'എന്റെ ആത്മീയ പരിവർത്തനം നടന്നത് കേരളത്തിൽ, 'പത്ത് തലൈ' എല്ലാവർക്കും ഇഷ്ടപ്പെടും'- മലയാളികളോട് ചിമ്പു
|തനിക്ക് കേരളത്തിൽ വന്ന് എല്ലാവരെയും കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ അതിന് സാധിച്ചില്ലെന്നും താരം വീഡിയോയിൽ പറയുന്നു
ചിമ്പു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്ത് തലൈ. ഒബെലി കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 31 നാണ് കേരളമടക്കം ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് മുൻപ് മലയാളി ആരാധകർക്കായി ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ചിമ്പു. തനിക്ക് കേരളത്തിൽ വന്ന് എല്ലാവരെയും കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ അതിന് സാധിച്ചില്ലെന്നും താരം വീഡിയോയിൽ പറയുന്നു.
''എല്ലാ മലയാളികൾക്കും നമസ്‌കാരം. എന്റെ സിനിമ പത്ത് തലൈ മാർച്ച് 30ന് കേരളത്തിൽ നൂറിന് മുകളിൽ തിയേറ്ററുകളിലായി റിലീസ് ചെയ്യുകയാണ്. ക്രൗൺസ് ഫിലിംസാണ് സിനിമ തിയേറ്ററുകളിലെത്തിക്കുന്നത്. എന്റെ ഏറ്റവും വലിയ റിലീസുകളിലൊന്നാണ് ഇതെന്നാണ് ഞാൻ കരുതുന്നത്. ശരിക്കും എല്ലാ മലയാളികളെയും നേരിൽ വന്ന് കാണണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ ചില സാഹചര്യങ്ങൾ കാരണം എനിക്ക് നേരിട്ട് വരാൻ സാധിച്ചിരുന്നില്ല. ഉറപ്പായും ഉടനെ ഞാൻ നിങ്ങളെയെല്ലാം നേരിൽ വന്ന് കാണും. എന്നെ സംബന്ധിച്ച് വളരെ പ്രിയപ്പെട്ട ഒരു നാടാണ് കേരളം. വിണൈതാണ്ടി വരുവായ സിനിമ ഷൂട്ട് ചെയ്തത് അവിടെയായിരുന്നു. അത് മാത്രമല്ല എന്റെ ആത്മീയമായ പരിവർത്തനങ്ങൾ നടക്കുന്നത് കേരളത്തിൽ വെച്ച് തന്നെയായിരുന്നു. മാനാട് പോലെയുള്ള സിനിമകൾക്ക് നിങ്ങൾ നൽകിയ സ്വീകരണത്തിന് ആദ്യം തന്നെ നന്ദിയറിയിക്കുന്നു''- ചിമ്പു പറഞ്ഞു.
ഒബെലി എൻ. കൃഷ്ണ സംവിധാനം ചെയ്‌ത ചിത്രം ആക്ഷൻ ത്രില്ലർ ജോണറാണ്. ചിമ്പുവിനൊപ്പം ഗൗതം കാർത്തിക്, ഗൗതം വാസുദേവ് മേനോൻ, പ്രിയ ഭവാനി ശങ്കർ, അനു സിത്താര, ടീജയ് അരുണാസലം, കലൈയരശൻ, റെഡിൻ കിംഗ്‌സ്‌ലി എന്നിവരും പ്രധാന കഥാപത്രങ്ങളായി എത്തുന്നു. എ. ആർ റഹ്മാനാണ് സംഗീതം.