Movies
എം.എൽ.എയുടെ വീട്ടിൽ കയറിയ മോഷ്ടാവിനെ പട്ടികടിച്ചു; കുഞ്ചാക്കോ ബോബൻ ചിത്രം ന്നാ താൻ കേസ് കൊട് ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി
Movies

'എം.എൽ.എയുടെ വീട്ടിൽ കയറിയ മോഷ്ടാവിനെ പട്ടികടിച്ചു'; കുഞ്ചാക്കോ ബോബൻ ചിത്രം 'ന്നാ താൻ കേസ് കൊട്' ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി

Web Desk
|
24 Jun 2022 2:15 PM GMT

ആഗസ്റ്റ് 12ന് കേരളത്തിലെ തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും

കുഞ്ചാക്കോ ബോബൻ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ കൗതുകം നിറഞ്ഞ പോസ്റ്റർ പുറത്തിറങ്ങി. ചീമേനി മാന്വൽ എന്ന ദിനപ്പത്രത്തിൽ വന്ന ഫുൾ പേജ് വാർത്തയുടെ മാതൃകയിലുള്ള ഒഫീഷ്യൽ പോസ്റ്ററിന് വലിയ അളവിലുള്ള സ്വീകാര്യതയാണ് സോഷ്യൽ മീഡിയാ ഇടങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. 'എം.എൽ.എയുടെ വീട്ടിൽ കയറിയ മോഷ്ടാവിനെ പട്ടി കടിച്ചു, നാട്ടുകാർ പിടിച്ചുകെട്ടി പോലീസിൽ ഏൽപ്പിച്ചു' എന്ന തലക്കെട്ടോടുകൂടിയ വാർത്തയ്ക്കൊപ്പം മലയാളികൾ മുൻപെങ്ങും കാണാത്ത ദൈന്യഭാവത്തോടെ, പിൻകാലിലെ മുറിവ് ഡ്രസ് ചെയ്തുകൊണ്ടുള്ള ചാക്കോച്ചന്റെ നിൽപ്പും ഭാവവും ആരിലും ചിരിയുണർത്തും. മോഷ്ടാവായ നായകന്റെ നിലവിലെ അവസ്ഥ പത്രവാർത്താരൂപത്തിൽ വ്യക്തമാക്കുന്നതിനൊപ്പം ചിത്രത്തിന്റെ ഔദ്യോഗിക റീലീസ് തീയതിയും പോസ്റ്ററിലൂടെ പ്രഖ്യാപിക്കുകയം ചെയ്തു. ആഗസ്റ്റ് 12ന് കേരളത്തിലെ തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.



എസ്.ടി.കെ ഫ്രെയിംസിന്റെ ബാനറിൽ നിർമ്മാതാവ് സന്തോഷ്. ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവ്വഹിക്കുന്ന ചിത്രം ഹാസ്യപശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ' എന്ന ജനപ്രിയ ചിത്രത്തിന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഷെറിൻ റേച്ചൽ സന്തോഷാണ് ചിത്രത്തിന്റെ മറ്റൊരു സഹ നിർമ്മാതാവ്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂപ്പർ ഡീലക്‌സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഇത്. ബേസിൽ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ആറ് മാസത്തോളം നീണ്ടു നിന്ന പ്രീ പ്രൊഡക്ഷൻ ജോലികളാണ് ചിത്രത്തിന് വേണ്ടി അണിയറപ്രവർത്തകരും നിർമ്മാതാക്കളും നടത്തിയത്. കാസർകോടൻ ഗ്രാമങ്ങളുടെ പശ്ചാത്തലത്തിൽ വികസിക്കുന്ന ഈ സിനിമയ്ക്കായി വൻ മുന്നൊരുക്കം നടത്തേണ്ടി വന്നിരുന്നു. നിരവധി കലാകാരൻമാരെ ഈ പ്രദേശങ്ങളിൽ നിന്ന് തന്നെ കാസ്റ്റിംഗ് കോളുകളിലൂടെ കണ്ടെത്തുകയും അവരെ പരിശീലന കളരികളിലൂടെ തിരഞ്ഞെടുക്കുകയും ചെയ്തതിന് ശേഷം സിനിമയുടെ ഒരു ചെറുരൂപം ഈ കലാകാരൻമാരെ വെച്ച് മാത്രം യഥാർത്ഥ സിനിമയുടെ ചിത്രീകരണത്തിന് മുൻപേ തന്നെ നടത്തിയിരുന്നു. അറുപത് ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിനായി കാസർകോട് ജില്ലയിലെ അഞ്ച് ഗ്രാമങ്ങളിലായി പത്തോളം ലൊക്കേഷനുകൾ ഉപയോഗിച്ചിരുന്നു.

ബോളിവുഡ് ഛായാഗ്രാഹകൻ രാകേഷ് ഹരിദാസാണ് (ഷേർണി ഫെയിം) ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മനോജ് കണ്ണോത്ത് ചിത്രസംയോജനവും ജോതിഷ് ശങ്കർ കലാസംവിധാനവും നിർവഹിക്കുന്നു. വൈശാഖ് സുഗുണൻ രചിച്ച വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം ഒരുക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: അരുൺ സി തമ്പി, സൗണ്ട് ഡിസൈനിങ്: ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്‌സിംഗ്: വിപിൻ നായർ, കോസ്റ്റിയൂം: മെൽവി. ജെ, മേയ്ക്കപ്പ്: ഹസ്സൻ വണ്ടൂർ, പ്രൊഡക്ഷൻ കൺട്രോളർ: ബെന്നി കട്ടപ്പന, കാസ്റ്റിംഗ് ഡയറക്ടർ: രാജേഷ് മാധവൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ജംഷീർ പുറക്കാട്ടിരി, ഫിനാൻസ് കൺട്രോളർ: ജോബീഷ് ആന്റണി, സ്റ്റിൽസ്: ഷാലു പേയാട്, പരസ്യകല: ഓൾഡ് മങ്ക്‌സ്, പി ആർ ഒ: മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്: ഹെയിൻസ്.

official poster of Kunchacko Boban's movie 'Nna Than case Kodu' released

Similar Posts