സിനിമയിൽ കോഴിക്കോടൻ തനിമയുടെ മുഖമായിരുന്നു മാമുക്കോയ: അനുശോചിച്ച് മന്ത്രി മുഹമ്മദ് റിയാസ്
|നാടകത്തിലൂടെ സിനിമയിലെത്തിയ മാമുക്കോയ വ്യത്യസ്തമായ ഹാസ്യ ശൈലിയിലൂടെ സിനിമയിൽ സ്ഥാനമുറപ്പിക്കുകയായിരുന്നു
തിരുവനന്തപുരം: മലയാള സിനിമാലോകത്ത് സ്വതസിദ്ധമായ ശൈലിയിലൂടെ അടയാളപ്പെടുത്തിയ മാമുക്കോയയുടെ വേർപാടിൽ പൊതുമരാമത്ത് - ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അനുശോചനം രേഖപ്പെടുത്തി. സിനിമയിൽ കോഴിക്കോടൻ തനിമയുടെ മുഖമായിരുന്നു മാമുക്കോയ. നാടകത്തിലൂടെ സിനിമയിലെത്തിയ മാമുക്കോയ വ്യത്യസ്തമായ ഹാസ്യ ശൈലിയിലൂടെ സിനിമയിൽ സ്ഥാനമുറപ്പിക്കുകയായിരുന്നുവെന്ന് റിയാസ് പറഞ്ഞു.
അഭിനയത്തിലും ജീവിതത്തിലുമുള്ള സ്വാഭാവികതയാണ് മാമുക്കോയയെ വ്യത്യസ്തനാക്കിയത്. ആ സ്വാഭാവികതയിലൂടെ കഥാപാത്രങ്ങളെ ജീവസുറ്റതാക്കാൻ മാമുക്കോയയിലെ പ്രതിഭയ്ക്ക് കഴിഞ്ഞു. മനസിൽ എന്നെന്നും നിലനിൽക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾ അദ്ദേഹം അടയാളപ്പെടുത്തി. കലാ സാംസ്കാരിക മേഖലയ്ക്ക് തീരാനഷ്ടമാണ് ഈ വേർപാട്. കലാ ലോകത്തിൻ്റെയും കുടുംബാംഗങ്ങലുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും മന്ത്രി പറഞ്ഞു.
ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നടന നാട്യങ്ങളൊന്നുമില്ലാതെ, കോഴിക്കോടൻ ഭാഷയുടെ സൗന്ദര്യം കൊണ്ടും ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടികൾ കൊണ്ടും സ്‌ക്രീനിനെ ത്രസിപ്പിച്ചു നിർത്തിയ പതിറ്റാണ്ടുകൾ നീണ്ട കലാജീവിതത്തിനാണ് അന്ത്യമായത്. മലപ്പുറം കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ കഴിഞ്ഞ ദിവസമാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുതൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.