'ഭർത്താവിന്റെ സ്വകാര്യദൃശ്യങ്ങൾ പുറത്തുവിട്ടു'; ബോളിവുഡ് താരം രാഖി സാവന്തിന് ജാമ്യം നിഷേധിച്ച് കോടതി
|അശ്ലീലം മാത്രമല്ല, നഗ്നത പ്രദർശിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ കൂടിയാണു നടി പുറത്തുവിട്ടതെന്നു കോടതി ചൂണ്ടിക്കാട്ടി
മുംബൈ: ബോളിവുഡ് താരം രാഖി സാവന്തിന്റെ മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി. അകന്നുകഴിയുന്ന ഭർത്താവ് ആദിൽ ദുറാനി നൽകിയ പരാതിയിലാണു നടപടി. സ്വകാര്യദൃശ്യങ്ങൾ പുറത്തുവിട്ടെന്ന് ആരോപിച്ചായിരുന്നു ആദിൽ നടിക്കെതിരെ പരാതി നൽകിയത്.
ദിൻദോഷി അഡിഷനൽ സെഷൻസ് ജഡ്ജി ശ്രീകാന്ത് വൈ ഭോസാലെയാണ് രാഖിയുടെ ജാമ്യാപേക്ഷ തള്ളിയത്. ജനുവരി എട്ടിനു വന്ന കോടതിവിധിയുടെ വിശദാംശങ്ങൾ ഇന്നാണു പുറത്തുവന്നത്. അംബോളി പൊലീസ് സ്റ്റേഷനിലാണ് ആദിൽ പരാതി നൽകിയത്. തന്നെ അപമാനിക്കാനായി വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ സ്വകാര്യദൃശ്യങ്ങൾ പുറത്തുവിട്ടെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഐ.ടി നിയമപ്രകാരമാണു നടിക്കെതിരെ അംബോളി പൊലീസ് കേസെടുത്തത്. നടിയെ അറസ്റ്റ് ചെയ്യാൻ നീക്കം നടക്കുന്നതിനിടെയാണ് അഭിഭാഷകൻ അലി കാഷിഫ് ഖാൻ ദേശ്മുഖ് മുഖേനെ രാഖി ദിൻദോഷി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. തന്നെ പീഡിപ്പിക്കുകയും വേട്ടയാടുകയും ചെയ്യാനായി തനിക്കെതിരെ കള്ളക്കേസുണ്ടാക്കിയിരിക്കുകയാണെന്ന് ജാമ്യഹരജിയിൽ നടി വാദിച്ചു.
എന്നാൽ, അശ്ലീലം മാത്രമല്ല, നഗ്നത പ്രദർശിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് നടി പുറത്തുവിട്ടതെന്നു കോടതി ചൂണ്ടിക്കാട്ടി. വസ്തുതകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ പരാതിക്കാരിക്കു ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.
ഏതാനും മാസങ്ങളായി അകന്നുകഴിയുന്ന രാഖിയും ആദിലും പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായും സോഷ്യൽ മീഡിയയിൽ സജീവമാണ്.
Summary: Mumbai Court denies bail to Rakhi Sawant in case filed by estranged husband Adil Durrani for 'leaking' private videos