നിവിൻ പോളി-ആസിഫ് അലി ചിത്രം മഹാവീര്യരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
|1983, ആക്ഷൻ ഹീറോ ബിജു എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രമാണ് മഹാവീര്യർ
സാഹിത്യകാരൻ എം. മുകുന്ദന്റെ കഥക്ക് ചലച്ചിത്രരൂപം നൽകി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന മഹാവീര്യരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പോളി ജൂനിയർ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്‌സിന്റെ ബാനറിൽ പി.എസ് ഷംനാസ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നിവിൻ പോളിയും ആസിഫ് അലിയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന മഹാവീര്യർ, ഫാന്റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളും പ്രമേയമാക്കുന്നതാണ്. വലിയ ക്യാൻവാസിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചലച്ചിത്രം പുതിയ കാഴ്ചകൾ സമ്മാനിക്കുന്ന കാമ്പുള്ള ഒന്നായിരിക്കുമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. വർഷങ്ങൾക്ക് ശേഷമാണ് നിവിൻ പോളിയും ആസിഫ് അലിയും ഒരു സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നത്.
maha
കൊച്ചിയിൽ നടന്ന ചടങ്ങിൽ എം. മുകുന്ദനാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കിയത്. തിരക്കഥാകൃത്തും സംവിധായകനുമായ എബ്രിഡ് ഷൈൻ, നടൻ ആസിഫ് അലി, ചിത്രത്തിലെ നായികയും ദക്ഷിണേന്ത്യൻ സിനിമകളിലൂടെ പ്രശസ്തയുമായ ഷാൻവി ശ്രീവാസ്തവ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 1983, ആക്ഷൻ ഹീറോ ബിജു എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മൂന്നാം തവണ നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രമാണ് മഹാവീര്യർ. രാജസ്ഥാനിലും കേരളത്തിലുമായി ചിത്രീകരണം പൂർത്തിയാക്കിയ മഹാവീര്യരുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എബ്രിഡ് ഷൈൻ തന്നെയാണ്.
ശക്തവും വലിയ പ്രാധാന്യം ഉള്ള കഥാപാത്രങ്ങളുമായി ലാൽ, ലാലു അലക്സ്, സിദ്ധിഖ്, വിജയ് മേനോൻ, മേജർ രവി തുടങ്ങിയവരും മല്ലിക സുകുമാരൻ കൃഷ്ണ പ്രസാദ്, , സൂരജ് എസ് കുറുപ്പ്, സുധീർ കരമന, മല്ലികാ സുകുമാരൻ, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു, പ്രജോദ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചന്ദ്രു സെൽവരാജാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഇഷാൻ ചാബ്രയുടേതാണ് സംഗീതം. എഡിറ്റർ-മനോജ്, സൗണ്ട് ഡിസൈൻ, ഫൈനൽ മിക്സിംഗ്-വിഷ്ണു ശങ്കർ. ആർട്ട് ഡയറക്ടർ അനീഷ് നാടോടി, മേക്കപ്പ്: ലിബിൻ, കോസ്റ്റ്യൂം: ചന്ദ്രകാന്ത് സോനാവെൻ, മെൽവി. ജെ. പ്രൊഡക്ഷൻ കണ്ട്രോളർ: ശ്യാം ലാൽ. വലിയ ബഡ്ജറ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്.