നാലുവർഷത്തിന് ശേഷം ഷാരൂഖിന്റെ തിരിച്ചുവരവ്; റിലീസിന് മുൻപേ കോടികൾ നേടി 'ജവാൻ'
|സാറ്റലൈറ്റ്, ഒടിടി അവകാശങ്ങള്‍ ചേര്‍ത്താല്‍ 250 കോടിയുടെ ബിസിനസ് ആണ് ചിത്രം ഇതിനകം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ
നാലുവർഷത്തിന് ശേഷം ബോളിവുഡിന്റെ 'കിംഗ് ഖാൻ' തിരിച്ചുവരുന്നതിനാൽ ആറ്റ്‌ലി ചിത്രം ജവാന് പ്രതീക്ഷകൾ ഏറെയാണ്. പ്രഖ്യാപന സമയം മുതൽ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
റിലീസിന് മുൻപേ ചിത്രം കോടികൾ നേടിയിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്‌ഫ്ലിക്സിനാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ സാറ്റലൈറ്റ് അവകാശം വില്‍പ്പനയായതായുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് വാങ്ങിയത് 120 കോടി രൂപക്കാണ്. ഓള്‍ ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്സ് സീ ടിവിക്കാണെന്നാണ് വിവരം. അങ്ങനെയെങ്കിൽ സാറ്റലൈറ്റ്, ഒടിടി അവകാശങ്ങള്‍ ചേര്‍ത്താല്‍ 250 കോടിയുടെ ബിസിനസ് ആണ് ചിത്രം ഇതിനകം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഷാരൂഖ് ഖാന്‍റേതായി 2018ൽ പുറത്തിറങ്ങിയ സീറോ പ്രതീക്ഷിച്ച വിജയം നേടിയില്ല. നായകനായെത്തിയ ചിത്രങ്ങൾ തുടരെ പരാജയപ്പെട്ടതോടെ ഷാരൂഖ് ഒരു ഇടവേളയെടുക്കാൻ തീരുമാനിക്കുകയായിരുന്നു. 2023 ജൂണ്‍ 2ന് ജവാൻ റിലീസാകും. നയൻതാരയാണ് ചിത്രത്തിലെ നായിക. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ചിത്രം എത്തുന്നത്.
ആക്ഷൻ എന്റർടൈനർ ആയ ചിത്രത്തിൽ ഷാരൂഖ് ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നാണ് വിവരം. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് നിർമാണം. വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്നാണ് വിവരം.