Movies
ട്രെൻഡിങിൽ ഒന്നാമത്; നെറ്റ്ഫ്‌ളിക്‌സിൽ ചരിത്രം കുറിച്ച് ജന ഗണ മന
Movies

ട്രെൻഡിങിൽ ഒന്നാമത്; നെറ്റ്ഫ്‌ളിക്‌സിൽ ചരിത്രം കുറിച്ച് 'ജന ഗണ മന'

Web Desk
|
4 Jun 2022 3:21 PM GMT

രാജ്യത്തെ സമകാലിക രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ വിമർശനാത്മകമായി സമീപിച്ച ചിത്രത്തിന് മികച്ച മൗത്ത്‌ പബ്ലിസിറ്റിയാണ് ആദ്യ വാരം മുതൽ ലഭിച്ചത്

കൊച്ചി: തിയറ്ററുകളിലെ മികച്ച വിജയത്തിന് ശേഷം ഒടിടിയിൽ എത്തിയ പൃഥ്വിരാജ്-സുരാജ് വെഞ്ഞാറന്മാൂട് ചിത്രം 'ജന ഗണ മന' നെറ്റ്ഫ്‌ലിക്‌സിൽ ട്രെൻറിംഗിൽ ഒന്നാം സ്ഥാനത്ത്. ചിത്രത്തിന്റെ നിർമ്മാതാക്കളായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'ഞങ്ങൾ ഒരു ഇന്ത്യൻ സിനിമ വാഗ്ദാനം ചെയ്യുന്നുവെന്ന് കുറിച്ചാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്

പൃഥ്വിരാജിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മന ജൂൺ 2നാണ് നെറ്റ്ഫ്‌ലിക്‌സിൽ റിലീസ് ചെയ്തത്. മലയാളത്തിനൊപ്പം തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം എത്തിയിട്ടുണ്ട്. അർധരാത്രിക്കു ശേഷമാണ് നെറ്റ്ഫ്‌ലിക്‌സിൽ ചിത്രം റിലീസ് ചെയ്തത്. മലയാളത്തിൽ ഈ വർഷം ശ്രദ്ധേയ വിജയം നേടിയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് ജന ഗണ മന. രാജ്യത്തെ സമകാലിക രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ വിമർശനാത്മകമായി സമീപിച്ച ചിത്രത്തിന് മികച്ച മൗത്ത്‌ പബ്ലിസിറ്റിയാണ് ആദ്യ വാരം മുതൽ ലഭിച്ചത്. ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം നടത്താൻ സാധിച്ചു. ഏപ്രിൽ 28ന് തിയറ്ററുകളിലെത്തിയ ചിത്രം 26 ദിവസങ്ങളിൽ 50 കോടിയാണ് നേടിയത്.

അഭിമാനാർഹമായ നേട്ടമാണിത്. ക്വീൻ എന്ന ചിത്രത്തിലൂടെ 2018ൽ സംവിധാന അരങ്ങേറ്റം നടത്തിയ ഡിജോ ജോസ് ആൻറണിയുടെ രണ്ടാം ചിത്രമാണ് ജന ഗണ മന. ഷാരിസ് മുഹമ്മദിന്റേതാണ് രചന. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. തിയറ്ററുകളിൽ വിജയം നേടിയ ഡ്രൈവിംഗ് ലൈസൻസിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

Similar Posts