Entertainment
സാമന്തയും നാഗചൈതന്യയും വേർപിരിഞ്ഞതിനു പിന്നിൽ ബിആർഎസ് നേതാവ്; തെലങ്കാന മന്ത്രിയുടെ അപകീർത്തി പരാമർശത്തിനെതിരെ പരാതി നൽകി നടൻ നാഗാർജുന
Entertainment

'സാമന്തയും നാഗചൈതന്യയും വേർപിരിഞ്ഞതിനു പിന്നിൽ ബിആർഎസ് നേതാവ്'; തെലങ്കാന മന്ത്രിയുടെ അപകീർത്തി പരാമർശത്തിനെതിരെ പരാതി നൽകി നടൻ നാഗാർജുന

Web Desk
|
3 Oct 2024 6:12 PM GMT

വനം മന്ത്രി സുരേഖ നടത്തിയ ആരോപണങ്ങൾ തന്നെയും കുടുംബത്തേയും അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് നടൻ പരാതി നൽകിയത്

ഹൈദരാബാദ്: തെലങ്കാന മന്ത്രിക്കെതിരെ മാനനഷ്ടത്തിന് പരാതി നൽകി നടൻ നാഗാർജുന. വനം വകുപ്പ് മന്ത്രി കൊണ്ട സുരേഖ നടത്തിയ ആരോപണങ്ങൾ തന്നെയും കുടുംബത്തേയും അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് നടൻ പരാതി നൽകിയത്. തെന്നിന്ത്യൻ താരം സാമന്ത റുത്ത് പ്രഭുവും നാഗാർജുനയുടെ മകനുമായ നാഗചൈതന്യയും തമ്മിലുള്ള വിവാഹമോചനം സംബന്ധിച്ച് മന്ത്രി നടത്തിയ പരാമർശത്തിനെതിരെയാണ് നടൻ രം​ഗത്തുവന്നത്. ഇരുവരും വിവാഹമോചിതരായതിന് പിന്നിൽ തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകനും ബിആർഎസ് നേതാവുമായ കെ.ടി രാമറാവുവിന് (കെടിആർ) പങ്കുണ്ടെന്നായിരുന്നു കൊണ്ട സുരേഖയുടെ ആരോപണം.

കെടിആർ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും നടിമാരുടെ ഫോണുകൾ ചോർത്തി ബ്ലാക് മെയിൽ ചെയ്തെന്നും കാെണ്ടര സുരേഖ ആരോപിച്ചിരുന്നു. നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള എൻ-കൺവെൻഷൻ പൊളിച്ചുമാറ്റുന്നതിനു പകരമായി സാമന്തയെ താൻ സംഘടിപ്പിക്കുന്ന ലഹരി പാർട്ടിയിലേക്ക് അയയ്ക്കണമെന്ന് കെടിആർ ആവശ്യപ്പെട്ടെന്നും ഇത് സാമന്ത വിസമ്മതിച്ചത് ഇരുവരും തമ്മിലുളള തർക്കത്തിനും പിന്നീട് വിവാഹമോചനത്തിലേക്ക് നയിച്ചെന്നും മന്ത്രി പറഞ്ഞു.

പ്രസ്താവനക്കു പിന്നാലെ മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി നിരവധി പേർ രം​ഗത്തു വന്നിരുന്നു. ഇതിനു പിന്നാലെ പരാമർശം പിൻവലിക്കുന്നതായി സുരേഖ എക്‌സിൽ കുറിച്ചിരുന്നു. അതേസമയം സുരേഖയുടെ പരാമർശത്തിൽ കെടിആർ വക്കീൽ നോട്ടീസയച്ചിരുന്നു. അപകീർത്തിപരമായ പരാമർശം പിൻവലിച്ച് 24 മണിക്കൂറിനുള്ളിൽ മാപ്പ് പറയണമെന്നായിരുന്നു കെടിആറിന്റെ ആവശ്യം.

സുരേഖയുടെ പരാമർശത്തിനെതിരെ സാമന്തയും നാഗചൈതന്യയും രംഗത്തെത്തിയിരുന്നു. വിവാഹമോചനം വ്യക്തിപരമായ കാര്യമാണെന്നും മന്ത്രിയുടെ പരാമർശങ്ങൾ പരിഹാസ്യമാണെന്നും അംഗീകരിക്കാൻ സാധിക്കില്ലെന്നും ഇരുവരും പറഞ്ഞു. വിവാഹമോചനം പരസ്പര സമ്മതത്തോടെയും സൗഹാർദപരവുമായിരുന്നുവെന്നും ഇരുവരും കൂട്ടുച്ചേർത്തു.

Similar Posts