പിറന്നാൾ സമ്മാനം; 'ദളപതി66' ന്റെ പേരും ഫസ്റ്റ്‌ലുക്കും പുറത്ത്
|ജൂൺ 22 വിജയിയുടെ ജന്മദിനമാണ്. ഇതിന്റെ ഭാഗമായാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദളപതി 66' ന് പേരായി. വംശി പൈഡപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'വാരിസ് ' എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ജൂൺ 22 വിജയിയുടെ ജന്മദിനമാണ്. ഇതിന്റെ ഭാഗമായാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. 'ബോസ് തിരിച്ചെത്തുന്നു' എന്ന ടാഗ്‌ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. വാരിസ് തമിഴിലും തെലുങ്കിലുമായാണ് ഒരുങ്ങുന്നത്. പൊങ്കൽ റിലീസായി അടുത്ത വർഷം ചിത്രം തിയറ്ററിലെത്തും
രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. എസ് തമൻ ആണ് സംഗീത സംവിധാനം. മികച്ച വിനോദ ചിത്രത്തിനുള്ള 2019ലെ ദേശീയ പുരസ്‌കാരം നേടിയ 'മഹർഷി'യുടെ സംവിധായകനാണ് വംശി പൈഡിപ്പള്ളി. 'ഊപ്പിരി', 'യെവാഡു' അടക്കം കരിയറിൽ ഇതുവരെ അഞ്ച് സിനിമകൾ ഒരുക്കിയിട്ടുണ്ട്.
വിജയ് നായകനായി അവസാനം പുറത്തെത്തിയത് നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ബീസ്റ്റായിരുന്നു. സമ്മിശ്ര പ്രതികരണം നേടിയ ചിത്രം നിർമിച്ചത് സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധിമാരനായിരുന്നു ചിത്രത്തിന്റെ നിർമാണം. അനിരുദ്ധ് ആയിരുന്നു സംഗീത സംവിധായകൻ. ചിത്രത്തിലെ ഗാനങ്ങൾക്ക് വൻ സ്വീകര്യത ലഭിച്ചിരുന്നു. നഗരത്തിലെ ഒരു ഷോപ്പിംഗ് മാൾ പിടിച്ചെടുത്ത് സന്ദർശകരെ തീവ്രവാദികൾ ബന്ദികളാക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമായിരുന്നു 'ബീസ്റ്റ്' പറഞ്ഞത്.