Movies
valyettan
Movies

ഓൾഡ് ഈസ് ​ഗോൾഡ്, വല്ല്യേട്ടനിലെ പഴയ ലൊക്കേഷൻ ചിത്രങ്ങളുമായി ടീം

Web Desk
|
25 Nov 2024 8:22 AM GMT

അപൂർവ ചിത്രങ്ങളും അതിന് പിന്നിലുളള രസകരമായ ഓർമകളും പങ്കുവെക്കുകയാണ് വല്ല്യേട്ടൻ ടീം

രഞ്ജിത്ത്-ഷാജി കൈലാസ് കൂട്ടുക്കെട്ടിൽ 24 വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ഹിറ്റ് മമ്മൂട്ടി ചിത്രമാണ് വല്ല്യേട്ടൻ. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കര നിർമിച്ച ചിത്രം 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെ വീണ്ടും തിയേറ്റർ റിലീസിന് തയ്യാറായി ഇരിക്കുകയാണ്. നവംബർ 29-നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ഇതുവരെ ആരും കാണാത്ത ലൊക്കേഷനിൽ നിന്നുള്ള ചില അപൂർവ ചിത്രങ്ങളും അതിന് പിന്നിലുളള രസകരമായ ഓർമകളും പങ്കുവെക്കുകയാണ് വല്ല്യേട്ടൻ ടീം.


വല്ല്യേട്ടനിലെ ഏറ്റവും പ്രശസ്തമായ നിറനാഴിപൊന്നിൽ എന്ന ​ഗാനം. ഇതിന്റെ ചിത്രീകരണ വേളയിലെ ചിത്രങ്ങൾ കാണാം. അറക്കൽ മാധവനുണ്ണിയായി മമ്മൂട്ടിയും അനുജന്മാരായി വിജയകുമാർ, മനോജ് കെ ജയൻ, സിദ്ദിഖ്, സുധീഷ് എന്നിവരാണ് ചിത്രത്തിലുള്ളത്. ചേലൂർമനയിൽ വച്ചാണ് ‘വല്ല്യേട്ടൻ’ ചിത്രീകരിച്ചത്. എം.ജി. ശ്രീകുമാർ ആലപിച്ച ഈ ഗാനം ഇപ്പോഴും എല്ലാവരുടെയും ഇഷ്ടഗാനങ്ങളിൽ ഒന്നാണ്.



വല്ല്യേട്ടന്റെ ചിത്രീകരണ വേളയിൽ നിന്നുമുള്ള ചിത്രം. അക്കാലത്ത് ഏവരുടെയും മനസ്സ് കീഴടക്കിയ, ബെൻസ് ഇ ക്ലാസ് കാറാണ് ഈ ചിത്രത്തിൽ കാണുന്നത്. 1999-ൽ നിർമാതാവായ ബൈജു അമ്പലക്കര വാങ്ങിയ കാറാണ് പിന്നീട് വല്ല്യേട്ടന്റെ ചിത്രീകരണത്തിനായി ഉപയോഗിച്ചത്. ചിത്രത്തിന് ശേഷം മമ്മൂട്ടിയുടെ പോലെ തന്നെ ഏറെ ആരാധകർ ഈ കാറിനുമുണ്ടായിരുന്നു.





തൃശൂർ രാഗം തിയേറ്ററിൽ നിന്നുമുള്ള ചിത്രം. 2000 സെപ്റ്റംബർ പത്തിന് പുറത്തിറങ്ങിയ‘വല്ല്യേട്ടൻ’ അന്ന് കേരളത്തിൽ മാത്രമായി നാൽപതോളം തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്. ബോക്സ് ഓഫീസ് ഹിറ്റായ'വല്ല്യേട്ടൻ', റെക്കോർഡ് കളക്ഷൻ നേടി 150 ദിവസം കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവടങ്ങളിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു. കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം അന്ന് റിലീസ് ചെയ്തിരുന്നു. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് ചിത്രം റിലീസ് ചെയ്തത്.





വല്ല്യേട്ടന്റെ വിജയത്തെ തുടർന്ന് തൃശൂർ ജില്ലയിലെ മമ്മൂട്ടി ഫാൻസ്, ദാദാസാഹിബ് എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയിൽ മമ്മൂട്ടിയെ മാലയിട്ട് ആദരിച്ചപ്പോൾ. തൃശൂർ ജില്ലയിലെ മമ്മൂട്ടി ഫാൻസ് അറക്കൽമാധവനുണ്ണിയെ പോലെവേഷം ധരിച്ചാണ് അന്ന് വിജയാഘോഷത്തിൽ പങ്കെടുത്തത്. വെള്ളമുണ്ടും ജുബ്ബയും വലത്കൈയിലെ കറുത്തചരടുമായിരുന്നു അറക്കൽ മാധവനുണ്ണിയുടെ വേഷം. അക്കാലത്തിറങ്ങിയ ചിത്രങ്ങളിൽ ഏറെ പ്രശസ്തമായ ഒരു ലുക്ക് തന്നെയായിരുന്നു അറക്കൽമാധവനുണ്ണിയുടേത്.




Related Tags :
Similar Posts