Entertainment
Musician Ilayarajas reaction when his son Yuvan Shankar Raja converted to Islam
Entertainment

'ദിവസവും 5 നേരം നമസ്‌കരിക്കുന്നയാളെ എന്തിന് തടയണം?'; യുവൻ ഇസ്‍ലാം സ്വീകരിച്ചപ്പോള്‍ ഇളയരാജയുടെ പ്രതികരണം

Web Desk
|
16 Oct 2024 10:13 AM GMT

അമ്മയുടെ മരണത്തെ തുടര്‍ന്നുള്ള അന്വേഷണമാണ് തന്നെ ഇസ്‍ലാമിലെത്തിച്ചതെന്ന് യുവന്‍ ശങ്കര്‍ രാജ

ചെന്നൈ: തെന്നിന്ത്യൻ സിനിമാ ഇൻഡസ്ട്രിയിലെ യുവ ജനപ്രിയ സംഗീതജ്ഞരിൽ ഒരാളാണ് യുവൻ ശങ്കർ രാജ. ഏറ്റവുമൊടുവിൽ വിജയ് ചിത്രം 'ഗോട്ടി'ലെ പാട്ടുകളും പശ്ചാത്തല സംഗീതവുമെല്ലാം വലിയ തരംഗമായിരുന്നു. 2014ലാണ് യുവൻ ഇസ്‌ലാം മതം സ്വീകരിക്കുന്നത്. ഇപ്പോഴിതാ മതംമാറ്റത്തിലേക്കു നയിച്ച കാരണങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ഇളയരാജയുടെ മകൻ കൂടിയായ യുവൻ.

'ഗലാട്ട തമിഴ്' യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്. അമ്മ മരിച്ച ശേഷം അനാഥനായ കുട്ടിയെ പോലെ അലയുകയായിരുന്നു താനെന്ന് യുവൻ പറയുന്നു. സ്വപ്‌നത്തിൽ ഇടയ്ക്കിടെ അമ്മ വരുമായിരുന്നു. ഇതോടെ അമ്മ എവിടെയാകുമെന്ന അന്വേഷണത്തിലും ആലോചനയിലുമായി. ഈ അന്വേഷണമാണു തന്നെ ഇസ്‌ലാമിലെത്തിച്ചതെന്ന് യുവൻ വെളിപ്പെടുത്തി.

'എല്ലാത്തിനും ഞാൻ അമ്മയെയാണ് ആശ്രയിച്ചിരുന്നത്. പെട്ടെന്നൊരുനാൾ അവർ ഇല്ലാതായതോടെ അനാഥനായി മാറി ഞാൻ. അമ്മയുടെ വിയോഗത്തിനു പിന്നാലെ ഞാൻ കടുത്ത മദ്യപാനിയായി മാറി. അതുവരെയും പാർട്ടികൾക്ക് പോയാലും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാറുണ്ടായിരുന്നില്ല. ആ സമയത്തെല്ലാം അമ്മ എവിടെയാണെന്ന അന്വേഷണത്തിലായിരുന്നു ഞാൻ. പെട്ടെന്നൊരുനാളാണ് ഒരു വിളിയാളം പോലെ എനിക്ക് ഉത്തരം കിട്ടുന്നത്. എല്ലാം മുകളിൽനിന്ന് ഒരാൾ എഴുതിവച്ചിട്ടുണ്ടെന്നും ചുറ്റും നടക്കുന്നതൊന്നുമല്ല സംഗതികളെന്നുമുള്ള ബോധോദയമുണ്ടായി. അങ്ങനെയാണ് ഇപ്പോഴത്തെ സെൻ മോഡിലേക്ക് ഞാൻ മാറിയത്.'

ഇസ്‌ലാമാണ് തനിക്ക് ഇത്തരമൊരു പാഠം പകർന്നുതന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇസ്‌ലാം സ്വീകരിച്ചപ്പോൾ അച്ഛൻ(ഇളയരാജ) എതിർത്തില്ല. ദിവസവും അഞ്ചുനേരം നമസ്‌കരിക്കുകയും ദൈവത്തോട് പ്രാർഥിക്കുകയും ചെയ്യുന്ന ഒരാളെ എന്തിനു തടയണമെന്നായിരുന്നു അച്ഛന്റെ പ്രതികരണമെന്നും യുവൻ പറഞ്ഞു.

തമിഴ് സിനിമയിൽ 'ബിജിഎം കിങ്' എന്ന പേരില്‍ ജനപ്രിയനായ സംഗീതജ്ഞനാണ് യുവൻ ശങ്കർ രാജ അറിയപ്പെടുന്നത്. തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലുമായി 170ലേറെ സിനിമകളിൽ സംഗീത സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. 2014ൽ മതംമാറിയ ശേഷം അബ്ദുൽ ഹാലിഖ് എന്ന പേര് സ്വീകരിച്ചു. സംഗീതരംഗത്ത് പ്രൊഫഷനൽ നാമമായ യുവൻ ശങ്കർ രാജ എന്നു തന്നെ തുടരുകയും ചെയ്തു. 2015 ജനുവരിയിലാണ് സാഫ്രൂൺ നിസാറിനെ വിവാഹം കഴിക്കുന്നത്.

Summary: 'Why I stop someone who prays 5 times a day?'; Musician Ilayaraja's reaction when his son Yuvan Shankar Raja converted to Islam

Similar Posts