"റൊമാന്റിക് ഹീറോ വിളി കേട്ട് മടുത്തു, സീതാരാമം അവസാന പ്രണയചിത്രം" -ദുല്‍ഖര്‍ സല്മാന്
|സീതാരാമത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് താരം തന്റെ തീരുമാനം പ്രഖ്യാപിച്ചത്
റൊമാന്റിക് ഹീറോ എന്ന വിളി കേട്ടു മടുത്തു എന്ന് നടന് ദുല്‍ഖര്‍ സല്മാന്. താന്‍ പ്രണയ ചിത്രങ്ങളില്‍ മാത്രമേ അഭിനയിക്കുന്നുള്ളൂ എന്നും ആക്ഷന്‍ മാസ് ചിത്രങ്ങളില്‍ ഒന്നും അഭിനയിക്കുന്നില്ല എന്നുമാണ് പലരുടേയും പരാതി. ഇനി പ്രണയ ചിത്രങ്ങളില്‍ അഭിനയിക്കുന്നില്ല എന്ന് കരുതിയതാണ്. അങ്ങിനെയിരിക്കെയാണ് മനോഹരമായൊരു കഥയുമായി സീതാരാമത്തിന്റെ സംവിധായകന് തന്റെ അടുക്കല്‍ എത്തുന്നത് എന്നും കഥ കേട്ടു കഴിഞ്ഞപ്പോള്‍ നിരസിക്കാന്‍ തോന്നിയില്ല എന്നും താരം പറഞ്ഞു. സീതാരാമം തന്റെ അവസാന പ്രണയ ചിത്രമായിരിക്കും എന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. സീതാരാമത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് താരം തന്റെ തീരുമാനം പ്രഖ്യാപിച്ചത്.
"റൊമാന്റിക് ഹീറോ എന്ന വിളി കേട്ട് മടുത്തു. ഇനി പ്രണയ ചിത്രങ്ങളിൽ അഭിനയിക്കുന്നില്ല എന്ന് കരുതിയതാണ്. ഞാൻ ആക്ഷൻ ചിത്രങ്ങളും മാസ് ചിത്രങ്ങളും ചെയ്യുന്നില്ല എന്നാണ് എല്ലാവർക്കും പരാതി. അങ്ങിനിയെരിക്കെയാണ് ഹനു സർ ഈ സിനിയുടെ കഥയുമായി എന്റെ മുന്നിലെത്തുന്നത്. മനോഹരമായൊരു കഥയാണ് ഇത്. അപ്പോൾ ഞാൻ ചിന്തിച്ചു ഒന്നു കൂടെ ചെയ്യാം.. ഇതെന്റെ അവസാന പ്രണയ ചിത്രമാണ്"-ദുല്‍ഖര്‍ സല്മാന് പറഞ്ഞു.
ലഫ്റ്റനന്റ് റാമിന്റെ പ്രണയ കഥ പറയുന്ന ദുല്‍ഖര്‍ ചിത്രം സീതാരാമത്തിന്റെ ട്രെയിലര്‍ ഇന്നാണ് പുറത്തിറങ്ങിയത്. പ്രണയകഥകളുടെ മാസ്റ്റർ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ പ്രണയ ജോഡി ആയി മൃണാൾ താക്കൂറാണ് എത്തുന്നത്. ഒപ്പം മറ്റൊരു പ്രധാന വേഷത്തിൽ രശ്മിക മന്ദാനയുമുണ്ട്. സ്വപ്ന സിനിമയുടെ കീഴിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്. സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സീതാ രാമം.
തെലുഗ്, തമിഴ്, മലയാളം ഭാഷകളിൽ ഒരേ സമയം സീതാരാമം റിലീസ് ചെയ്യും.ചിത്രത്തിന്റെ ഛായാഗ്രഹണം പി എസ് വിനോദാണ്. അഡീഷണൽ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ശ്രേയസ് കൃഷ്ണയാണ്. സംഗീത സംവിധായകൻ: വിശാൽ ചന്ദ്രശേഖർ. എഡിറ്റർ: കോത്തഗിരി വെങ്കിടേശ്വര റാവു. പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ ബാബു. കലാസംവിധാനം: വൈഷ്ണവി റെഡ്ഡി, ഫൈസൽ അലി ഖാൻ. കോസ്റ്റ്യൂം ഡിസൈനർ: ശീതൾ ശർമ്മ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഗീതാ ഗൗതം. പി.ആർ.ഒ: ആതിര ദിൽജിത്.