ഒരു ഒടിടി പ്ലാറ്റ്‌ഫോമിനും 'കേരള സ്‌റ്റോറി' വേണ്ട; ഗൂഢാലോചനയാണെന്ന് സംവിധായകൻ
|ഞങ്ങള്‍ക്കെതിരെ സിനിമ ഇന്‍ഡസ്ട്രി ഒരുമിച്ചോ എന്ന് സംശയമുണ്ടെന്നും സുദീപ്‌തോ സെൻ പറഞ്ഞു
സുദീപ്‌തോ സെന്നിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കേരള സ്റ്റോറി വാങ്ങാൻ ഇതുവരെ ഒരു ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമും തയ്യാറായില്ലെന്ന് റിപ്പോർട്ട്. ചിത്രത്തിന് ഒരു ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നിന്നും നല്ല ഓഫറുകൾ ലഭിക്കുന്നില്ല എന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സുദീപ്‌തോ പറയുന്നു. നേരത്തെ സീ5 ചിത്രം വാങ്ങി എന്ന വാർത്തകൾ പുറത്തുവന്നിരുന്നു.
കേരള സ്റ്റോറി റിലീസിന് മുൻപേ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച സിനിമയായിരുന്നു. കേരളത്തിൽ നിന്നും 32,000 മുസ്ലിം യുവതികളെ മതം മാറ്റി സിറിയിലെയും അഫ്ഗാനിലെയും ഐസിസ് കേന്ദ്രത്തിൽ എത്തിച്ചതുമായി ബന്ധപ്പെട്ടുള്ള വസ്തുതകളാണ് താൻ സിനിമയാക്കിയതെന്ന സംവിധായകന്റെ വെളിപ്പെടുത്തലായിരുന്നു ചിത്രം ചർച്ചയാവാൻ കാരണം. കേരളത്തിലെ തിയറ്ററുകളിലും ചിത്രത്തിന് അണിയറപ്രവർത്തകർ വിചാരിച്ച നേട്ടം ലഭിച്ചില്ല. ആളില്ലാത്തതിനാൽ പല തിയറ്ററുകളിൽ നിന്നും ചിത്രം വേഗത്തിൽ മാറ്റിയിരുന്നു.
വാർത്താ വെബ്സൈറ്റായ റെഡിഫുമായുള്ള ആശയവിനിമയത്തിലാണ് കേരള സ്‌റ്റോറിയുടെ ഒടിടി സ്ട്രീമിങ് സംബന്ധിച്ച് സുദീപ്‌തോ മനസ്സ് തുറന്നത്. ഏതെങ്കിലും പ്രധാന ഒടിടി പ്ലാറ്റ്ഫോമുകളിൽ മികച്ചൊരു ഡീലിനായി ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ്. എന്നാൽ ഇതുവരെ, മികച്ച ഒരു ഓഫറും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. ഞങ്ങള്‍ക്കെതിരെ ഇന്‍ഡസ്ട്രി ഒരുമിച്ചോ എന്നും സംശയമുണ്ട്' -സുദീപ്‌തോ സെൻ പറഞ്ഞു.
'ഞങ്ങളുടെ ചിത്രത്തിൻറെ ബോക്‌സ് ഓഫീസ് വിജയം സിനിമ രംഗത്തെ പല വിഭാഗങ്ങളെയും അലോസരപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാണ്. ഇതുകൊണ്ടായിരിക്കും ഞങ്ങള്‍ക്കെതിരെ തിരിഞ്ഞത്'. വലിയൊരു ഒടിടി പ്ലാറ്റ്‌ഫോമിനെ സമീപിച്ച് എന്തുകൊണ്ടാണ് ഈ ചിത്രം ഒടിടി റിലീസിന് എടുക്കാത്തത് എന്ന് ചോദിച്ചു. രാഷ്ട്രീയമായി ഒരു വിവാദത്തിന് താൽപ്പര്യമില്ലെന്നാണ് അവർ പറഞ്ഞതായും സുദീപ്‌തോ സെൻ കൂട്ടിച്ചേർത്തു