തിയറ്ററുകൾ ഭരിക്കാൻ അവനെത്തുന്നു; 'വാരിസ്' കേരളത്തിലെത്തിക്കുന്നത് കോൺഫിഡന്റ് ഗ്രൂപ്പ്
|ജനുവരി 12 നാണ് വേൾഡ് വൈഡായി ചിത്രം റിലീസിനെത്തുന്നത്
വിജയ് ചിത്രങ്ങൾക്ക് തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും വലിയ സ്വീകരണമാണ് ലഭിക്കാറ്. ഓരോ വിജയ് ചിത്രത്തെയും ആഘോഷപൂർവം വരവേൽക്കുന്നതും കാണാം. ആദ്യ ദിന കളക്ഷൻ വാരിക്കൂട്ടാനും ഇത് സഹായിക്കാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വാരിസ് ജനുവരി 12 നാണ് വേൾഡ് വൈഡായി റിലീസിനെത്തുന്നത്. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ആരെന്ന ആശയക്കുഴപ്പത്തിന് വിരാമമായിരിക്കുന്നു. കോൺഫിഡന്റ് ഗ്രൂപ്പായിരിക്കും വാരിസിനെ കേരളത്തിലെ തിയറ്ററുകൾക്ക് നൽകുക എന്നതാണ് പുതിയ വാർത്ത. കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
വിജയ്യുടെ 66 -ാം ചിത്രമായ വാരിസ് വംശി പൈടിപ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. വിജയ്ക്കൊപ്പം പ്രകാശ് രാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രഭു, ജയ സുധ, സംഗീത, സംയുക്ത, ഷാം, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, യോഗി ബാബു എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
അതേസമയം, വാരിസിലെ 'സോള്‍ ഓഫ് വാരിസ്' എന്ന് പേരിട്ടിരിക്കുന്ന ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ്. നാലര മില്ല്യണിലധികം ആളുകളാണ് ഗാനം കേട്ടിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയാണ്. അമ്മയും മകനും തമ്മിലുള്ള അടുപ്പവും സ്നേഹവും പകര്‍ത്തുന്ന ഗാനം ഒരു അമ്മയുടെ കാഴ്ചയിലൂടെയാണ് ആലപിക്കുന്നത്. മകനോടുള്ള നിലക്കാത്ത സ്നേഹമാണ് വരികളില്‍ നിറഞ്ഞു നില്‍ക്കുന്നത്. എസ് തമന് ആണ് ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത്.
വിജയ് ആലപിച്ച 'രഞ്ജിതമേ..' എന്ന് തുടങ്ങുന്ന ഗാനമാണ് വാരിസിലേതായി ആദ്യം പുറത്തിറങ്ങിയത്. വന്‍ ഹിറ്റായി മാറിയ ഗാനം 101 മില്യണ്‍ ആളുകളാണ് യൂ ട്യൂബില്‍ കണ്ടത്. പിന്നീട് തമിഴ് താരം ചിമ്പു പാടിയ 'തീ ദളപതി' എന്ന് തുടങ്ങുന്ന ഗാനവും പുറത്തിറങ്ങി. ചിമ്പു അഭിനയിക്കുന്ന ഗാനരംഗം യൂ ട്യൂബില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. വിജയ്യുടെ സ്റ്റൈലിഷ് പോസുകളും ഗാനത്തിന്റെ പ്രത്യേകതയാണ്. സംഗീത സംവിധായകന് എസ്. തമനും സംവിധായകന് വംശി പെഡിപ്പള്ളിയും ഗാനരംഗങ്ങളില്‍ വരുന്നുണ്ട്. വിവേക് ആണ് ഗാനത്തിന് വരികളെഴുതിയത്.