2500 കോടി; ഒരു വർഷം ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ഇന്ത്യയിലെ ആദ്യ താരമായി ഷാരൂഖ്
|1,050 കോടിയാണ് പാഠൻ ആഗോള തലത്തിൽ കളക്ട് ചെയ്തത്. ഈ റെക്കോർഡ് തകർക്കുന്നത് ഷാരൂഖിന്റെ തന്നെ ജവാനാണ്
വലിയ പരാജയമായ സീറോയ്ക്ക് ശേഷം നാല് വർഷം ഷാരൂഖ് നായകനായി ഒരു ചിത്രം തിയറ്ററിലെത്തിയില്ല. ഇതിനിടയിൽ മകൻ ആര്യൻ ഖാന്റെ ലഹരിക്കേസടക്കം വ്യക്തി ജീവിതത്തിലും പ്രതിസന്ധികളുടെ കാലം. എന്നാൽ നാല് വർഷത്തെ ഇടവേളക്ക് ശേഷം അയാളൊരു വമ്പൻ തിരിച്ചുവരവ് നടത്തി. ഷാരൂഖ് ഖാനെ സംബന്ധിച്ച് ഒരു ബ്ലോക്ക് ബസ്റ്റർ വർഷമായിരുന്നു 2023. 1000 കോടി എന്ന് രണ്ട് സൗഭാഗ്യങ്ങൾ ഷാരൂഖിനെ എത്തിച്ചത് ഇന്ത്യൻ സിനിമ ചരിത്രത്തിന്റെ നെറുകയിലാണ്. പഠാനും, ജവാനും ശേഷം ഡങ്കിയും വിജയകരമായി തുടരുകയാണ്.
ഇന്ത്യൻ സിനിമ വ്യവസായത്തിൽ ഒരു വർഷം കൊണ്ട് 2500 കോടി വരുമാനം ലഭിക്കുന്ന ആദ്യത്തെ നടനായിരിക്കുകയാണ് ഷാരൂഖ് ഖാൻ. ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് അദ്ദേഹത്തിന്റെ ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. പഠാനും ജവാനും ഡങ്കിയും നൽകിയ വിജയമാണ് താരത്തിന് ഈ ചരിത്ര നേട്ടമുണ്ടാകാൻ കാരണമായത്.
ബോക്‌സ്ഓഫീസ് രാജാവ്
2022 ഡിസംബർ 12നാണ് പഠാനിലെ ആദ്യഗാനം റിലീസ് ചെയ്യുന്നത്. ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിലെ ഗാനം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. എന്നാൽ മറുഭാഗത്ത് പഠാനെ കാത്തിരുന്നതാകട്ടെ വിവാദങ്ങളുടെ വേലിയേറ്റവും. പഠാനിലൂടെ ബോളിവുഡ് സിനിമാ വ്യവസായം പ്രതിസന്ധികൾ മറികടന്ന് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഏവരും. എന്നാൽ ഗാനരംഗത്ത് ദീപിക ധരിച്ച കാവി ബിക്കിനി ഒരുവിഭാഗത്തെ ചൊടിപ്പിച്ചു. ബോളിവുഡിനെ നിരാശയിലാഴ്ത്തി. വിവാദങ്ങളും ബഹിഷ്‌കരണ ആഹ്വാനങ്ങളും പൊട്ടിപ്പുറപ്പെട്ടു.ഷാരൂഖിനെ നേരിൽ കണ്ടാൽ കൊല്ലുമെന്ന് ഭീഷണികൾ ഉയർന്നു. ശേഷക്രിയകൾ വരെ നടത്തി. എന്നാൽ ഇത്തരം കോലാഹലങ്ങളെ സൈഡാക്കി അഡ്വാൻസ് ബുക്കിംഗ് മുതൽ പഠാൻ കുതിച്ചു.
ജനുവരി 25ന് നൂറിലധികം രാജ്യങ്ങളിൽ 8000ലധികം സ്‌ക്രീനുകളിൽ ഷാരൂഖ് ചിത്രം പ്രദർശനത്തിന് എത്തി. വർഷങ്ങൾക്ക് ശേഷമെത്തിയ കിഗ് ഖാൻ ചിത്രം കാണാൻ ജനപ്രവാഹവും തിയറ്ററുകളിലേക്ക് ഒഴുകി. പ്രവർത്തി ദിനത്തിലാണ് റിലീസ് ചെയ്തതെങ്കിലും ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമായി പഠാൻ മാറി. 55 കോടിയായിരുന്നു ആദ്യദിന നെറ്റ് കളക്ഷൻ. 53 കോടിയിലേറെ നേടിയ കെജിഎഫ് 2വിന്റെ ഹിന്ദി റെക്കോർഡ് ആണ് എസ്ആർകെ തകർത്തത്.
1,050.30 കോടിയാണ് ചിത്രം ആഗോള തലത്തിൽ കളക്ട് ചെയ്തത്. അങ്ങനെ, 2023 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി പാഠൻ. ഈ റെക്കോർഡ് തകർക്കുന്നത് ഷാരൂഖിന്റെ തന്നെ ജവാനാണ്. ലോകമെമ്പാടു നിന്നും 1,140 കോടിയാണ് ചിത്രം നേടിയത്. ഇപ്പോൾ 'ഡങ്കി'യാണ് താരം. ചിത്രം മികച്ച പ്രതികരണം നേടി തിയറ്ററുകളിൽ തുടരുന്നുണ്ട്.