മലയാളത്തിൽ സിനിമ പിടിക്കാൻ ധോണി; തെന്നിന്ത്യ കീഴടക്കാനെത്തുന്നു ധോണി എന്‍റര്‍ടെയിന്‍മെന്‍റ്
|2019ലാണ് ധോണിയും ഭാര്യ സാക്ഷി സിങ്ങും ചേർന്ന് സിനിമാ നിർമാണ കമ്പനിക്ക് തുടക്കമിടുന്നത്
റാഞ്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എം.എസ് ധോണി മലയാളത്തിൽ സിനിമ നിർമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മുൻ ഇന്ത്യൻ ഇതിഹാസ നായകന്റെ നിർമാണ കമ്പനിയായ 'ധോണി എന്‍റർടെയിൻമെന്‍റ്' ആണ് ദക്ഷിണേന്ത്യയും പിടിക്കാൻ നീക്കം നടത്തുന്നത്.
മലയാളത്തിനു പുറമെ തമിഴ്, തെലുഗ് അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ സിനിമ നിർമിക്കാനാണ് പദ്ധതിയിടുന്നതെന്നാണ് പുറത്തുവരുന്ന വിവരം. പുതിയ സംവിധായകർക്ക് മികവ് തെളിയിക്കാനുള്ള അവസരമെന്ന ലക്ഷ്യത്തോടെയാണ് കമ്പനി എത്തുന്നത്. ലെറ്റസ് സിനിമ, ഫിലിം കംപാനിയൻ സൗത്തിലെ വിഡിയോ ജേണലിസ്റ്റ് കൃഷ്ണ, എ.എൻ.ഐയിലെ വിപുൽ കശ്യപ് തുടങ്ങിയവരെല്ലാം ട്വിറ്ററിൽ വാർത്ത പങ്കുവച്ചിട്ടുണ്ട്. എന്നാൽ, ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ധോണിയുടെ ഭാഗത്തുനിന്നോ ധോണി എന്‍റർടെയിൻമെന്റിൽനിന്നോ വന്നിട്ടില്ല.
2019ലാണ് ധോണിയും ഭാര്യ സാക്ഷി സിങ്ങും ചേർന്ന് സിനിമാ നിർമാണ കമ്പനിക്ക് തുടക്കമിടുന്നത്. ഐ.പി.എല്ലിൽ വിലക്കിനുശേഷമുള്ള ചെന്നൈ സൂപ്പർ കിങ്‌സിന്റെ തിരിച്ചുവരവിന്റെ കഥ പറയുന്ന 'റോർ ഓഫ് ദ ലയൺ' എന്ന ഡോക്യു സീരീസ് ആയിരുന്നു കമ്പനിയുടെ കന്നി പ്രോജക്ട്. 2011 ഏകദിന ലോകകപ്പിന്റെ പശ്ചാത്തലത്തിലുള്ള 'ബ്ലേസ് ടു ഗ്ലോറി', ആകാശ് ഗുപ്ത രചിച്ച 'ദ ഹിഡൻ ഹിന്ദു' അടിസ്ഥാനമാക്കിയുള്ള മിത്തോളജിക്കൽ ത്രില്ലർ എന്നിവയാണ് ഇതുവരെ കമ്പനിയുടെ ബാനറിലുള്ള പ്രോജക്ടുകൾ.
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് ചിത്രത്തിലൂടെ ധോണി അഭിനയരംഗത്തേക്കും പ്രവേശിക്കുന്നതായി ഈ വർഷം ആദ്യത്തിൽ റിപ്പോർട്ടുണ്ടായിരുന്നു. വിജയിയുടെ ചിത്രം ഒരുങ്ങുന്നത് ധോണി എന്റർടെയിൻമെന്റിന്റെ ബാനറിലായിരിക്കുമെന്നാണ് വിവരം. വിജയിക്കൊപ്പമുള്ള ധോണിയുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
Summary: MS Dhoni to produce films in Malayalam, Tamil and Telugu under his production company called "Dhoni Entertainment" soon