'എന്‍റെ പിഴവ് '; ഓസ്കാര്‍ വേദിയിലെ കരണത്തടിയില്‍ ക്രിസ് റോക്കിനോട് മാപ്പ് പറഞ്ഞ് വില്‍ സ്മിത്ത്
|തന്റെ പ്രവൃത്തി ഒരു കാരണവശാലും ന്യായീകരണം അർഹിക്കുന്നില്ല എന്നും ക്രിസ് റോക്കിനോടും അദ്ദേഹത്തിന്റെ അമ്മയോടും മാപ്പ് ചോദിക്കുന്നു എന്നും വില്‍ സ്മിത്ത് പറഞ്ഞു
ഓസ്‌കാർ പുരസ്‌കാര ദാന ചടങ്ങിനിടെ അവതാരകൻ ക്രിസ് റോക്കിന്‍റെ മുഖത്തടിച്ച സംഭവത്തിൽ ക്രിസ് റോക്കിനോട് മാപ്പ് പറഞ്ഞ് നടൻ വിൽ സ്മിത്ത്. തന്റെ പ്രവൃത്തി ഒരു കാരണവശാലും ന്യായീകരണം അർഹിക്കുന്നില്ല എന്നും ക്രിസ് റോക്കിനോടും അദ്ദേഹത്തിന്റെ അമ്മയോടും മാപ്പ് ചോദിക്കുന്നു എന്നും താരം പറഞ്ഞു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിലാണ് താരം ക്ഷമാപണം നടത്തുന്നത്.
'ക്രിസ് റോക്കിനെ ബന്ധപ്പെടാൻ ഞാൻ പലതവണ ശ്രമിച്ചിരുന്നു..എന്നാൽ അദ്ദേഹം എന്നോട് സംസാരിക്കാൻ ഒരുക്കമായിരുന്നില്ല. എന്നോടൊരിക്കൽ അദ്ദേഹം സംസാരിക്കാൻ തയ്യാറായാൽ ഞാൻ പറയും.. ക്രിസ് ഞാൻ നിന്നോട് ക്ഷമാപണം നടത്തുന്നു.. അന്നെന്‍റെ പെരുമാറ്റം ഒരാൾക്കും അംഗീകരിക്കാൻ കഴിയാത്തതാണ്'-വില്‍ സ്മിത്ത് പറഞ്ഞു.
ക്രിസ് റോക്കിന്‍റെ അമ്മയോടും ക്ഷമാപണം നടത്തിയ താരം അന്ന് പെരുമാറേണ്ടേയിരുന്ന ശരിയായ രീതി ഇതായിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഓസ്കറില്‍ മികച്ച ഡോക്യുമെന്‍ററിക്കുള്ള പുരസ്കാരം സമ്മാനിക്കാനിരിക്കെയാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്.വേദിയില്‍ വെച്ച് കൊമേഡിയന്‍ ക്രിസ് റോക്ക് ജാദ പിങ്കറ്റ് സ്മിത്തിന്‍റെ രൂപത്തെക്കുറിച്ച് പരാമര്‍ശം നടത്തി. അലോപേഷ്യ എന്ന രോഗം കാരണം തല മൊട്ടയടിച്ചാണ് ജാദ എത്തിയത്. അവരുടെ മൊട്ടയടിച്ച തലയെ കുറിച്ചായിരുന്നു ക്രിസ് റോക്കിന്‍റെ പരാമര്‍ശം. ജി.ഐ ജെയ്ൻ എന്ന ചിത്രത്തിലെ ഡെമി മൂറിന്‍റെ രൂപവുമായി ജാദയെ ക്രിസ് റോക്ക് താരതമ്യപ്പെടുത്തി. ഉടന്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ വില്‍ സ്മിത്ത് വേദിയിലെത്തി ക്രിസ് റോക്കിന്‍റെ മുഖത്തടിക്കുകയായിരുന്നു. 'എന്‍റെ ഭാര്യയെ കുറിച്ചു നിന്‍റെ വൃത്തികെട്ട വായ കൊണ്ടു പറയരുതെ'ന്ന് ഉറക്കെപ്പറഞ്ഞു.അടിച്ചത് കാര്യമായിട്ടാണോ തമാശയ്ക്കാണോ എന്ന സംശയത്തിലായിരുന്നു നിരവധി ആരാധകര്‍.
തൊട്ടുടനെ തന്നെ 'കിങ് റിച്ചാർഡ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കർ അതേ വേദിയില്‍ വിൽ സ്മിത്ത് ഏറ്റുവാങ്ങി. പുരസ്കാരം സ്വീകരിച്ചതിന് ശേഷം വില്‍ സ്മിത്ത് നടത്തിയ പ്രസംഗം വികാരനിര്‍ഭരമായിരുന്നു. അക്കാദമിയോടും തനിക്കൊപ്പം പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടവരോടും ക്ഷമാപണം നടത്തിയ വിൽ സ്മിത്ത് താനും റിച്ചാർഡ് വില്യംസിനെപ്പോലെ ഭ്രാന്തനായ അച്ഛനായെന്നു പ്രതികരിച്ചു. "സ്നേഹം നിങ്ങളെ ഭ്രാന്തമായ കാര്യങ്ങൾ ചെയ്യിപ്പിക്കും," നിറകണ്ണുകളോടെ വിൽ സ്മിത്ത് പറഞ്ഞു.