സാറിന്റെ സമയം കളയേണ്ട എന്ന് കരുതി പോകാനിരുന്നതാണ്, നിനക്ക് പറ്റും എന്ന് പറഞ്ഞു ജയചന്ദ്രൻ സാർ: മൃദുല വാര്യർ
|"ഒരു നാലു വരിയൊക്കെ പാടിക്കഴിഞ്ഞപ്പോഴേ പറ്റില്ല എന്ന് തോന്നിയിരുന്നു. വെറുതേ സാറിന്റെ സമയം കളയേണ്ട എന്ന് വിചാരിച്ച് തിരിച്ചു പോവാനിറങ്ങിയതാണ്. സാർ പിന്തിരിപ്പിച്ചു"
മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയതിൽ സന്തോഷം പങ്കിട്ട് മൃദുല വാര്യർ. പുരസ്‌കാരം ലഭിക്കുമെന്ന് ഒട്ടും തന്നെ പ്രതീക്ഷിച്ചതല്ലെന്നും ബുദ്ധിമുട്ടുള്ള പാട്ടായിട്ടും തന്നെ വിശ്വസിച്ച് പാട്ടേൽപ്പിച്ച ജയചന്ദ്രൻ സാറിനോടാണ് ഏറ്റവും നന്ദിയെന്നും മൃദുല പ്രതികരിച്ചു.
"തികച്ചും അപ്രതീക്ഷിതമായ പുരസ്‌കാരം. സത്യം പറഞ്ഞാൽ ഇന്നാണ് അവാർഡ് പ്രഖ്യാപിക്കുന്നത് എന്നു പോലും അറിയില്ലായിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷമാണുള്ളത്. മീഡിയ വഴിയാണ് അവാർഡിന്റെ വിവരം അറിയുന്നത്. മാതാപിതാക്കളോടും സഹോദരനോടും പാട്ടിനെ സ്‌നേഹിച്ച എല്ലാവരോടും ദൈവത്തോടും നന്ദി പറയുന്നു. ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് ജയചന്ദ്രൻ സാറിനോടാണ്. അത്രയേറെ ബുദ്ധിമുട്ടുള്ള പാട്ടായിട്ട് പോലും അദ്ദേഹം വിശ്വസിച്ചേൽപ്പിച്ചു. ഒരു നാലു വരിയൊക്കെ പാടിക്കഴിഞ്ഞപ്പോഴേ പറ്റില്ല എന്ന് തോന്നിയിരുന്നു. വെറുതേ സാറിന്റെ സമയം കളയേണ്ട എന്ന് വിചാരിച്ച് തിരിച്ചു പോവാനിറങ്ങിയതാണ്. സാർ പിന്തിരിപ്പിച്ചു. നിനക്ക് പറ്റും, നിനക്ക് വേണ്ടിയിട്ടുള്ള പാട്ടാണ് എന്നു പറഞ്ഞ് സാർ ധൈര്യം തന്നു. ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു അത്. ഈ അവാർഡ് സാറിന് സമർപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. മൃദുല പറഞ്ഞു.
പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ മയിൽപ്പീലി ഇളകുന്ന കണ്ണാ എന്ന ഗാനത്തിനാണ് മൃദുലയ്ക്ക് അവാർഡ്. എം.ജയചന്ദ്രനാണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനം.മികച്ച സംഗീത സംവിധായകനുള്ള അവാർഡും ജയചന്ദ്രൻ തന്നെയാണ് നേടിയിരിക്കുന്നത്.. ഇത് പതിനൊന്നാം തവണയാണ് സംസ്ഥാന അവാർഡ് എം.ജയചന്ദ്രനെ തേടിയെത്തുന്നത്. 9 തവണ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് അദ്ദേഹത്തെ തേടിയെത്തി. ഒരു തവണ മികച്ച പിന്നണി ഗായകനുള്ള അവാർഡും ഒരു തവണ മികച്ച പശ്ചാത്തല സംഗീത സംവിധായകനുള്ള പുരസ്‌കാരവും ജയചന്ദ്രന് ലഭിച്ചിട്ടുണ്ട്.