സുരേഷ് ഗോപി - ജയരാജ് ടീം വീണ്ടും ഒന്നിക്കുന്നു; 'ഹൈവേ 2'
|1995 ല്‍ പുറത്തിറങ്ങിയ ഹൈവേ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിലൂടെയാണ് ഈ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്.
സുരേഷ് ഗോപിയെ കേന്ദ്രകഥാപാത്രമാക്കി മിസ്ട്രി ആക്ഷന്‍ ത്രില്ലര്‍ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ ജയരാജ്. 1995 ല്‍ പുറത്തിറങ്ങിയ ഹൈവേ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിലൂടെയാണ് ഈ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. 'ഹൈവേ 2' എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം 'മധുരമീനാക്ഷി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ലീമാ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 254-ാം ചിത്രമാണ് ഹൈവേ 2. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
ആഗസ്റ്റ് 5 ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ ഗോവ , കർണ്ണാടക , കേരളം എന്നിവിടങ്ങളിലാണ്. ബോളിവുഡിൽ നിന്നടക്കം പ്രശസ്ത താരങ്ങളും , സാങ്കേതിക പ്രവർത്തകരും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.
1995 ല്‍ പുറത്തിറങ്ങിയ ഹൈവേ ഒന്നാം ഭാഗം കേരളത്തില്‍ 100 ദിവസത്തിലധികം പ്രദര്‍ശിപ്പിച്ച ചിത്രമാണ് . മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ചിത്രം വമ്പന്‍ വിജയം തേടി. കേരളത്തിന് പുറത്ത് സുരേഷ് ഗോപിയുടെ മാര്‍ക്കറ്റ് ഉയരാന്‍ ഹൈവേ കാരണമായി. ശ്രീധര്‍ പ്രസാദ് എന്ന റോ ഏജന്‍റിന്‍റെ വേഷമാണ് സിനിമയില്‍ സുരേഷ് ഗോപി അവതരിപ്പിച്ചത്. ഭാനുപ്രിയയാണ് നായികയായെത്തിയത്.
ജയരാജിന്‍റെ കഥയ്ക്ക് സാബ് ജോണ്‍ തിരക്കഥയൊരുക്കിയാണ് ഹൈവേ പുറത്തെത്തുന്നത്. ഹേയ്ഡേ ഫിലിംസിന്‍റെ ബാനറില്‍ പ്രേം പ്രകാശ് ആയിരുന്നു നിര്‍മ്മാണം. ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, ബിജു മേനോന്‍, ജോസ് പ്രകാശ്, അഗസ്റ്റിന്‍, കുഞ്ചന്‍, സുകുമാരി, സ്ഫടികം ജോര്‍ജ്, വിനീത് തുടങ്ങിയവര്‍ കഥാപാത്രങ്ങളായ ചിത്രത്തില്‍ സില്‍ക്ക് സ്മിത ഒരു ഗാനരംഗത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു.
സുരേഷ് ഗോപിയുമൊത്ത് നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ജയരാജ്. ജയരാജിന്റെ ചിത്രമായ കളിയാട്ടത്തിലൂടെയാണ് സുരേഷ് ഗോപി ദേശീയ അവാർഡ് നേടുന്നത്.