10 ദിവസം 300 കോടി; ബോക്‌സ് ഓഫീസ് കുലുക്കി വിക്രം
|കമൽഹാസനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിക്രം ഒരു ആക്ഷൻ ഡ്രാമയാണ്.
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽ ഹാസൻ നായകനായി എത്തിയ വിക്രം ബോക്‌സ് ഓഫീസ് കളക്ഷനിൽ റെക്കോർഡിട്ട് മുന്നേറുകയാണ്. സമീപകാല ഇന്ത്യൻ സിനിമകളിൽ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് വിക്രം. ഇപ്പോഴിതാ ആഗോള ബോക്‌സ് ഓഫീസിൽ ചിത്രം 300 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുന്നു. വെറു പത്ത് ദിനങ്ങൾ കൊണ്ടാണ് ചിത്രത്തിന്റെ ഈ നേട്ടം.
ഇന്ത്യയിൽ നിന്നു മാത്രം 210 കോടിയാണ് ചിത്രത്തിൻറെ നേട്ടം. തമിഴ്‌നാട്ടിൽ നിന്നും 127 കോടി വിക്രം ഇതിനകം നേടിയിരിക്കുന്നത്. കേരളത്തിൽ നിന്ന് 31 കോടിയാണ് ചിത്രം നേടിയത്. തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് 25 കോടിയും കർണാടകത്തിൽ നിന്ന് 18.75 കോടിയും ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്ന് 8.25 കോടി എന്നിങ്ങനെയാണ് ഇന്ത്യൻ ബോക്‌സ് ഓഫീസിലെ കണക്കുകൾ.
കമൽഹാസനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിക്രം ഒരു ആക്ഷൻ ഡ്രാമയാണ്. റോളക്സ് എന്ന വില്ലൻ കഥാപാത്രമായി സൂര്യ അതിഥി വേഷത്തിലും ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ബോക്‌സോഫീസ് വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് കമൽ സംവിധായകൻ ലോകേഷ് കനകരാജിന് പുതിയ കാർ സമ്മാനമായി നൽകിയിരുന്നു.
രാജ്കമൽ ഫിലിംസ് ഇൻറർനാഷണലിന്റെ ബാനറിൽ കമൽഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് വിക്രത്തിന്റെ നിർമ്മാണം. ലോകേഷിനൊപ്പം രത്‌നകുമാറും ചേർന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ് ഫിലോമിൻ രാജ്.