Movies
Selfie booths with Sureshan and Sumalatha_entertinment
Movies

സുരേശനും സുമലതയ്ക്കും ഒപ്പം സെല്‍ഫിയെടുക്കാന്‍ സെല്‍ഫി ബൂത്തുകള്‍ റെഡി; 'സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ' മെയ് 16ന്

Web Desk
|
27 March 2024 11:07 AM GMT

ഇമ്മാനുവല്‍ ജോസഫും അജിത് തലപ്പള്ളിയുമാണ് സിനിമയുടെ പ്രചാരണാര്‍ത്ഥം സെല്‍ഫി ബൂത്ത് എന്ന ഈ ആശയവുമായി മുന്നോട്ടുവന്നത്

സുരേശനേയും സുമലതയേയും 1000 കണ്ണുമായ് എന്ന് ആലേഖനം ചെയ്ത ഓട്ടോറിക്ഷയേയും പരിചയമില്ലാത്ത മലയാളികളുണ്ടോ... കാത്തുകാത്തിരുന്ന് ഒടുവില്‍ സുരേശനും സുമലതയും നായകനും നായികയുമായെത്തുന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഒരുക്കുന്ന 'സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ'യുടെ റിലീസിന് മുന്നോടിയായി ഇപ്പോഴിതാ കേരളത്തിലെ വിവിധ തിയേറ്ററുകളില്‍ സുരേശനും സുമലതയ്ക്കും ഒപ്പം സെല്‍ഫിയെടുക്കാന്‍ ഒരു സെല്‍ഫി ബൂത്ത് സെറ്റ് ചെയ്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മെയ് 16നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സിനിമയുടെ വരവറിയിച്ച് എത്തിയിരിക്കുന്ന സെല്‍ഫി ബൂത്തിലെത്തി സെല്‍ഫിയെടുക്കാന്‍ നിരവധി സിനിമാപ്രേമികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇമ്മാനുവല്‍ ജോസഫും അജിത് തലപ്പള്ളിയുമാണ് സിനിമയുടെ പ്രചാരണാര്‍ത്ഥം സെല്‍ഫി ബൂത്ത് എന്ന ഈ ആശയവുമായി മുന്നോട്ടുവന്നത്. മികച്ച പ്രതികരണമാണ് ഇപ്പോള്‍ സെല്‍ഫി ബൂത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പ്രഖ്യാപന സമയം മുതല്‍ ഏവരും കൗതുകപൂര്‍വ്വം കാത്തിരിക്കുന്ന സിനിമയാണ് 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'. അടുത്തിടെ സിനിമയുടെ വേറിട്ട രീതിയിലുള്ള ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു. 1960, 1990, 2023 ഇങ്ങനെ മൂന്ന് കാലഘട്ടങ്ങളിലുള്ള സുരേശന്റെയും സുമലതയുടെയും പ്രണയ നിമിഷങ്ങളാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റിലും ഓറഞ്ച് നിറത്തിലും നീലയിലും ഇറക്കിയിരിക്കുന്ന പോസ്റ്ററിലുണ്ടായിരുന്നത്. ചിത്രത്തിലേതായി ഇറങ്ങിയ 'ചങ്കുരിച്ചാല്‍...' എന്ന ഗാനവും അതിന് പിന്നാലെ ഇറങ്ങിയ 'നാടാകെ നാടകം കൂടാനായി ഒരുക്കം...' എന്ന് തുടങ്ങുന്ന ഗാനവും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു.

ആദ്യ കാഴ്ചയില്‍ തന്നെ പ്രേക്ഷകരിലേവരിലും കൗതുകം ജനിപ്പിക്കുന്നതായിരുന്നു ഈ ഗാനങ്ങള്‍. ഒട്ടേറെ സിനിമകളിലൂടെ ശ്രദ്ധേയരായ രാജേഷ് മാധവനും ചിത്ര നായരുമാണ് സുമലത ടീച്ചര്‍, സുരേശന്‍ കാവുങ്കല്‍ എന്നീ കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഒരു സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ പ്രേക്ഷകരേവരും ഏറ്റെടുത്ത ഈ പ്രണയ ജോഡി ഈ സിനിമയില്‍ അതേ പേരില്‍ വീണ്ടുമെത്തുന്നു എന്നതൊരു പ്രത്യേകതയാണ്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സില്‍വര്‍ ബെ സ്റ്റുഡിയോസ്, സില്‍വര്‍ ബ്രൊമൈഡ് പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ ഒന്നിച്ചാണ് ചിത്രമൊരുക്കുന്നത്. ഇമ്മാനുവന്‍ ജോസഫ്, അജിത് തലപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍, ജെയ് കെ, വിവേക് ഹര്‍ഷന്‍ തുടങ്ങിയവര്‍ സഹ നിര്‍മ്മാതാക്കളാണ്.

ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സബിന്‍ ഉരാളുകണ്ടിയാണ്. വൈശാഖ് സുഗുണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഡോണ്‍ വിന്‍സന്റ് ആണ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്‌സ്: മനു ടോമി, രാഹുല്‍ നായര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: കെ.കെ മുരളീധരന്‍, എഡിറ്റര്‍: ആകാശ് തോമസ്, ക്രിയേറ്റീവ് ഡയറക്ടര്‍: സുരേഷ് ഗോപിനാഥ്, ആര്‍ട് ഡയറക്ഷന്‍: ജിത്തു സെബാസ്റ്റ്യന്‍, മിഥുന്‍ ചാലിശ്ശേരി, കോസ്റ്റ്യൂം ഡിസൈനര്‍: സുജിത്ത് സുധാകരന്‍, മേക്കപ്പ്: ലിബിന്‍ മോഹനന്‍, വിതരണം: ഗോകുലം മൂവീസ്, ഡ്രീം ബിഗ് ഫിലിംസ്.

Similar Posts