സൗബിൻ ദേഷ്യത്തോടെ നോക്കി, കൃഷ്ണപ്രഭയുടെ കഥാപാത്രത്തെ പിന്നീട് സിനിമയിൽ കണ്ടതേയില്ല; ഇലവീഴാപൂഞ്ചിറയിലെ സസ്‌പെൻസ്
|ഇലവീഴാപൂഞ്ചിറയിൽ ഒളിച്ചിരിക്കുന്ന അപകടങ്ങളെയും വെല്ലുവിളികളെയും തുടക്കം മുതൽ തന്നെ സംവിധായകൻ എടുത്തു കാണിക്കുന്നുണ്ട്
സൗബിൻ സാഹിർ, സുധി കോപ്പ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാഹി കബീർ സംവിധാനം ചെയ്ത് ഏറ്റവും പുതിയ ചിത്രമാണ് 'ഇലവീഴാപൂഞ്ചിറ'. പൊലീസ് ഉദ്യോഗസ്ഥരായ മധുവിനെയും സുധിയെയുമാണ് സൗബിനും സുധി കോപ്പയും അവതരിപ്പിക്കുന്നത്. ചിത്രം അടുത്തിടെയാണ് ഒ.ടി.ടിയിലെത്തിയത്. 3500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇലവീഴാപൂഞ്ചിറയിലെ വയർലെസ് പൊലീസ് സ്റ്റേഷനെ ചുറ്റിപറ്റിയാണ് സിനിമ പുരോഗമിക്കുന്നത്.
ഇലവീഴാപൂഞ്ചിറയിൽ ഒളിച്ചിരിക്കുന്ന അപകടങ്ങളെയും വെല്ലുവിളികളെയും തുടക്കം മുതൽ തന്നെ സംവിധായകൻ എടുത്തു കാണിക്കുന്നുണ്ട്. ഇലവീഴാപൂഞ്ചിറ സ്ഥിതിചെയ്യുന്ന കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ഒരു പെൺകുട്ടിയുടെ ശരീര ഭാഗങ്ങൾ കിട്ടുന്നതോടെയാണ് സിനിമക്ക് ത്രില്ലർ സ്വഭാവം കൈവരുന്നത്. എന്നാൽ സിനിമയിലെ ഒരു രംഗം ചൂണ്ടിക്കാട്ടി ആരാധകർ ഉന്നയിച്ച സംശയമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയുടെ തുടക്കത്തിൽ കൃഷ്ണപ്രഭ അവതരിപ്പിച്ച ഗർഭിണിയായ കഥാപാത്ത്രതെ കാണുമ്പോൾ സൗബിന്റെ കഥാപാത്രം അസ്വസ്ഥത പ്രകടിപ്പിക്കുകയും പിന്നിലെ സീറ്റിലേക്ക് മാറി ഇരിക്കുന്നുമുണ്ട്. പിന്നീട് കൃഷ്ണപ്രഭയുടെ കഥാപാത്രം ബസ്സിൽ നിന്നിറങ്ങുന്നതിന് തൊട്ട് മുമ്പ് അവൾ സൗബിന്റെ കഥാപാത്രത്തെ ശ്രദ്ധിക്കുന്നതും കാണാം. എന്നാൽ പിന്നീട് സിനിമയിൽ എവിടെയും കൃഷ്ണപ്രഭയുടെ കഥാപാത്രത്തെ കാണുന്നുമില്ല. ഈ രംഗം എന്തിനാണ് സിനിമയിൽ ഉൾപ്പെടുത്തിയെന്ന് ചോദിക്കുകയാണ് സിനിമാ ആസ്വാദകർ.
ആത്മഹത്യ ചെയ്ത ഗർഭിണിയായ ഭാര്യയെ വെട്ടിനുറുക്കി അവരുടെ മാംസം അൽപ്പം കവറിലാക്കിയാണ് സൗബിന്റെ കഥാപാത്രം ഇലവീഴാപൂഞ്ചിറയിലേക്ക് ബസ് കയറുന്നത്. തന്റെ ഭാര്യ ഗർഭിണിയാണെന്ന് ആത്മഹത്യാ കുറിപ്പിലൂടെ സൗബിന്റെ കഥാപാത്രത്തെ അറിയിക്കുന്നുമുണ്ട്. ഒരുപക്ഷെ, ഗർഭിണിയായ സ്ത്രീയെ തൊട്ടടുത്ത് കാണുമ്പോളുണ്ടാകുന്ന പരിഭ്രമം കൊണ്ടായിരിക്കാം സൗബിന്റെ കഥാപാത്രം സീറ്റ് മാറിയിരിക്കുന്നതെന്നാണ് നിരൂപകരുടെ വിലയിരുത്തൽ.