'ക്രീയേറ്റീവ് പ്രശ്‌നങ്ങൾ'; 'ബ്രൂസ്‌ലി' ഉപേക്ഷിച്ചതായി ഉണ്ണി മുകുന്ദൻ
|പുലിമുരുകൻ, മധുരരാജ എന്നീ സിനിമകൾക്ക് ശേഷം ഉദയകൃഷ്ണ രചനയും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കാനിരുന്ന ചിത്രം കൂടിയയിരുന്നു ബ്രൂസ് ലീ
ഉണ്ണിമുകുന്ദനെ നായകനാക്കി വൈശാഖിന്റെ സംവിധാനത്തിൽ ബ്രൂസ്‌ലി എന്ന ചിത്രം ഒരുങ്ങുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ ഫാൻമേഡ് പോസ്റ്ററുകൾക്കും സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. പിന്നീട് ചിത്രത്തിന്റെ അപ്‌ഡേറ്റുകളൊന്നും വന്നതുമില്ല. ഇപ്പോഴിതാ ചിത്രം ഡ്രോപ് ചെയ്‌തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉണ്ണിമുകുന്ദൻ. ക്രീയറ്റീവായ പ്രശ്‌നങ്ങൾ കാരണമാണ് ചിത്രം ഉപേക്ഷിച്ചതെന്ന് താരം പറയുന്നു. ഒരു ആരാധകന്റെ ചോദ്യത്തിനാണ് ഉണ്ണി മുകുന്ദൻ മറുപടി നൽകുന്നത്.
''ദൗർഭാഗ്യമെന്നു പറയട്ടെ, ചില ക്രിയേറ്റീവ് തടസ്സങ്ങൾ കാരണം ബ്രൂസ് ലീ എന്ന ചിത്രം തൽക്കാലത്തേക്ക് മാറ്റി വച്ചിരിക്കുകയാണ്. പക്ഷേ ടീം മറ്റൊരു പ്രോജക്ടനിന് വേണ്ടിയുള്ള പണിപ്പുരയിലാണ്, ഇന്നത്തെക്കാലത്ത് ആവശ്യപ്പെടുന്ന ആക്ഷന് പ്രധാന്യം നൽകുന്ന ചിത്രമായിരിക്കും അത്.'' ഉണ്ണി പറയുന്നു.
ഉണ്ണി മുകുന്ദൻ ഫിലിംസ് ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയായിരുന്നു ചിത്രം നിർമിക്കാൻ ഉദ്ദേശിച്ചിരുന്നതും. പുലിമുരുകൻ, മധുരരാജ എന്നീ സിനിമകൾക്ക് ശേഷം ഉദയകൃഷ്ണ രചനയും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കാനിരുന്ന ചിത്രം കൂടിയയിരുന്നു ബ്രൂസ് ലീ. വൈശാഖിന്റെ മല്ലുസിങ് എന്ന ചിത്രത്തിലും ഉണ്ണിമുകുന്ദനുണ്ടായിരുന്നു. മാളിക്കപ്പുറം ആണ് ഉണ്ണി മുകുന്ദൻ നായനായി പുറത്തിറങ്ങിയ അവസാനത്തെ ചിത്രം.