അംഗീകാര നിറവിൽ 'സൗദി വെള്ളക്ക'; ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം
|ഉർവ്വശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനന്‍ നിർമിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സംവിധായകന്‍ തരുൺ മൂർത്തി തന്നെയായിരുന്നു
ഓപ്പറേഷൻ ജാവയ്ക്ക് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിലൊരുങ്ങി സൗദിവെള്ളക്ക ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയ സൗദിവെള്ളക്ക ഇതിനോടകം നിരവധി പുരസ്‌കാരങ്ങൾ നേടിയിരുന്നു. ഉർവ്വശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനന്‍ നിർമിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് തരുൺ മൂർത്തി തന്നെയായിരുന്നു. ചിത്രത്തിന് ലഭിച്ച പുതിയ അംഗീകാരത്തിൽ തരുൺ നന്ദി പറഞ്ഞു. ആഴമേറും യാത്ര എന്ന് കുറിച്ചാണ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്.
ഐഎഫ്എഫ്‌ഐ ഇന്ത്യൻ പനോരമ, ചെന്നൈ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഗോവ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ (ഐസിഎഫ്ടി യുനെസ്‌കോ ഗാന്ധി മെഡൽ അവാർഡ് കോംപറ്റീഷൻ), പൂനെ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ധാക്ക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള എന്നീ ചലച്ചിത്ര മേളകളിൽ ചിത്രം നേരത്തെ പ്രദർശിപ്പിച്ചിരുന്നു.
ലുക്ക് മാൻ അവറാൻ, ദേവീ വർമ്മ, സിദ്ധാർഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കർ, ഗോകുലൻ, ശ്രിന്ദ, റിയ സെയ്‌റ, ധന്യ, അനന്യ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ശരൺ വേലായുധൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് നിഷാദ് യൂസഫ് ആയിരുന്നു.