രേമികൾ കരുതുന്നത്. ഹോളിവുഡ് ചിത്രത്തിന് സമാനമായ രീതിയിൽ ലൊക്കേഷനും ചിത്രീകരണവുമാണ് എംപുരാനായി ആസൂത്രണം ചെയ്യുന്നത്.