"പുഴു" ഉറക്കെ പറയുന്ന സാമൂഹിക വൃത്തികേടുകൾ
|ജാതിവിവേചനം തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത് എങ്ങിനെയാണെന്ന് ഈ സിനിമയില്‍ പലപല രംഗങ്ങളിലായി കാണിക്കുന്നുണ്ട്. കുട്ടിക്ക് പകർന്നുനൽകുന്ന ശീലങ്ങൾ പോലും ജാതിബോധത്തിന്റെ കൈമാറ്റമായി മാറുന്നു.
എല്ലാവരും കണ്ടിരിക്കേണ്ട ഒരു അടിമുടി രാഷ്ട്രീയ സിനിമയാണ് പുഴു. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി വിവേചനത്തെയും മുസ്ലിം വിരുദ്ധതയേയും കുറിച്ചു "ഉറക്കെ" വിളിച്ചു പറയുന്നൊരു സിനിമയാണിത്. നമുക്കിടയിലുള്ള വൃത്തികേടുകള്‍, ഈ സിനിമയില്‍ "ആവര്‍ത്തിച്ചു" പറയുന്നുണ്ട്. വ്യക്തമായി, ലൌഡായി, ആവര്‍ത്തിച്ചു പറയുന്നു എന്നത്, ഒരു കലാവിഷ്കാരത്തെ സംബന്ധിച്ചിടത്തോളം മേന്മയായി കാണാന്‍ കഴിയുമോ? ഈയൊരു സംശയം സാധാരണ ഗതിയില്‍ ന്യായമാണ്. എന്നാല്‍, കഴിയുന്നത്ര ഉറക്കെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു വിളിച്ചു പറയേണ്ട ഒരു പ്രശ്നത്തെ കുറിച്ചാണ് ഈ സിനിമ സംസാരിക്കുന്നത്. അതുകൊണ്ടു തന്നെ ആവിഷ്കാരത്തിന്‍റെ സൌന്ദര്യത്തേക്കാള്‍, വില കല്‍പ്പിക്കേണ്ടതു ഇവിടെ സിനിമയുടെ പ്രമേയത്തിനാണ്. ഈ പ്രമേയം/ചിന്ത/അവബോധം കൂടുതല്‍ പേരിലേക്ക് എത്തേണ്ടതുണ്ട്. അതിനു സഹായിക്കുന്നതാണ് മമ്മൂട്ടിയുടെ താരസാന്നിധ്യം.
ജാതിബോധം എന്നതൊരു വ്യക്ത്യാധിഷ്ഠിത വിഷയമല്ല, അതൊരു സാമൂഹ്യ പ്രശ്നമാണ്. അതുകൊണ്ടുതന്നെ ഈ ബോധം ഏറിയും കുറഞ്ഞും നമ്മള്‍ എല്ലാവരിലുമുണ്ട്. വിരല്‍ നമുക്ക് നേരെ കൂടി ചൂണ്ടുന്ന സന്ദര്‍ഭങ്ങളിലൊക്കെ, സത്യം അംഗീകരിക്കാന്‍ നമുക്കു ബുദ്ധിമുട്ടാണ്. നമ്മളേക്കാള്‍ ജാതിബോധം പേറുന്ന, പ്രദര്‍ശിപ്പിക്കുന്ന മനുഷ്യര്‍ തീര്‍ച്ചയായും സമൂഹത്തില്‍ ഉണ്ടാവും. നമ്മുടെ കുറവുകളെ അവഗണിക്കാനുള്ള എളുപ്പവഴി അവരെ ചൂണ്ടികാണിക്കുകയാണ്. ഈ ന്യായീകരണം നമ്മളറിയാതെ തന്നെ നമുക്കായി നമ്മുടെ തലച്ചോര്‍ നടത്തും. ബോധപൂര്‍വ്വമായ പുനപരിശോധനകളിലൂടെ മാത്രമേ നമ്മളിലെ ഇത്തരം പ്രശ്നങ്ങള്‍ തിരിച്ചറിയാനും, പരിഷ്കരിക്കാനും സാധിക്കുകയുള്ളൂ. പക്ഷെ ഇത്തരം ആത്മപരിശോധനകള്‍ സ്വയമേ നടത്താന്‍ എല്ലാവര്‍ക്കും സാധിക്കില്ല. അതു സാധിക്കുന്നവര്‍ക്ക് തന്നെ ഒരുപാട് സമയവും, അദ്ധ്വാനവും ചിലവഴിക്കേണ്ടതായിട്ടുണ്ട്. ഇതൊക്കെ കൊണ്ടാണ് ഇത്തരം വിഷയങ്ങളില്‍ ആത്മപരിശോധനക്കായി ചില വിരല്‍ചൂണ്ടലുകള്‍ വേണ്ടിവരുന്നതു. നമ്മുടെ തെറ്റുകള്‍ തിരിച്ചറിയാന്‍, കുറ്റപ്പെടുത്തലുകള്‍, അതും ആവര്‍ത്തിച്ചുള്ള കുറ്റപ്പെടുത്തലുകള്‍ ചിലപ്പോഴെങ്കിലും സഹായകമായേക്കും. ഈ സിനിമ അതു ചെയ്യുന്നുണ്ട്, നിശ്ചയമായും ഈ സിനിമ നമ്മളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്, പലതവണ...
സമത്വം, സാഹോദര്യം എന്നതൊക്കെ മഹത്തായ ആശയങ്ങളാണെന്നതു, ഇന്നൊരു തര്‍ക്കവിഷയമല്ല. ജന്മം കൊണ്ടു മനുഷ്യരെ വേര്‍തിരിച്ചു കാണുന്ന വ്യവസ്ഥിതിയാണ് ജാതി വ്യവസ്ഥിതി. ഇതൊരു മോശം കാര്യമാണെന്ന കാര്യത്തിലും ആര്‍ക്കുമിന്നു സംശയമില്ല. എന്നിട്ടും എങ്ങിനെയാണ് ജാതിബോധം സമൂഹത്തില്‍ ഇത്ര വ്യാപകമായി രൂഢമൂലമായതു! അതിനു കാരണം, എല്ലാ മനുഷ്യരെയും തുല്യരായി പരിഗണിക്കുന്നതാണ് ശരിയായ കാര്യമെന്നതു തത്വത്തിലെങ്കിലും സമൂഹം അംഗീകരിച്ചിട്ടു അധികകാലമായിട്ടില്ല എന്നതാണ്. നാളിത്രയും ജാതിവിവേചനം ശരിയാണെന്ന ബോധ്യമായിരുന്നു നമുക്കുണ്ടായിരുന്നത്. വിശിഷ്യാ ഇന്ത്യയിലെ ജാതി വ്യവസ്ഥിതിക്ക് ദാര്‍ശനിക അടിത്തറ പോലുമുണ്ടായിരുന്നു. അതുപ്രകാരം ജാതിവിവേചനം പാലിക്കുക എന്നതാണു ഓരോ വ്യക്തിയുടെയും ധര്‍മ്മം. സഹസ്രാബ്ദങ്ങള്‍ നാം കൊണ്ടു നടന്ന ഈ ബോധ്യത്തിന്‍റെ മാറാപ്പുകള്‍, പെട്ടെന്നൊരു ദിവസം ഉപേക്ഷിക്കാന്‍ സമൂഹത്തിനു കഴിയില്ല. സമൂഹത്തിന്‍റെ ധാര്‍മികബോധം പരിഷ്കരിക്കപ്പെടുന്തോറും ജാതിബോധം ദുര്‍ബലമാവുമെങ്കിലും, അതു പല രീതികളിലുള്ള വേഷംകെട്ടലുകളിലൂടെ നിലനില്‍ക്കാന്‍ ശ്രമിക്കുമെന്നതാണ് അനുഭവം.
ജാതി ചോദിക്കരുതെന്ന ഗുരുവിന്‍റെ ആപ്തവാക്യത്തിനു പ്രസക്തിയുള്ളതു, ജാതി ചോദിക്കുന്ന ഒരു കാലഘട്ടത്തിലാണ്. ഇന്നത്തെ സമൂഹത്തില്‍ നേരിട്ടു ജാതി ചോദിക്കുന്ന പതിവില്ല. എന്നാല്‍ പേരിനോടൊപ്പമുള്ള ജാതിവാല്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരുന്ന പ്രവണത നമുക്കിന്നു കാണാന്‍ കഴിയും. എന്‍റെ ക്ലാസ്സ് മേറ്റ്സ് ആയിരുന്ന സൂരജും രാജീവും ഇന്നു യഥാക്രമം സൂരജ് നായരും രാജീവ് മേനോനുമാണ്. ഇത്തരം വേഷം കേട്ടലുകള്‍ വ്യക്തിപരമായ ഗൂഡാലോചനകളുടെ ഫലമല്ല. എന്നാല്‍ പുതിയ കാലഘട്ടത്തിലും ജാതിക്കു നിലനില്‍ക്കണമെങ്കില്‍ ഇത്തരം വേഷംകെട്ടലുകള്‍ അനിവാര്യമാണു. പുഴു സിനിമയിലെ കുട്ടപ്പന്‍ എന്ന കഥാപാത്രം പറയുന്നൊരു ഡയലോഗുണ്ട് "മനുഷ്യന്‍ പോയി റോബോട്ട് വന്നാലും ഈ പരിപാടി ഇവിടെയൊക്കെ കാണും, അതിങ്ങിനെ ഫാന്‍സി ഡ്രസ്സ് കളിച്ചു കൊണ്ടേയിരിക്കും."
അയിത്തം എന്ന ആചാരത്തിനെ സമൂഹം അംഗീകരിച്ചിരുന്ന ഒരു ഭൂതകാലം നമുക്കുണ്ട്. എന്നാല്‍ ഇന്നങ്ങിനെയല്ല, അയിത്തത്തിന് പരസ്യവും സ്വതന്ത്രവുമായ ഒരു നിലനില്‍പ്പ് ഇന്നത്തെ സമൂഹത്തില്‍ സാധ്യമല്ല. സ്വഭാവികമായും അയിത്തത്തിന് പ്രവര്‍ത്തിക്കണമെങ്കില്‍ പ്രച്ഛന്നവേഷം കെട്ടേണ്ടി വരും. വൃത്തി എന്നതു നല്ലൊരു ഗുണമാണ്. പുഴു സിനിമയിലെ മമ്മൂട്ടി അഭിനയിക്കുന്ന കുട്ടന്‍ എന്ന കഥാപാത്രം വൃത്തിയുടെ പര്യായമാണ്. വളരെ വൃത്തിയുള്ള, അടുക്കും ചിട്ടയുമുള്ള, മനോഹരമായ ഒരു ഫ്ലാറ്റിലാണ് കുട്ടന്‍ താമസിക്കുന്നത്. വൃത്തിയുള്ള വസ്ത്രധാരണം, വൃത്തിയായി പാകം ചെയ്യുന്നു, വൃത്തിയായി പല്ലു തേക്കുന്നു. അങ്ങിനെ വൃത്തിമയമാണ് കുട്ടനും കുട്ടന്‍റെ പരിസരവും. എന്നാല്‍ കുട്ടന്‍റെ വൃത്തിയെന്നതു അയിത്താചരണത്തിനുള്ള ഒരു മുഖംമൂടി മാത്രമാണെന്നതാണു സത്യം.
ജാതിവിവേചനം തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത് എങ്ങിനെയാണെന്ന് ഈ സിനിമയില്‍ പലപല രംഗങ്ങളിലായി കാണിക്കുന്നുണ്ട്. കുട്ടികളെ അടുക്കുംചിട്ടയോടെ വളര്‍ത്തുക എന്നതൊരു രക്ഷിതാവിന്‍റെ കടമയാണ്. അനുസരണയുള്ള, അച്ചടക്കമുള്ള ഒരു മകനായാണ് കുട്ടന്‍ തന്‍റെ മകന്‍ കിച്ചുവിനെ വളര്‍ത്തുന്നത്. ആ കണിശത വ്യക്തമാവുന്ന നിരവധി രംഗങ്ങള്‍ ഈ ചിത്രത്തിലുണ്ട്. ഷൂ റാക്കില്‍ തല തിരിഞ്ഞിരിക്കുന്ന ഷൂ, ലോണ്ട്രി ബാസ്കറ്റില്‍ നിന്നും പുറത്തേക്ക് നില്‍ക്കുന്ന മുഷിഞ്ഞ വസ്ത്രം... ഇതൊക്കെ കുട്ടന്‍റെ ഒരൊറ്റ നോട്ടം കൊണ്ടു യഥാസ്ഥാനത്തേക്ക് എത്തുന്നുണ്ട്. സത്യത്തില്‍ കിച്ചുവിനു ലഭിക്കുന്ന പരിശീലനത്തിലൂടെ പകര്‍ന്നു നല്‍കുന്നതു വൃത്തി മാത്രമല്ല, ജാതിബോധം കൂടിയാണ്. വൃത്തിയുടെ മറവില്‍ ഒളിച്ചുവെക്കുന്ന ജാതിബോധം പുറത്തേക്ക് വരുന്ന രംഘങ്ങളും സിനിമയിലുണ്ട്. ഉദാഹരണത്തിനു മകനു മുറിവു പറ്റിയപ്പോള്‍, കുട്ടന്‍ തിരക്കു കൂട്ടിയതു അവനെ കുളിപ്പിക്കാനാണ്. അതിനു കാരണം അവനു മുറിവു പറ്റിയത് അവന്‍ "പുറത്തു" കളിയ്ക്കാന്‍ പോയപ്പോഴാണു എന്നതാണ്.
കുട്ടന്‍ കിച്ചുവിലേക്ക് ഇങ്ങിനെ ജാതിബോധം പകര്‍ന്നു നല്കുന്നതു കാണുമ്പോള്‍, നമ്മള്‍ പ്രേക്ഷകര്‍ക്ക് കുട്ടനോട് അമര്‍ഷവും, കിച്ചുവിനോട് സഹതാപവും തോന്നും. സത്യത്തില്‍ കിച്ചുവിനോളം തന്നെ സഹതാപം കുട്ടനും അര്‍ഹിക്കുന്നുണ്ട്. രണ്ടുപേരും ജാതി വ്യവസ്ഥിതിയെന്ന തെറ്റായൊരു സാമൂഹ്യ ബോധ്യത്തിന്‍റെ ഇരകളാണ്. കുട്ടന് തന്‍റെ അപ്പൂപ്പന്‍ പകര്‍ന്നു നല്കിയ പാഠങ്ങളാണ് അയാള്‍ കിച്ചുവിനു കൈമാറുന്നത്. കുട്ടന്‍റെ ശരികളാണ് കിച്ചുവിന്‍റെ നന്മയ്ക്കായി അയാളവനെ പരിശീലിപ്പിക്കുന്നതു. അയിത്തമാണു താന്‍ പിന്തുടരുന്നതെന്നും, അതാണ് താന്‍ കിച്ചുവിനു പകര്‍ന്നു നല്‍കുന്നതെന്നും, കുട്ടന്‍ ഒരുപക്ഷേ തിരിച്ചറിയുന്നു പോലുമുണ്ടാവില്ല. ഉദാഹരണത്തിനു "നമുക്കുള്ളതു മറ്റുള്ളവര്‍ക്ക് കൊടുക്കാം" എന്നാണു കുട്ടന്‍ കിച്ചുവിനെ പഠിപ്പിക്കുന്നത്, എത്ര നല്ല പാഠമല്ലേ? എന്നാല്‍ അതിനോടൊപ്പം, "മറ്റുള്ളവര്‍ തരുന്നത് നമ്മള്‍ സ്വീകരിക്കരുത്" എന്നുകൂടി കുട്ടന്‍ പഠിപ്പിച്ചു കൊടുക്കുന്നുണ്ട്. അതിന്‍റെ ആവശ്യം കിച്ചുവിനില്ലല്ലോ എന്നൊരു നിഷ്കളങ്ക ന്യായീകരണവും. നോക്കൂ, ഏതൊക്കെ വേഷത്തിലാണ് വിവേചനം സമൂഹത്തില്‍ പ്രചരിക്കുന്നതെന്ന്! കിച്ചു വളരുമ്പോള്‍ മറ്റൊരു കുട്ടനാവാനേ തരമുള്ളൂ, ഒരുപക്ഷേ അല്‍പ്പം കൂടി ഭേദപ്പെട്ട കുട്ടന്‍ ആയേക്കും. അതും കിച്ചുവിന്‍റെ മേന്മയല്ല, അയാള്‍ വളര്‍ന്ന കാലഘട്ടത്തിന്‍റെ ഔദാര്യമാണ്.
സമൂഹമാണ് വില്ലന്‍, കുട്ടനല്ല - ഇതു മനസിലാക്കാനും അംഗീകരിക്കാനും നമുക്കുള്ള മടി സ്വഭാവികമാണ്. എല്ലാ കളങ്കവും വ്യക്തികളില്‍ ആരോപിക്കുമ്പോള്‍ നമുക്കു സംശുദ്ധരായി തുടരാം. മറിച്ചു ജാതിബോധത്തെ സാമൂഹ്യ പ്രശ്നമായി മനസിലാക്കുമ്പോള്‍ നമ്മള്‍ കൂടി പ്രതിസ്ഥാനത്താവും. കുട്ടനെ ഏറ്റവുമധികം വേദനിപ്പിച്ചത്, കുട്ടന് ഏറ്റവും പകയുള്ളതു സ്വന്തം സഹോദരിയോടാണ്. അതിനൊരു കാരണമേയുള്ളൂ, അവള്‍ കുട്ടപ്പന്‍ എന്നൊരു കീഴ് ജാതിക്കാരനെ വിവാഹം ചെയ്തു. വളരെ കുറച്ചു കഥാപാത്രങ്ങളെ ഈ സിനിമയില്‍ ഉള്ളൂ. അതില്‍ ഏതാണ്ട് എല്ലാവരുടെയും പേരു എനിക്കോര്‍മ്മയുണ്ട്. എന്നാല്‍ പ്രധാന കഥാപാത്രമായിട്ടും പാര്‍വ്വതിയുടെ കഥാപാത്രത്തിന്‍റെ പേരു എനിക്കു ഇപ്പോള്‍ ഓര്‍മ്മയില്ല. സത്യത്തില്‍ ആ കഥാപാത്രത്തിന്‍റെ ആഴത്തിനോ പേരിനോ വലിയ പ്രസക്തിയില്ല, കുട്ടപ്പനെ അവര്‍ പ്രണയിച്ചു എന്നതാണ് പ്രധാനം. ആ ഒരൊറ്റ കാരണം മതി അവര്‍ വെറുക്കപ്പെടാന്‍.
എന്നാല്‍ ഒരു സീനില്‍, പാര്‍വ്വതി കൊണ്ടുവന്ന പായസമെടുത്തു കുട്ടന്‍ രുചിച്ചു നോക്കുന്നുണ്ടു. ആരും കാണുന്നില്ല എന്നുറപ്പുള്ളതു കൊണ്ടുമാത്രമാണു കുട്ടന്‍ ആ പായസം രുചിച്ചു നോക്കുന്നത്. സാമൂഹ്യ സമ്മര്‍ദ്ധമില്ലെങ്കില്‍ കുട്ടന്‍ പെരുമാറുക ഇങ്ങിനെയാവും. ജാതിബോധം നിലനിര്‍ത്തുന്നതില്‍ സമൂഹത്തിനുള്ള പങ്ക് ഇതില്‍ നിന്നും വ്യക്തമാണ്. സഹോദരി ചെയ്ത "പാതക"ത്തിന്‍റെ വ്രണം കുട്ടനില്‍ ഉണങ്ങാതെ സൂക്ഷിക്കുന്നത് സമൂഹമാണ്. കുട്ടന് ചുറ്റുമുള്ളവരാണ് ആ വ്രണത്തില്‍ നിരന്തരമായി കുത്തി നോവിച്ചു കൊണ്ടിരിക്കുന്നത്. എപ്പോഴും കൂടെയുള്ള മോഹനേട്ടനും ഹരിക്കുമൊക്കെ കുട്ടന്‍റെ ജാതിബോധത്തിലും സ്വഭാവ രൂപീകരണത്തിലും വലിയ പങ്കുണ്ട്. ജാതിബോധം പോലുള്ള സാമൂഹ്യ പ്രശ്നങ്ങളെ ശരിയായ രീതിയില്‍ മനസിലാക്കാന്‍ വലിയ അദ്ധ്വാനം വേണ്ടതുണ്ട്. nature vs nurture എന്നതൊരു പുരാതന തര്‍ക്കവിഷയമാണ്. ആധുനിക സമൂഹത്തിലെ ഒരോ വ്യക്തിയേയും, ഏതാണ്ട് പൂര്‍ണ്ണമായും രൂപപ്പെടുത്തുന്നത് അവനു ചുറ്റുമുള്ള സമൂഹവും പരിതസ്ഥിതികളുമാണ്. മറിച്ചു ജന്മനാ ലഭിക്കുന്നതാണ് വ്യക്തിയുടെ സ്വഭാവമെന്ന ചിന്താധാര വികലമായ ഒന്നാണ്.
ഇവിടെ ഒരു തര്‍ക്കം വരാവുന്നത്, കുട്ടനും അയാളുടെ സഹോദരിയും ഏതാണ്ട് ഒരേ ചുറ്റുപാടില്‍ നിന്നും വളര്‍ന്നു വന്നവരല്ലേ, എന്നിട്ടും ഇവരെങ്ങിനെ ഇത്ര വിത്യസ്ത സ്വഭാവമുള്ളവരായി എന്നതാണ്. ഏറ്റവുമധികം സമയം അടുത്തിടപഴുകുന്നവരാണ് സ്വഭാവികമായും നമ്മളെ ഏറ്റവുമധികം സ്വാധീനിക്കുക. ചിലര്‍ക്കത് രക്ഷിതാക്കള്‍ ആവും, ചിലര്‍ക്കത് സുഹൃത്തുക്കള്‍ ആവും, മറ്റു ചിലരെ സ്വാധീനിക്കുക പ്രണയിതാവ് ആവും. കുട്ടപ്പനുമായാണ് കുട്ടന്‍റെ സഹോദരി പ്രണയത്തിലാവുന്നത്. കുട്ടപ്പന്‍റെ ഒരോ ശ്വാസത്തിലും ജാതിവിവേചനത്തിനെതിരെയുള്ള നിലപാടുകള്‍ ഉണ്ടു. അങ്ങിനെ ഒരാളുമായി അടുത്തിടപഴുകുന്ന ഒരാള്‍ തന്നിലെ ജാതിബോധം ഉപേക്ഷിക്കുന്നതില്‍ അത്ഭുതമില്ല. മാത്രമല്ല, ഏതെങ്കിലും രീതിയിലുള്ള വിവേചനം അനുഭവിച്ച ഒരാള്‍ക്ക്, മറ്റു വിവേചനങ്ങളും തിരിച്ചറിയാന്‍ താരതമ്യേന എളുപ്പത്തില്‍ സാധിക്കും. അതുകൊണ്ടു തന്നെ കുട്ടനേക്കാള്‍ എളുപ്പത്തില്‍ അയാളുടെ സ്വന്തം സഹോദരിക്കും അമ്മയ്ക്കും ജാതിവിവേചനത്തെ മനസിലാക്കാന്‍ കഴിഞ്ഞേക്കാം.
കുട്ടനെ വഷളാക്കിയതിനു സമൂഹത്തിനു ഉത്തരവാദിത്വം ഉണ്ടെങ്കില്‍, ഇത്ര ഉജ്ജ്വലമായ ഒരു വ്യക്തിത്വത്തിനുടമയായി കുട്ടപ്പനെ രൂപപ്പെടുത്തിയതും അതേ സമൂഹമല്ലേ?... അല്ല, നമ്മുടെ സമൂഹം രൂപപ്പെടുത്തിയതല്ല കുട്ടപ്പനെ. അയാളുടേത് സമൂഹത്തിനെതിരെയുള്ള ഒരു ഒറ്റയാള്‍ പോരാട്ടമാണ്. കുട്ടപ്പന്‍ ഒരു അപവാദമാണ്, ജാതി വിവേചനത്തില്‍ തളര്‍ന്നു വീഴുന്നവരാണ് അധികം പേരും. "ഈ കോലത്തിലാണോ നാടകം കളിയ്ക്കാന്‍ വരുന്നതു!" - എത്ര നിര്‍ദ്ദോഷകരമായ തമാശയല്ലേ? എത്രയോ അവസരങ്ങളില്‍ സമാനമായ തമാശകളില്‍ നാം ഓരോരുത്തരും പങ്കു ചേര്‍ന്നിട്ടുണ്ട്. സത്യസന്ധമായി ആത്മപരിശോധന നടത്തിനോക്കൂ, ദിവസേന നാം നടത്തുന്ന തമാശകളില്‍ നല്ലൊരു പങ്കും അധികാര പ്രയോഗമല്ലേ, അധിക്ഷേപം മാത്രമല്ലേ? സ്കൂളില്‍ പഠിക്കുമ്പോഴേ നാടകത്തോട് അടങ്ങാത്ത അഭിനിവേശമുണ്ട് കുട്ടപ്പന്. സ്കൂളിലെ നാടകത്തിനു ഒരവസരം കിട്ടാന്‍, കുളിച്ചു, കയ്യിലുള്ള ഏറ്റവും നല്ല വസ്ത്രം ധരിച്ചു, ഒരുങ്ങി ചെന്ന ഒരു കുട്ടിയെ ആണ്, "ഈ കോലത്തിലാണോ നാടകം കളിയ്ക്കാന്‍ വരുന്നതു?" എന്നു പരിഹസിച്ചു ടീച്ചര്‍ മടക്കി അയക്കുന്നതു. ഇത്തരമൊരു ട്രോമ എത്ര കുട്ടികള്‍ക്ക് അതിജീവിക്കാന്‍ കഴിയും? സ്കൂളിലെ ഏറ്റവും പ്രഗല്‍ഭയായ ടീച്ചറുടെ ആക്ഷേപത്തെ അവഗണിച്ചു, ഏകാംഗ നാടകം കളിച്ചു പ്രതിഷേധിക്കുന്ന കുട്ടിയെ സൃഷ്ടിക്കാന്‍ തിരക്കഥയില്‍ എളുപ്പമാണ്, ജീവിതത്തില്‍ വലിയ പാടാണ്.
അധികാരം പ്രവര്‍ത്തിക്കുന്നത് എങ്ങിനെയാണു എന്നതിനു ഒന്നാന്തരം ഉദാഹരണമാണ്, ഈ സിനിമയിലെ കുട്ടന്‍ എന്ന കഥാപാത്രം. വീടിനു പുറത്തും അകത്തും മോശം കാര്യങ്ങള്‍ മാത്രം ചെയ്യുന്ന ഒരു കഥാപാത്രമാണ് കുട്ടന്‍. എന്നാല്‍ ഒരിക്കല്‍ പോലും അയാള്‍ തെറി പറയുന്നില്ല. പരസ്യമായി അലറുകയോ ആക്രമിക്കുകയോ ചെയ്യുന്നില്ല. വാക്കിന് വ്യവസ്ഥ ഇല്ലാത്ത ഒരു മനുഷ്യനാണ് കുട്ടന്‍. കുട്ടന്‍ വഞ്ചിച്ചതു കാരണം ജമാലിനു നഷ്ടം ഉണ്ടായിട്ടുണ്ടു. എന്നിട്ടും ഒരു അപകര്‍ഷതാ ബോധവും ഇല്ലാതെ ജമാലുമായി സംസാരിക്കാനും, വീണ്ടും വാക്കു മാറാനുമൊക്കെ കുട്ടനു അനായാസേന കഴിയുന്നുണ്ട്. പോളിനെ(കുഞ്ചന്‍) തടവറയിലാക്കുന്നത് കുട്ടനാണ്. അതോടെ അയാളുടെ ജീവിതം നശിച്ചു. ശിക്ഷ കഴിഞ്ഞു വരുന്ന പോളിനെ പോലും കുട്ടന്‍ വെറുതെ വിടുന്നില്ല. നിരന്തരമായി അയാളെ പിന്തുടര്‍ന്നു അപമാനിക്കുന്നുണ്ട്, പീഡിപ്പിക്കുന്നുണ്ട്. ഇതൊക്കെ ചെയ്യുമ്പോഴും ഒരു കുറ്റബോധവും കുട്ടനില്ല. പോളിനെയും കുട്ടന്‍ പരസ്യമായി ദേഹോപദ്രവം ചെയ്യുന്നില്ല, ഒരു തെറി പോലും നേരെ ചൊവ്വെ വിളിക്കുന്നില്ല. അതൊന്നും ചെയ്യാതെ തന്നെ പോളിന് തന്‍റെ ജീവിതം അവസാനിപ്പിക്കേണ്ടി വരുന്നുണ്ട്. അത്ര മാത്രം നിസഹായനാണ് അധികാരത്തിനു/വ്യവസ്ഥിതിക്കു മുന്നില്‍ ഒരോ മനുഷ്യനും.
കുട്ടനെ പോലെയല്ല കുട്ടപ്പന്‍, കുട്ടപ്പന്‍ പരസ്യമായി ഒരാളെ തല്ലുന്നുണ്ടു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ എത്തുന്ന കുട്ടപ്പന്‍, രജിസ്റ്റാറെയാണ് തല്ലുന്നത്. അതും ഒരു തമാശ പറഞ്ഞതിന്! തമാശ കൃത്യമായി ഓര്‍ക്കുന്നില്ല, "തേങ്ങാപ്പൂള്‍ കൊത്തി പറന്ന കാക്ക" അങ്ങിനെ എന്തോ ഒരു തമാശ. എനിക്കുറപ്പാണ് ഇത്തരം തമാശകളില്‍ ഞാന്‍ പങ്കു ചേര്‍ന്നിട്ടുണ്ടാവുമെന്നു. എനിക്കുറപ്പാണ് നിങ്ങളും ഇത്തരം തമാശകള്‍ ആസ്വദിച്ചിട്ടുണ്ടാവുമെന്നു. അതുകൊണ്ടു തന്നെ ഇങ്ങിനെയൊരു സംഭവം നടക്കുമ്പോള്‍ നമ്മളാരെങ്കിലും ആ ഓഫീസില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും കുട്ടപ്പന് എതിരായിരിക്കും നമ്മളുടെ നിലപാട്. എപ്പോഴും ചിരിച്ചു കൊണ്ടു നടക്കുന്ന, എല്ലാവരോടും മാന്യമായി പെരുമാറുന്ന ഒരാളാണ് കുട്ടപ്പന്‍. പക്ഷെ ആ പരിഗണനയൊന്നും അയാള്‍ക്ക് ഇവിടെ കിട്ടില്ല. അതാരും അന്വേഷിക്കുക പോലുമില്ല. ഏകപക്ഷീയമായ നിയമങ്ങളെ കുറിച്ചു സമൂഹത്തിനു വലിയ ആകുലതയാണ്. എന്നാല്‍ അത്തരം നിയമങ്ങള്‍ നിര്‍മ്മിക്കേണ്ടി വരുന്ന സാമൂഹ്യ സാഹചര്യങ്ങള്‍ അവരൊരിക്കലും കാണുകയുമില്ല. ഇത്തരമൊരു നിയമത്തിന്‍റെ പിന്‍ബലം ഉള്ളതുകൊണ്ടു മാത്രമാണു കുട്ടപ്പനു പോലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങി വരാന്‍ കഴിയുന്നത്.
ഈ സിനിമ തുടങ്ങുന്നത്, കുട്ടപ്പനും പങ്കാളിയും ഒരു വാടക വീട് തേടി നടക്കുന്ന രംഗത്തോടെയാണ്. അവര്‍ക്ക് വാടകവീട് നിഷേധിക്കപ്പെടുന്നതു ഒരൊറ്റ കാരണം കൊണ്ടാണ്. "കണ്ടാലറിഞ്ഞു കൂടെ" - ഇതാണു ആ കാരണം. സ്കൂളില്‍ വെച്ചു നാടകത്തില്‍ അവസരം നിഷേധിക്കപ്പെട്ടതും ഇതേ കാരണം കൊണ്ടാണു. ഇതേ ആക്ഷേപമാണ് രജിസ്റ്റാറും തമാശ രൂപത്തില്‍ പറയുന്നത്. കുട്ടപ്പന്‍റെ ജീവിതത്തില്‍ നിരന്തരമായി സംഭവിക്കുന്ന ഒരു കാര്യമാണിത്. ഓരോ തവണയും ഇതിനെതിരെ പരാതി കൊടുത്തു, കേസ് നടത്തുക എന്നതു അപ്രായോഗികമാണ്. തന്‍റെ സമയം അതിലും മെച്ചപ്പെട്ട കാര്യങ്ങള്‍ ചെയ്യാനായി ഉള്ളതാണെന്നാണ് കുട്ടപ്പന്‍ കരുതുന്നത്. ഒരിക്കലൊന്നു നിയന്ത്രണം വിട്ടു പോയപ്പോഴാണ് രജിസ്റ്റാറുടെ കരണം പുകഞ്ഞത്. ഏതു സാഹചര്യത്തില്‍ ആയാലും അക്രമം തെറ്റല്ലേ എന്ന നമ്മുടെ ലളിതയുക്തി ഇവിടെ എത്ര അര്‍ത്ഥശൂന്യമാണെന്ന് നോക്കൂ. ജീവിതത്തില്‍ നമ്മള്‍ തല തല്ലി ചിരിച്ച/ചിരിക്കുന്ന എത്രയോ തമാശകള്‍ വെറും ബോഡി ഷെയിമിങ്ങ് മാത്രമാണു! കുട്ടപ്പനെ കുറ്റപ്പെടുത്താനുള്ള അര്‍ഹത നമുക്കുണ്ടോ? "കുട്ടന്‍ നന്നായാല്‍ കുട്ടന് കൊള്ളാം" എന്നാണു കുട്ടപ്പന്‍ ഒരു രംഗത്തില്‍ പാര്‍വ്വതിയോട് പറയുന്നതു. നമ്മള്‍ നന്നായാല്‍ നമുക്കു കൊള്ളാം.
ജാതിബോധം പേറുന്ന ഒരാള്‍ക്ക് മുസ്ലിം വിരുദ്ധത ഉണ്ടാവുകയെന്നതു യാദൃശ്ചികമായ ഒരു കാര്യമല്ല. കുട്ടനെ പോലൊരു ജാതിവെറിയന്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ മുസ്ലിം വിദ്വേഷം കൊണ്ടുനടക്കുന്നത് സ്വാഭാവികമാണ്, അതങ്ങിനേയെ വരൂ. കുട്ടനെതിരെ നില്‍ക്കുന്ന എല്ലാ മുസ്ലിം നാമധാരികളും അയാള്‍ക്ക് കൊടും ക്രിമിനലുകളോ, തീവ്രവാദികളോ ആണു. നിര്‍ദ്ദാക്ഷിണ്യം അവരെ വേട്ടയാടാനും, തുറുങ്കിലടക്കാനും രണ്ടാമതൊന്നാലോചിക്കേണ്ട കാര്യം അയാള്‍ക്കില്ല. സിനിമയുടെ അവസാന ഭാഗത്താണ് കുട്ടന്‍റെ മുസ്ലിം വിരുദ്ധത മറ നീക്കി വരുന്നതെങ്കിലും, തുടക്കത്തിലുള്ള ചില രംഗങ്ങളില്‍ തന്നെ ഇതിന്‍റെ മിന്നലാട്ടങ്ങള്‍ കാണാം. ഉദാഹരണത്തിനു ജമാലുമായുള്ള ബിസിനസ്സ് കുട്ടന്‍റെ ആവശ്യമാണ്. അതിനായി അയാള്‍ ജമാലിനെ തന്‍റെ വേനല്‍ക്കാല വസതിയിലേക്ക് ക്ഷണിച്ചു വരുത്തി വിരുന്നു നല്കുന്നുണ്ട്. അപ്പോഴും വളരെ സമര്‍ത്ഥമായി സാധ്യമായ ഒരകലം എപ്പോഴും ജമാലില്‍ നിന്നും കുട്ടന്‍ പാലിക്കുന്നുണ്ട്.
എപ്പോള്‍ വേണമെങ്കിലും അടര്‍ന്നു വീഴാവുന്ന ഇലകളിലാണ് പുഴുവിന്‍റെ ജീവിതം. താനിരിക്കുന്ന ഇല തന്നെയാണ് പുഴുവിന്‍റെ ഭക്ഷണവും. എത്ര അരക്ഷിതത്വത്തിലാണ് പുഴു ജീവിക്കുന്നതല്ലേ? കുട്ടനുമതെ, എല്ലാ പ്രിവിലേജുകളുമുള്ള കുട്ടനും ജീവിക്കുന്നതു കുറെ ഭയങ്ങള്‍ക്കും ആശങ്കകള്‍ക്കും നടുവിലാണ്. നേരെചൊവ്വേ ഒന്നുറങ്ങാന്‍ പോലും അയാള്‍ക്ക് കഴിഞ്ഞിരുന്നില്ല. വാതിലുകള്‍ ഇരട്ടപൂട്ടിട്ടു പൂട്ടിയിട്ടും, മരണം അയാളെ തേടിയെത്തി. അതും ഏറ്റവും സുരക്ഷിതമായ അയാളുടെ വീട്ടിലെ, അയാളുടെ കിടപ്പു മുറിയില്‍ വെച്ചു തന്നെ. പരീക്ഷിത്തു രാജാവിനെ തേടി, തക്ഷകന്‍ പുഴുവായി എത്തിയ പോലെ...