ഒരു താരത്തിന്റെയും സാമ്രാജ്യമല്ല സിനിമ, താരങ്ങൾ ഉളളതുകൊണ്ട് സിനിമ നല്ലതാകണമെന്നില്ല: ഉർവശി
|'പടങ്ങളൊക്കെ ഓടുന്നത് കണ്ട് താൻ വലിയ താരമായി എന്ന് ചില നടിനടന്മാർക്ക് തോന്നിയെങ്കിൽ അപ്പോഴേക്കും കാര്യങ്ങൾ ഏകദേശം തീരുമാനമായി എന്ന് പറയാം'
ഒരു താരത്തിന്റെയും സാമ്രാജ്യമല്ല സിനിമയെന്നും താരങ്ങൾ ഉളളതുകൊണ്ട് സിനിമ നല്ലതാകണമെന്നില്ലെന്നും നടി ഉർവശി. സിനിമകളിൽ തമാശകൾക്ക് മാറ്റം വന്നിട്ടുണ്ട്, തമാശയ്ക്കായി പുരുഷ കഥാപാത്രം പറയുന്ന ഭാഷ പോലും സ്ത്രീകൾക്ക് സിനിമയിൽ ഇപ്പോൾ ഉപയോഗിക്കാനാവില്ലെന്നും ഊർവശി പറഞ്ഞു. ചാൾസ് എന്റർപ്രൈസസ് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മീഡിയവണിനോട് സംസാരിക്കുകയായിരുന്നു ഉർവശി.
''മുൻപ് അയൽവക്കത്തെ കുശുമ്പ് പറയുന്നതിൽ മാത്രമായിരുന്നു സ്ത്രീ കഥാപാത്രങ്ങളുടെ കോമഡി. ഇന്നത് പുരുഷ പ്രേക്ഷകർക്ക് ദഹിക്കണമെന്നേയില്ല. ഉപയോഗിക്കുന്ന ഭാഷയിലും നൽകുന്ന സംഭാഷണത്തിലും വരെ സ്ത്രീകൾക്ക് നിയന്ത്രണമുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോമഡി സിനിമ ഇപ്പോഴും പഞ്ചവടിപ്പാലമാണ്. ഇപ്പോൾ ഹാസ്യത്തിന് മാത്രമായി താരങ്ങളില്ല എല്ലാവരും ഹാസ്യം ഗംഭീരമായി കൈകാര്യം ചെയ്യുന്നവരാണ്.'' - ഉർവശി പറഞ്ഞു.
ചിലസമയത്ത് പടങ്ങളൊക്കെ ഓടുന്നത് കണ്ട് താൻ വലിയ താരമായി എന്ന് ചില നടിനടന്മാർക്ക് തോന്നിയെങ്കിൽ അപ്പോഴേക്കും കാര്യങ്ങൾ ഏകദേശം തീരുമാനമായി എന്ന് പറയാം. സിനിമ ഒരിക്കലും ഒരു ഏക വ്യക്തിയുടെയോ, താരത്തിന്റെയോ സാമ്രാജ്യമല്ല'. ഉർവശി പറയുന്നു. അഭിമുഖം കാണാം.
നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യനാണ് സംവിധാനം ചെയ്യുന്ന ചാൾസ് എന്റർപ്രൈസസ് മെയ്‍ 19ന് തിയറ്ററിലെത്തും. സംവിധായകന്റേത് തന്നെയാണ് തിരക്കഥയും. പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എന്ന ഒരു പ്രത്യേകതയും 'ചിത്രത്തിനുണ്ട്.
ഉര്‍വശിക്കും കലൈയരസനും പുറമേ ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്നു. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ജോയ് മൂവി പ്രൊഡക്ഷൻസ് ആണ് പ്രദര്‍ശനത്തിന് എത്തിക്കുന്നത്.