ഡ്രൈവിംഗ് ലൈസന്‍സ് ഹിന്ദി പതിപ്പ്; ബോളിവുഡില്‍ നിര്‍മാതാവായി അരങ്ങേറ്റത്തിനൊരുങ്ങി പൃഥ്വിരാജ്
|അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയുമാകും ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുക
പൃഥ്വിരാജ്– സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് വരുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ കഥാപാത്രമായി അക്ഷയ് കുമാറും സുരാജ് കൈകാര്യം ചെയ്ത വെഹിക്കിൾ ഇൻസ്പെക്ടറുടെ വേഷത്തിൽ ഇമ്രാൻ ഹാഷ്മിയുമാകും ഹിന്ദി പതിപ്പിലെത്തുക. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുന്നു.
രാജ് മേഹ്ത സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹര്‍ മാത്രമാകില്ല, പൃഥിരാജ് നിര്‍മാതാവായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാകും ഇത്. പിങ്ക്വില്ലയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ബോളിവുഡിന് ചേർന്ന മാറ്റങ്ങളോടെയാകും ചിത്രത്തിന്റെ റീമേക്കെത്തുക. അടുത്ത വർഷം ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശത്താകും പ്രധാന ലൊക്കേഷൻ.
സച്ചി തിരക്കഥ എഴുതിയ ചിത്രം മലയാളത്തിൽ സംവിധാനം ചെയ്തത് ജീൻ പോൾ ലാൽ ആയിരുന്നു. മിയ, ദീപ്തി സതി, സൈജു കുറുപ്പ്, ലാലു അലക്സ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.