Entertainment
1000ത്തിലധികം തീയേറ്ററുകള്‍, 6 ഭാഷകള്‍; വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങി മഡ്ഡി
Entertainment

1000ത്തിലധികം തീയേറ്ററുകള്‍, 6 ഭാഷകള്‍; വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങി മഡ്ഡി

Web Desk
|
15 Oct 2021 9:02 AM GMT

ഇന്ത്യയിലെ ആദ്യ 4×4 മഡ് റേസ് ചിത്രം ഡിസംബര്‍ 10ന് തിയേറ്ററുകളില്‍

കോവിഡിന്‍റെ രണ്ടാംതരംഗത്തിന് ശേഷം തിയേറ്ററുകള്‍ക്ക് പ്രദര്‍ശനാനുമതി ലഭിച്ച സാഹചര്യത്തില്‍ സിനിമ മേഖലയ്ക്കും, സിനിമ പ്രേമികള്‍ക്കും ആവേശം നല്‍കി ഇന്ത്യയില്‍ തന്നെ ആദ്യത്തെ 4×4 മഡ്റേസ് സിനിമയായ 'മഡ്ഡി' ഈ വരുന്ന ഡിസംബര്‍ 10ന് പ്രദർശനത്തിനെത്തുന്നു. ലോകമെമ്പാടുമുള്ള ആയിരത്തിലധികം തിയേറ്റുകളിലൂടെയാണ് മഡ്‌ഡി പ്രേക്ഷകരിലേക്കെത്തുക. ലോകസിനിമകളിൽ പോലും അപൂർവമായി മാത്രം കാണപ്പെടുന്ന മഡ്ഡ് റേസിംഗ് ആസ്പദമാക്കിയുള്ള ഒരു ആക്ഷന്‍ ത്രില്ലറാണ് സിനിമ.

നവാഗതനായ ഡോ. പ്രഗഭലാണ് സിനിമയുടെ സംവിധായകന്‍. ചിത്രീകരണത്തിനുൾപ്പെടെ അഞ്ച് വർഷത്തിലധികം ചിലവിട്ടാണ് പ്രഗഭൽ മഡ്‌ഡി പൂർത്തിയാക്കിയത്. നവാഗതരായ പ്രധാന അഭിനേതാക്കളെ ഓഫ് റോഡ് മഡ് റേസിംഗില്‍ രണ്ട് വര്‍ഷത്തോളം പരിശീലിപ്പിച്ചതിന് ശേഷം ഡ്യൂപ്പുകളെ ഉപയോഗിക്കാതെയാണ് ഈ ചിത്രത്തിന്‍റെ അതിസാഹസിക രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.


കെ.ജി.എഫിലൂടെ ശ്രദ്ധേയനായ രവി ബസ്റൂര്‍ ആദ്യമായി ഒരു മലയാള ചിത്രത്തിന് സംഗീതം നല്‍കുന്നു എന്നത് ഈ ചിത്രത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. രാക്ഷസന്‍ സിനിമയിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷ് എഡിറ്റിങ്ങും, കെ.ജി.രതീഷ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.

വിജയ് സേതുപതിയും, ശ്രീ മുരളിയും അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കിയ മഡ്‌ഡിയുടെ മോഷൻ പോസ്റ്റർ കൈനീട്ടി സ്വീകരിച്ചത് മൂന്നര ദശലക്ഷത്തോളം സിനിമ പ്രേമികളാണ്.

ഈ ചിത്രത്തിന്‍റെ ടീസര്‍ ഹോളിവുഡ് നടൻ അർജുൻ കപൂർ, ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി, ആസിഫ് അലി, സിജു വില്‍സണ്‍, അമിത് ചക്കാലക്കല്‍ എന്നീ താരങ്ങള്‍ കഴിഞ്ഞ ഫെബ്രുവരിയിൽ അവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടിരുന്നു. വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിന്‍റെ ടീസര്‍ 16ദശലക്ഷത്തിലധികം വ്യൂസ് നേടി ജനഹൃദയം കീഴടക്കി.

"മഡ്‌ഡി തീർത്തും ഒരു തീയേറ്റർ എക്സ്പീരിയൻസ് മൂവിയാണ്. ആവേശം നിറഞ്ഞ അതിസാഹസിക രംഗങ്ങളും, ത്രസിപ്പിക്കുന്ന വിഷ്വൽ -ഓഡിയോ അനുഭവവുമൊക്കെ അതിന്‍റെ ഭംഗി ചോരാതെ കൃത്യമായി പ്രേക്ഷകരിൽ എത്തിക്കുന്നതിനായിയാണ് ഇത്രനാൾ കാത്തിരുന്നത്. മുൻനിര ഒടിടി പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയുള്ളവരിൽ നിന്നും ലഭിച്ച മികച്ച ഓഫറുകൾ നിരസിച്ചാണ് മഡ്‌ഡി ബിഗ് സ്‌ക്രീനിലേക്കെത്തുന്നത്.." -ചിത്രത്തിന്‍റെ സംവിധായകൻ ഡോ പ്രഗഭൽ പറയുന്നു.

കോവിഡ് വ്യാപനത്തോടെ പ്രദർശനം നീണ്ടു പോയ തികച്ചും വ്യത്യസ്തമായ ഈ ചിത്രത്തിനായ് സിനിമ പ്രേമികൾ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. പ്രേക്ഷകരെ ആവേശത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു സാഹസിക ആക്ഷന്‍ ത്രില്ലറാണ് മഡ്ഡി. ഇതുവരെ പുറംലോകം കണ്ടിട്ടില്ലാത്ത മനോഹരവും, അതിസാഹസികവുമായ ലൊക്കേഷനാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും മഡ്ഡി ദൃശ്യവിരുന്നൊരുക്കും.

പി.കെ 7 (PK7) ബാനറില്‍ പ്രേമ കൃഷ്ണദാസാണ് സിനിമ നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങളായ യുവാന്‍, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ഹരീഷ് പേരടി, ഐ.എം.വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍ സുഗത, ശോഭ മോഹന്‍, ഗിന്നസ് മനോജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വാര്‍ത്ത വിതരണം PR 360.

Similar Posts