Entertainment
സ്വന്തമായി ചെയ്യാനറിയില്ല, അതുകൊണ്ട് അടിച്ചുമാറ്റിയെന്ന് പച്ച സംസ്‌കൃതത്തില്‍ പറയാം: കാന്താരയ്ക്കെതിരെ ബിജിബാല്‍
Entertainment

'സ്വന്തമായി ചെയ്യാനറിയില്ല, അതുകൊണ്ട് അടിച്ചുമാറ്റിയെന്ന് പച്ച സംസ്‌കൃതത്തില്‍ പറയാം': കാന്താരയ്ക്കെതിരെ ബിജിബാല്‍

Web Desk
|
25 Oct 2022 9:16 AM GMT

കാന്താര ടീമിനെതിരെ നിയമ നടപടിയെടുക്കുമെന്ന് തൈക്കുടം ബ്രിഡ്ജ് വ്യക്തമാക്കിയിട്ടുണ്ട്

കാന്താര എന്ന സൂപ്പര്‍ഹിറ്റ് സിനിമയില്‍ തങ്ങളുടെ ഗാനം കോപ്പിയടിച്ചെന്ന മ്യൂസിക് ബാന്‍ഡ് തൈക്കുടം ബ്രിഡ്ജിന്‍റെ അവകാശവാദത്തിന് പിന്തുണയുമായി സംഗീത സംവിധായകന്‍ ബിജിബാല്‍. രൂക്ഷമായ വിമര്‍ശനമാണ് ബിജിബാല്‍ ഫേസ് ബുക്കില്‍ നടത്തിയത്.

"സ്വന്തമായി ചെയ്യാനറിയില്ല, അതുകൊണ്ട് ബോധമുള്ളവര്‍ അധ്വാനിച്ച് ചെയ്തത് അടിച്ചുമാറ്റി എന്ന് പച്ച സംസ്‌കൃതത്തില്‍ പറഞ്ഞാല്‍ മതിയല്ലോ" എന്നാണ് ബിജിബാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. #thaikudambridge #kantaramovie എന്നീ ഹാഷ്ടാഗുകളും ഒപ്പം ചേര്‍ത്തിട്ടുണ്ട്.

തൈക്കുടം ബ്രിഡ്ജിന്റെ 'നവരസം' എന്ന ഗാനം കോപ്പിയടിച്ചാണ് കാന്താര സിനിമയിലെ 'വരാഹ രൂപം' ചെയ്തത് എന്നാണ് ആരോപണം. കാന്താര ടീമിനെതിരെ നിയമ നടപടിയെടുക്കുമെന്ന് തൈക്കുടം ബ്രിഡ്ജ് വ്യക്തമാക്കിയിട്ടുണ്ട്-

"കാന്താര എന്ന ചിത്രവുമായി തൈക്കുടം ബ്രിഡ്ജ് യാതൊരു വിധത്തിലും ബന്ധപ്പെട്ടിട്ടില്ല. ചിത്രത്തിലെ വരാഹ രൂപം എന്ന ഗാനത്തിന് ബാൻഡിന്റെ നവരസം എന്ന ഗാനവുമായി അഭേദ്യമായ സാമ്യമുണ്ട്. അതുകൊണ്ട് തന്നെ പകർപ്പവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നത്. പ്രചോദനമാകുന്നതും അതേപടി പകർത്തുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുള്ളതിനാൽ ഇതിനെതിരെ നിയമപരമായി മുന്നോട്ട് നീങ്ങാനാണ് തീരുമാനം. ഗാനത്തിന് ബാൻഡിന്റേതായ യാതൊരു അംഗീകാരവും നൽകിയിട്ടില്ല എന്ന് മാത്രമല്ല, ഗാനം ഒറിജിനൽ പതിപ്പ് എന്ന രീതിയിലാണ് അണിയറ പ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്. ഗാനങ്ങളുടെ പകർപ്പവകാശം സംരക്ഷിക്കുന്നതിനായി എല്ലാവരുടെയും പിന്തുണ അഭ്യർഥിക്കുകയാണ്. ഇതുവരെ കൂടെ നിന്നതുപോലെ ഇനിയും പിന്തുണയ്ക്കണം".

കാന്താരയിലെ ഗാനം പുറത്തിറങ്ങിയത് മുതൽ തന്നെ കോപ്പിയടി ആരോപണം ഉയർന്നിരുന്നു. എന്നാൽ കോപ്പി അടിച്ചിട്ടില്ലെന്നും ഒരേ രാഗമായതിനാൽ തോന്നുന്നതാണെന്നുമായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ ബി.അജനീഷിന്റെ പ്രതികരണം.

Similar Posts